കൊച്ചി ∙ ജീവിതം പങ്കിടാൻ സ്ത്രീകളെ അനുവദിച്ചുകൊണ്ടുള്ള കേരള ഹൈക്കോടതിയുടെ സുപ്രധാന ഹേബിയസ് കോർപസ് ഉത്തരവിനു ബലമായതു സുപ്രീംകോടതിയുടെ സമീപകാല വിധികൾ. ലെസ്ബിയൻ ബന്ധം അംഗീകരിച്ചുകൊണ്ടുള്ള ഹേബിയസ് ഉത്തരവ് രാജ്യത്തു തന്നെ ആദ്യമാണ്. സ്വവർഗ ബന്ധം നിയമപരമാണെന്ന സുപ്രീംകോടതി വിധി ഉൾപ്പെടെ ആധാരമാക്കി ഹൈക്കോടതി പുറപ്പെടുവിച്ച വിധിയുടെ വിശദാംശങ്ങൾ പുറത്തുവന്നു.
തനിക്കൊപ്പം ജീവിക്കാൻ ആഗ്രഹിക്കുന്ന തിരുവനന്തപുരം സ്വദേശി അരുണയെ മാതാപിതാക്കളുടെ കസ്റ്റഡിയിൽ നിന്നു വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടു കൊല്ലം വെസ്റ്റ് കല്ലട സ്വദേശി എസ്. ശ്രീജയാണു ഹർജി നൽകിയത്. അരുണയുടെ താൽപര്യം ചോദിച്ചറിഞ്ഞ കോടതി ശ്രീജക്കൊപ്പം പോകാൻ അനുവദിച്ചു.
വിധിക്കു പിന്നിലെ സുപ്രീംകോടതി വിധികൾ: 2018 ൽ സുപ്രീംകോടതിയിൽ നിന്നുണ്ടായ 4 വിധികളാണു ഹൈക്കോടതി നടപടികൾക്ക് ആധാരമായത്. 1. പ്രായപൂർത്തിയായ സമാന ലിംഗക്കാർ ജീവിതം പങ്കിടുന്നതു നിയമവിധേയമാണെന്ന ‘നവ്തേജ് സിങ് ജൊഹാർ കേസ്’ വിധി. 2. പ്രായപൂർത്തിയായ വ്യക്തിയുടെ സ്വാതന്ത്ര്യം ഹനിക്കാനാവില്ലെന്നും സ്വയം തീരുമാനമെടുക്കാൻ അർഹതയുണ്ടെന്നുമുള്ള ‘സോണി ജെറി കേസ്’ വിധി. 3. പ്രായപൂർത്തിയായവർക്കു വിവാഹം കഴിക്കാതെയും പങ്കാളികളായി ഒന്നിച്ചു ജീവിക്കാൻ അവകാശമുണ്ടെന്ന ‘നന്ദകുമാർ കേസ്’ വിധി. 4. വ്യക്തികളുടെ സ്വതന്ത്ര തീരുമാനം ആരാഞ്ഞ് അന്യായ തടങ്കലിൽ നിന്നു മോചിപ്പിക്കുകയാണു ഹേബിയസ് ഹർജികളിൽ കോടതികൾ ചെയ്യേണ്ടതെന്ന ഷഫിൻ ജഹാൻ കേസ് വിധി.
ഹൈക്കോടതി പറഞ്ഞത്
ഭരണഘടന ഉറപ്പു നൽകുന്ന സ്വാതന്ത്ര്യം സാമൂഹിക, ധാർമിക മൂല്യങ്ങൾക്കു മീതെയാണെന്നു സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ സ്വവർഗ ബന്ധത്തിന്റെ നിയമസാധുത പരിശോധിക്കേണ്ടതില്ല. സമ്മതത്തോടെയുള്ള പ്രകൃതിവിരുദ്ധ ലൈംഗികതയും കുറ്റകരമല്ല. കക്ഷികൾക്കു പ്രായപൂർത്തിയായതിനാൽ താൽപര്യത്തിനു വിരുദ്ധമായി തടഞ്ഞുവച്ചിട്ടുണ്ടെങ്കിൽ സ്വതന്ത്രമാക്കുക എന്നതേ ഹേബിയസ് ഹർജിയിൽ ചെയ്യേണ്ടതുള്ളൂ– ജസ്റ്റിസ് സി. കെ. അബ്ദുൽ റഹിം, ജസ്റ്റിസ് ആർ. നാരായണ പിഷാരടി എന്നിവരുൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി.
ഹർജിയുടെ പശ്ചാത്തലം
ശ്രീജക്കൊപ്പം ജീവിക്കാൻ വീടുവിട്ടിറങ്ങിയ അരുണയെ വീട്ടുകാരുടെ പരാതിയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കോടതി അവരെ സ്വതന്ത്രയാക്കിയെങ്കിലും വീട്ടുകാർ ബലംപ്രയോഗിച്ചു കൊണ്ടുപോയെന്നാണ് ആക്ഷേപം. പിന്നീട് മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച അരുണയെ അവിടെച്ചെന്നു താൻ കണ്ടതായി ശ്രീജ ഹർജിയിൽ പറയുന്നു. ആശുപത്രിയിൽ നിന്ന് അരുണ തനിക്കൊപ്പം വരാൻ തയാറായെങ്കിലും ആശുപത്രി അധികൃതർ കോടതി ഉത്തരവു ഹാജരാക്കാൻ ആവശ്യപ്പെട്ടു.