Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉടമയില്ല; 10,000 റേഷൻ കാർഡ് റദ്ദാക്കുന്നു

ration-card

കണ്ണൂർ ∙ ഉടമയെ കണ്ടുകിട്ടാതെ പതിനായിരം റേഷൻ കാർഡുകൾ സിവിൽ സപ്ലൈസ് ഡയറക്ടറുടെ ഓഫിസിൽ തിരികെയെത്തി.  സൗജന്യനിരക്കിൽ റേഷൻ ലഭിക്കുന്ന അന്ത്യോദയ അന്ന യോജന (എഎവൈ) വിഭാഗത്തിലെ 800 കാർഡുകളും മുൻഗണനാപ്പട്ടികയിലെ 3500 കാർഡുകളും ഇതിലുൾപ്പെടുന്നു.  ഈ കാർഡുകൾ റദ്ദാക്കാനാണു ഭക്ഷ്യവകുപ്പിന്റെ തീരുമാനം. അതിനു മുൻപു കാർഡുടമകളുടെ പേരുവിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തി ഒരു മാസം സമയം നൽകും.  2012ൽ പുതുക്കേണ്ടിയിരുന്ന റേഷൻ കാർഡിന്റെ വിതരണമാണ് ഇപ്പോഴും അവസാനിക്കാത്തത്. ആകെ 80.85 ലക്ഷം കാർഡുകളാണു സംസ്ഥാനത്തു വിതരണം ചെയ്തത്.

2017 മേയിൽ വിതരണം തുടങ്ങി. രണ്ടു മാസം മുൻപു കണക്കെടുത്തപ്പോൾ, 30,000 കാർഡുകൾ ഉടമകൾ കൈപ്പറ്റിയിരുന്നില്ല. അവ താലൂക്ക് ഓഫിസിൽനിന്നു സ്വീകരിക്കാൻ അവസരം നൽകിയതിനെത്തുടർന്ന് 20,000 ഉടമകളെത്തി. ഉടമ സ്ഥലത്തില്ലാത്തതോ, താമസ സ്ഥലം മാറിയതോ ആകാം 10000 കാർഡ് ബാക്കി വരാൻ കാരണമെന്നാണു നിഗമനം. പുതിയ കാർഡിനും കാർഡ് വിഭജനത്തിനും മറ്റുമായി 10 ലക്ഷത്തോളം അപേക്ഷകൾ പുതുതായി ലഭിച്ചിട്ടുമുണ്ട്.