ഒ.കെ.വാസുവിനു തുടരാൻ മലബാർ ദേവസ്വം ബോർഡ് നിയമം മാറ്റുന്നു

ഒ.കെ. വാസു.

കൊച്ചി∙ ബിജെപി വിട്ടു സിപിഎമ്മിലെത്തിയ ഒ.കെ.വാസുവിനു വേണ്ടി മലബാർ ദേവസ്വം ബോർഡ് നിയമം ഭേദഗതി ചെയ്യുന്നു. ഒ.കെ.വാസുവിനു ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്തു തുടരുന്നതിനു വേണ്ടിയാണു ഭേദഗതി.

ഒ.കെ.വാസുവിന്റെയും സിപിഐ നോമിനി പി.പി.വിമലയുടെയും ബോർഡ് അംഗത്വ കാലാവധി 16ന് അവസാനിക്കും. ബോർഡ് അംഗത്തെ രണ്ടുവട്ടം തുടർച്ചയായി നാമനിർദേശം ചെയ്യുന്നതിന് നിലവിലെ നിയമം അനുവദിക്കുന്നില്ല. ഇതു മറികടക്കാനാണു ഭേദഗതി. ബോർഡ് ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിലൊരു ഭേദഗതി കൊണ്ടുവരുന്നത്.

സിപിഎമ്മിന്റെ ക്ഷേത്രജീവനക്കാരുടെ സംഘടനയുടെ കനത്ത പ്രതിഷേധത്തിനിടെ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ യോഗം ഭേദഗതിയുടെ കരട് അംഗീകരിച്ചു. ഓർഡിൻസ് പുറപ്പെടുവിക്കാൻ ഗവർണറോടു ശുപാർശ ചെയ്യാനും തീരുമാനിച്ചു.

മുൻപു ബിജെപി ജില്ലാ പ്രസിഡന്റ് ആയിരുന്ന ഒ.കെ.വാസുവിനെ സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജൻ ഇടപെട്ടാണു പാർട്ടിയിലേക്കു കൊണ്ടു വന്നത്. ബിജെപിയിൽ നിന്നു പ്രവർത്തകരെ സിപിഎമ്മിലെത്തിച്ചിട്ടുണ്ടെന്നും അതിനാൽ കാലാവധി നീട്ടി നൽകണമെന്നുമുള്ള സിപിഎം കണ്ണൂർ ലോബിയുടെ സമ്മർദത്തെ ത്തുടർന്നാണു നിയമം ഭേദഗതി ചെയ്യാൻ സർക്കാർ തീരുമാനിച്ചത്.

യോഗ്യരായ വ്യക്തികളെ വീണ്ടും അംഗമാക്കാൻ ഉദ്ദേശിച്ചാണു ഭേദഗതിയെന്നാണു സർക്കാർ വിശദീകരണം. എന്നാൽ യോഗ്യരായ ഒട്ടേറെ പേർ സിപിഎമ്മിൽ തന്നെ ഉണ്ടായിരിക്കെ ഒ.കെ.വാസുവിനു വേണ്ടി നിയമം ഭേദഗതി ചെയ്യുന്നതിലാണു ക്ഷേത്ര ജീവനക്കാരുടെ എതിർപ്പ്. ക്ഷേത്ര ജീവനക്കാരുടെ ദുരവസ്ഥ പരിഹരിക്കാൻ പ്രത്യേക കമ്മിറ്റി സമർപ്പിച്ച നിയമപരിഷ്കരണ ബിൽ ഒരു വർഷമായി അവഗണിക്കപ്പെട്ടു കിടക്കുകയാണ്.