കോട്ടയം ∙ മുൻ മന്ത്രി തോമസ് ചാണ്ടിയുടെ റിസോർട്ടിനു സമീപത്തെ കരുവേലി പാടശേഖരത്തിൽപ്പെട്ട നിലം നിയമവിരുദ്ധമായി നികത്തി വലിയകുളം മുതൽ സീറോ ജെട്ടി വരെ റോഡ് നിർമിച്ചെന്നുള്ള കേസും റിസോർട്ടിനു സമീപത്തെ പാർക്കിങ് ഗ്രൗണ്ടിന്റെയും വഴിയുടെയും നിർമ്മാണം സാധൂകരിച്ചെന്ന കേസും ഒന്നിച്ച് അന്വേഷിച്ചു രണ്ടു കുറ്റപത്രം സമർപ്പിക്കാൻ വിജിലൻസ് കോടതി ഉത്തരവ്.
രണ്ടു കേസിലും പ്രത്യേകം പ്രഥമ വിവര റിപ്പോർട്ട് തയാറാക്കി അന്വേഷിക്കണമെന്ന പരാതിക്കാരനായ സുഭാഷ് തീക്കാടനാണ് ആവശ്യപ്പെട്ടത്. എന്നാൽ ഇക്കാര്യം സർക്കാർ അനുമതി വാങ്ങിയാലേ പരിഗണിക്കാൻ കഴിയൂവെന്നു വിജിലൻസ് അഭിഭാഷകൻ അറിയിച്ചതോടെ കേസ് ഒന്നിച്ച് അന്വേഷിച്ചാൽ മതിയെന്നു കോടതി നിർദ്ദേശിക്കുകയായിരുന്നു.
മുൻ മന്ത്രി തോമസ് ചാണ്ടിയുടെ റിസോർട്ടിനു സമീപത്തെ പാർക്കിങ് ഗ്രൗണ്ടും വഴിയും നിർമാണം ക്രമവൽക്കരിച്ചു നൽകിയെന്ന പരാതിയിൽ മുൻ ആലപ്പുഴ ജില്ലാ കലക്ടർ എൻ. പത്മകുമാർ അടക്കം ആറു പേർക്കെതിരെ വിശദമായ അന്വേഷണം നടത്താനും കോടതി നിർദേശിച്ചു. നിലം നികത്തി റോഡ് നിർമിച്ചെന്നുള്ള കേസിനൊപ്പം കലക്ടർക്കെതിരെയുള്ള പരാതിയിലും സമാന്തരമായി അന്വേഷണം നടക്കും. അടുത്ത മാസം അഞ്ചിനു വിജിലൻസ് അന്വേഷണ പുരോഗതി റിപ്പോർട്ടും സമർപ്പിക്കും.