തിരുവനന്തപുരം ∙ ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ നിലപാടു മാറ്റി സിപിഎം. ക്ഷേത്രവുമായി ബന്ധപ്പെട്ടവരുമായി അടിയന്തര ചർച്ച നടത്തി സർക്കാരിനു പേരുദോഷമുണ്ടാക്കാത്ത വിധത്തിൽ പ്രശ്നം പരിഹരിക്കണമെന്നു സിപിഎം സെക്രട്ടേറിയറ്റ് സർക്കാരിനു നിർദേശം നൽകി.
കോടതിവിധി നടപ്പാക്കുന്നതിനു മുമ്പു ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച് അഭിപ്രായ സമന്വയമുണ്ടാക്കണമെന്നു പാർട്ടി സെക്രട്ടേറിയറ്റിൽ അഭിപ്രായമുയർന്നതിനെ തുടർന്നാണ് ഈ നിർദേശം. കോടതിവിധിയെ ആദ്യം അനുകൂലിച്ചെങ്കിലും പിന്നീടു നിലപാടു മാറ്റിയ കോൺഗ്രസും ബിജെപിയും ഇക്കാര്യത്തിൽ നേട്ടമുണ്ടാക്കുമെന്നു സിപിഎമ്മിന് ആശങ്കയുണ്ട്.
സ്വതന്ത്ര നിലപാടു കൈക്കൊള്ളേണ്ട ദേവസ്വം ബോർഡിനെ സർക്കാർ നിഷ്ക്രിയമാക്കിയെന്ന തോന്നൽ ജനമധ്യത്തിലുണ്ടാക്കിയെന്നും സെക്രട്ടേറിയറ്റിൽ വിമർശനമുയർന്നു. പാർട്ടി നിലപാടു മയപ്പെടുത്തുന്നതിന്റെ സൂചന നൽകി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇന്നലെ പാർട്ടി മുഖപത്രമായ ദേശാഭിമാനിയിൽ ലേഖനമെഴുതിയിരുന്നു. സ്ത്രീകളെ ശബരിമലയിലെത്തിക്കാൻ പാർട്ടി ഇടപെടില്ലെന്നും താൽപര്യമില്ലാത്തവർ അങ്ങോട്ടു പോകേണ്ടതില്ലെന്നുമാണു കോടിയേരി എഴുതിയത്.
കോടതി വിധിയിലൂടെ ലഭിച്ച അവസരം ഇഷ്ടമുള്ളവർക്കു വിനിയോഗിക്കാം. വിശ്വാസത്തെ അടിച്ചമർത്താൻ സിപിഎം ഇടപെടുന്നു എന്നാരോപിക്കുന്നത് അംസബന്ധമാണ്. സ്ത്രീയെ രണ്ടാം തരമാക്കുന്നതിന് അറുതി വരുത്തുന്ന വിധിയാണു സുപ്രീം കോടതിയിൽ നിന്നുണ്ടായത്. ശബരിമല സ്ത്രീപ്രവേശനത്തെ സംഘർഷവിഷയമാക്കാനില്ലെന്നും എല്ലാവരെയും സഹകരിപ്പിച്ചു വിധി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ഇതിൽ കോടിയേരി വ്യക്തമാക്കിയിരുന്നു.