കൊച്ചി ∙ സ്വവർഗ ബന്ധം നിയമപരമാണെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ജീവിത പങ്കാളിയായ യുവതിക്കൊപ്പം ഒന്നിച്ചു ജീവിക്കാൻ അനുമതി തേടി മറ്റൊരു സ്ത്രീയുടെ ഹേബിയസ് കോർപസ് ഹർജി ഹൈക്കോടതിയിൽ.
തനിക്കൊപ്പം ജീവിക്കാൻ ആഗ്രഹിക്കുന്ന യുവതിയെ മാതാപിതാക്കളുടെ അന്യായ തടങ്കലിൽ നിന്നു വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടു കൊല്ലം വെസ്റ്റ് കല്ലട സ്വദേശിനിയാണു ഹൈക്കോടതിയിലെത്തിയത്.
കോടതി നിർദേശപ്രകാരം ഹാജരാക്കപ്പെട്ട യുവതിക്കു സ്വന്തം താൽപര്യപ്രകാരം ജീവിക്കാൻ അനുമതി നൽകി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.
പ്രായപൂർത്തിയായ സമാന ലിംഗക്കാർ ജീവിതം പങ്കിടുന്നതു നിയമവിധേയമാണെന്ന സമീപകാല സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടിയാണു നാൽപതുകാരിയുടെ ഹർജി.
തിരുവനന്തപുരം വട്ടവിള സ്വദേശിനിയായ പങ്കാളിക്ക് 24 വയസുണ്ടെന്നും വേർപിരിയാനാവാത്തതിനാൽ ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ചതാണെന്നും ഹർജിക്കാരി പറയുന്നു. വീടുവിട്ടിറങ്ങിയ യുവതി കൊല്ലം റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ അമ്മയെ ഫോണിൽ വിളിച്ചു വിവരം പറഞ്ഞു.
വീട്ടുകാർ പൊലീസിൽ പരാതി നൽകിയതിനെ തുടർന്നു യുവതിയെ നെയ്യാറ്റിൻകര മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി. കോടതി യുവതിയെ സ്വതന്ത്രയാക്കി വിട്ടു.
എന്നാൽ, കോടതിയിൽ നിന്നു പുറത്തേക്കു വരുമ്പോൾ വീട്ടുകാർ ബലംപ്രയോഗിച്ചു പിടിച്ചുകൊണ്ടുപോയെന്നാണ് ആക്ഷേപം. പിന്നീട് മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച യുവതിയെ താൻ അവിടെച്ചെന്നു കണ്ടതായി ഹർജിക്കാരി ബോധിപ്പിച്ചു.
ആശുപത്രിയിൽ നിന്നു യുവതി തനിക്കൊപ്പം വരാൻ തയാറായെങ്കിലും കോടതി ഉത്തരവു ഹാജരാക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. വീട്ടുകാർ യുവതിയെ അന്യായമായി തടഞ്ഞുവച്ചു മാനസികവും ശാരീരികവുമായി പീഡിപ്പിക്കുകയാണെന്നും ജീവനു ഭീഷണിയുണ്ടെന്നും ആരോപിച്ചാണു ഹർജി.