അടിയന്തര പരോൾ വീണ്ടും; പി.കെ. കുഞ്ഞനന്തൻ പുറത്തുനിന്നത് ഒരു വർഷം

പി.കെ.കുഞ്ഞനന്തൻ

തിരുവനന്തപുരം ∙ ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന സിപിഎം നേതാവ് പി.കെ. കുഞ്ഞനന്തന് വീണ്ടും പരോൾ. ഇക്കുറി 25 ദിവസത്തെ അടിയന്തര പരോൾ കൂടി അനുവദിച്ചതോടെ കുഞ്ഞനന്തൻ പുറത്തു നിന്ന കാലയളവ് ഒരു വർഷം! 

സാധാരണ തടവുകാർ അപേക്ഷ നൽകി മാസങ്ങളോളം കാത്തിരിക്കുമ്പോഴാണ് സിപിഎം പാനൂർ ഏരിയാ കമ്മിറ്റി അംഗമായ കുഞ്ഞനന്തനിൽ നിന്ന് ആഭ്യന്തരവകുപ്പ് അപേക്ഷ എഴുതി വാങ്ങി പരോൾ അനുവദിക്കുന്നത്. 

കുഞ്ഞനന്തന്റെ അപേക്ഷ കണക്കിലെടുത്ത് സെപ്റ്റംബർ 21നാണ് ജയിൽ വകുപ്പ് 10 ദിവസത്തെ അടിയന്തര പരോൾ അനുവദിച്ചത്. വീട്ടിലെത്തിയ കുഞ്ഞനന്തൻ പരോൾ നീട്ടിക്കിട്ടണമെന്ന് ആവശ്യപ്പെട്ടതോടെ 15 ദിവസം കൂടി അനുവദിച്ച് കഴിഞ്ഞ വ്യാഴാഴ്ച സർക്കാർ ഉത്തരവിറക്കി. 2014 ജനുവരിയിൽ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട കുഞ്ഞനന്തന്റെ ആകെ പരോൾ ദിനങ്ങൾ ഇതോടെ 369 ആയി. സംസ്ഥാനത്തെ മറ്റൊരു തടവുകാരനും ഇത്രയധികം പരോൾ ലഭിച്ചിട്ടില്ലെന്നാണ് ജയിൽ വൃത്തങ്ങൾ നൽകുന്ന സൂചന. അതേസമയം എല്ലാം ചട്ടപ്രകാരം തന്നെയെന്നാണ് ആഭ്യന്തര വകുപ്പിന്റെ വാദം. രണ്ടുതവണയായി 45 ദിവസത്തെ ആശുപത്രിവാസവും കുഞ്ഞനന്തന് അനുവദിച്ചിരുന്നു. 

എട്ടാംപ്രതിയും സിപിഎം ലോക്കൽ കമ്മിറ്റി മുൻ അംഗവുമായ കെ.സി. രാമചന്ദ്രന് 232 ദിവസം പരോളും 85 ദിവസത്തെ ആശുപത്രിവാസവും സർക്കാർ ഒരുക്കി. വഴിവിട്ടുള്ള പരോളുകൾ നിയമസഭയിലടക്കം ചർച്ചയ്ക്കും വിവാദത്തിനും കാരണമായെങ്കിലും സർക്കാരിന് ഒരു കുലുക്കവുമില്ല. ജയിൽവാസക്കാലത്തു നടന്ന രണ്ടു സിപിഎം സമ്മേളനങ്ങളിലും കുഞ്ഞനന്തനെ ഏരിയ കമ്മിറ്റിയിൽ നിലനിർത്തിയിരുന്നു. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നു പരോളിലെത്തി ഏരിയ സമ്മേളനത്തിൽ പങ്കെടുക്കുകയും ചെയ്തു.