തിരുവനന്തപുരം∙ ഭരതനാട്യത്തിനും മോഹിനിയാട്ടത്തിനും സ്പെഷൽ ഇഫക്ട് പാടില്ല, കുച്ചിപ്പുടിയിൽ സംസാരത്തിനു പകരം ചുണ്ടനക്കാനേ പാടുള്ളൂ എന്നിവയുൾപ്പെടെ നിർദേശങ്ങളോടെ സംസ്ഥാന സ്കൂൾ കലോൽസവ മാന്വൽ വീണ്ടും പരിഷ്കരിച്ചു.
എല്ലാ മൽസരാർഥികളുടെയും പ്രകടനത്തെക്കുറിച്ചു വിധികർത്താക്കൾ മാർക്കിനു പുറമെ അഭിപ്രായം കൂടി എഴുതി സ്റ്റേജ് മാനേജർമാർക്കു നൽകണം. സംഘനൃത്തത്തിൽ ആഡംബരം ഒഴിവാക്കണം, എല്ലാ കുട്ടികളും ആദ്യാവസാനം പങ്കെടുക്കുകയും വേണം. കേരളനടനത്തിൽ ഇലത്താളം, കുഴിത്താളം, ഇടയ്ക്ക, മദ്ദളം, ഓടക്കുഴൽ, വയലിൻ, വീണ എന്നിവ ഉപയോഗിക്കാം. ചെണ്ട കഥാസന്ദർഭത്തിനനുസരിച്ചു മാത്രം.
കഥകളി സംഗീതത്തിനു ചേങ്ങിലയും ശ്രുതിപ്പെട്ടിയും ഉപയോഗിക്കാം. പരിചമുട്ടിൽ വേഷം, ഭക്തി, താളം, ചുവട്, രൗദ്രം എന്നിവയ്ക്ക് 20 മാർക്ക് വീതം നൽകും. സ്റ്റീലിൽ നിർമിച്ച വാൾ അപകടങ്ങൾക്കിടയാക്കുന്നതിനാൽ തകിടിന്റെയോ ഇരുമ്പിന്റെയോ വാൾ ഉപയോഗിക്കാമെന്നും നിർദേശിച്ചിട്ടുണ്ട്.