Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയത്തെ അതിജീവിക്കുന്ന വീടുമായി ജി.ശങ്കർ; നിർമാണ ചെലവ് അഞ്ചുലക്ഷം രൂപ

g-shankar-flood-house ആർക്കിടെക്ട് ജി.ശങ്കർ നിർമിച്ച വീട്.

തിരുവനന്തപുരം∙ പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിനു വഴികാട്ടിയായി പ്രളയത്തെ അതിജീവിക്കാൻ കഴിയുന്ന അഞ്ചുലക്ഷം രൂപയുടെ വീടുമായി ആർക്കിടെക്ട് ജി.ശങ്കർ. ജഗതി ഡിപിഐ ജംക്‌ഷനിൽ പൊലീസ് ഗെസ്റ്റ് ഹൗസ് കോംപൗണ്ടിലെ ഒരു സെന്റ് സ്ഥലത്താണു ശങ്കറിന്റെ നേതൃത്വത്തിലുള്ള ഹാബിറ്റാറ്റ് ഗ്രൂപ്പ് 23 ദിവസം കൊണ്ട് ആദ്യ മാതൃകയുടെ പണി പൂർത്തിയാക്കിയത്.

മൂന്നു നിലകളിലായാണ് 495 ചതുരശ്ര അടിയുള്ള വീട് നിർമിച്ചിരിക്കുന്നത്. സംസ്കരിച്ച മുളയും ഓടും ഉപയോഗിച്ചുണ്ടാക്കിയ കോൺക്രീറ്റ് തൂണുകളിലാണു വീട് പണിതുയർത്തിയത്. ആറടിയോളം ഉയരമുള്ള താഴത്തെ നില ഒഴിച്ചിട്ടിരിക്കുകയാണ്. ആവശ്യാനുസരണം ഈ ഭാഗം പാർക്കിങ്ങിനോ തൊഴുത്തായോ പഠനമുറിയായോ മാറ്റിയെടുക്കാം. ഒന്നാംനിലയിൽ സ്വീകരണമുറിയും അടുക്കളയും കിടപ്പുമുറിയും ശുചിമുറിയും. രണ്ടാംനിലയിൽ ഒരു കിടപ്പുമുറി. വീട്ടുകാർക്ക് ആവശ്യമുണ്ടെങ്കിൽ ഈ മുറി വലുതാക്കുകയോ രണ്ടു മുറികൾ കൂടി നിർമിക്കുകയോ ചെയ്യാവുന്ന രീതിയിൽ ടെറസ് ഒഴിച്ചിട്ടിരിക്കുന്നു. ദുരന്തസമയത്തു രക്ഷാപ്രവർത്തനത്തിനുള്ള സൗകര്യം കൂടി കണക്കിലെടുത്താണിത്.

മണ്ണ് കൊണ്ടുണ്ടാക്കിയ ഇന്റർലോക്ക് ഇഷ്ടികകൾ കൊണ്ടാണു ഭിത്തികൾ. വെള്ളം കെട്ടിനിന്നു ചുമരുകൾക്കു കേടുപാടുണ്ടാകാതിരിക്കാൻ പത്തടി ഉയരത്തിൽ വരെ സിമന്റ് ഉപയോഗിച്ചു പ്ലാസ്റ്റർ ചെയ്തു. പഴയ ഓട്, ചിരട്ട, സംസ്കരിച്ച മുള എന്നിവയാണ് വാർക്കാൻ ഉപയോഗിച്ചത്. ചെലവ് കുറയ്ക്കാനായി തറയോടിനു പകരം സെറമിക് ടൈലുകൾ. പെയിന്റിങ് ഉൾപ്പെടെ ഇതുവരെ ചെലവായത് 4.75 ലക്ഷം രൂപ.

സൂനാമിയും ഭൂകമ്പവും ഉൾപ്പെടെയുള്ള ദുരന്തമേഖലകളിൽ പ്രവർത്തിച്ച അനുഭവത്തിന്റെ അടിസ്ഥാനത്തിലാണു വീടിന്റെ രൂപകൽപന നിർവഹിച്ചതെന്നു ശങ്കർ പറഞ്ഞു. പ്രളയത്തിനുശേഷം ഈ മാസം ഏഴിനാണു വീടിന്റെ പണി തുടങ്ങിയത്. മറ്റേതു വീടിനെയും പോലെയുള്ള ആയുസ്സ് ഈ വീടിനുണ്ടാകുമെന്നും ശങ്കറിന്റെ ഉറപ്പ്.