നിയമസഭയിലെ ‘സർ’ വിളി ഒഴിവാക്കേണ്ടത്: സ്പീക്കർ

മലപ്പുറം ∙ നിയമസഭയിൽ സ്പീക്കറെ ‘സർ’ എന്നു വിളിക്കേണ്ടതില്ലെന്നാണ് തന്റെ അഭിപ്രായമെന്ന് പി.ശ്രീരാമകൃഷ്ണൻ. പുട്ടിനു തേങ്ങ ഇടുന്നതുപോലെയാണ് ചിലരുടെ സർ വിളികൾ. ചിലർക്ക് ഇടയ്ക്കിടെ സർ എന്നു വിളിക്കാതെ സഭയിൽ സംസാരിക്കാനാകില്ലെന്ന അവസ്ഥയാണ്. അനുയോജ്യമായ മലയാളം പദം കണ്ടെത്തിയാൽ പരിഗണിക്കാം. തെലങ്കാനയിൽ സ്പീക്കറെ സർ എന്നു വിളിക്കുന്നത് ഒഴിവാക്കിയിട്ടുണ്ട്.

ഭരണപക്ഷവും പ്രതിപക്ഷവും പരിധിവിട്ട് ഏറ്റുമുട്ടുന്നത് ഒഴിവാക്കാനാണ് നിയമസഭയിൽ സ്പീക്കറെ അഭിസംബോധന ചെയ്തു സംസാരിക്കുന്ന രീതി വന്നത്. അതു തുടരേണ്ടതാണ്. സ്പീക്കറോടു സംസാരിക്കുന്നതിനു പകരം ഭരണ–പ്രതിപക്ഷ അംഗങ്ങൾ നേരിട്ട് ഏറ്റുമുട്ടിയാൽ അത് കയ്യാങ്കളിയിലെത്തുമെന്നും ശ്രീരാമകൃഷ്ണൻ മലപ്പുറത്ത് പറഞ്ഞു.