കൊച്ചി∙ മാതൃകാപരമായ തീരുമാനം ഉണ്ടാകുമെന്നു കരുതിയാണ് ഓഗസ്റ്റ് 7ന് നടന്ന അമ്മ നിർവാഹക സമിതിയിൽ ചർച്ചയ്ക്കു പോയതെന്നു സിനിമയിലെ വനിത കൂട്ടായ്മയായ ഡബ്ല്യുസിസി (വിമൻ ഇൻ സിനിമ കലക്ടീവ്). ആദ്യത്തെ 40 മിനിട്ട് ഞങ്ങളെ കുറ്റപ്പെടുത്തൽ മാത്രമായിരുന്നു. ആക്രമിക്കപ്പെട്ട നടിയുടെ ശബ്ദസന്ദേശം കേൾപ്പിച്ചതോടെ അവർ നിശബ്ദരായി. താൻ ആ നടിക്കൊപ്പമാണന്നും എന്നാൽ ദിലീപിന്റെ കാര്യത്തിൽ ജനറൽബോഡിക്കു മാത്രമേ തീരുമാനം എടക്കാനാവൂവെന്നുമായിരുന്നു പ്രസിഡന്റ് മോഹൻലാൽ പറഞ്ഞത്. പിന്നീടു മാത്രമാണ് ഞങ്ങൾക്കു സംസാരിക്കാൻ അവസരം തന്നത്. ദിലീപ് വിഷയത്തിൽ മാത്രമായിരുന്നു അവർക്കു വിയോജിപ്പ്. നിയമോപദേശം വേണമെന്ന നിലപാടെടുത്തപ്പോൾ പത്മപ്രിയ സുപ്രീം കോടതി അഭിഭാഷകയെ ബന്ധപ്പെട്ട് ഉടൻ നിയമോപദേശം തേടിക്കൊടുത്തു.
എന്നാൽ യോഗ വേദിയിൽ നിന്നു മാധ്യമങ്ങൾ മടങ്ങിയതോടെ ഭാരവാഹികളുടെ ഭാവം മാറി. യോഗ തീരുമാനങ്ങളൊന്നും മാധ്യമങ്ങളെ അറിയിക്കരുതെന്നും 10 ദിവസത്തിനുള്ളിൽ തീരുമാനമെടുത്ത് യോജിച്ച് പ്രഖ്യാപിക്കാം എന്നുമായിരുന്നു പറഞ്ഞത്. പക്ഷേ, ആവശ്യങ്ങളിൽ ഒന്നു പോലും അംഗീകരിക്കാതെയാണ് മറുപടി നൽകിയത്. ദിലീപിനെതിരായ നടപടി തീരുമാനിക്കാൻ തങ്ങൾക്കു അധികാരമില്ലെന്ന നിർവാഹക സമിതി നിലപാട് കുറ്റാരോപിതനെ സംരക്ഷിക്കുന്നതാണ്. വനിതാ കൂട്ടായ്മ സമർപ്പിച്ച മൂന്ന് നിയമോപദേശവും തള്ളിയാണ് അവർക്കു ലഭിച്ചെന്നു പറയുന്ന നിയമോപദേശത്തിന്റെ പേരിൽ ഈ തീരുമാനം എടുത്തത്. മുൻപ് തിലകനെതിരെ നടപടിയെടുത്തത് നിർവാഹക സമിതിയാണ്.ആ അധികാരം ദിലീപിന്റെ കാര്യത്തിൽ മാത്രം ഇല്ലാതാവുന്നതെങ്ങനെ? സംഘടനയുടെ നിയമാവലിയിൽ തന്നെ നിർവാഹക സമിതിയുടെ അധികാരം വ്യക്തമാക്കിയിട്ടുണ്ട്.
കേസിൽ ഇടപെടാൻ ശ്രമിച്ചു
ആക്രമിക്കപ്പെട്ട നടിയെ സഹായിക്കാത്ത അമ്മ അവരുടെ കേസിൽ ഇടപെടാനും ശ്രമിച്ചു. നിർവാഹക സമിതി അംഗങ്ങളായ രചന നാരായണൻകുട്ടിയും ഹണി റോസും കക്ഷിചേരാൻ അപേക്ഷ നൽകിയത് ഒരു നിർവാഹക സമിതി അംഗം പറഞ്ഞിട്ടാണ്. നിർവാഹക സമിതി അംഗമായ ബാബുരാജ് യോഗത്തിനിടെ ‘ചൂടുവെള്ളത്തിൽ വീണ പൂച്ച’ എന്നു വിശേഷിപ്പിച്ചു ആക്രമിക്കപ്പെട്ട നടിയെ അപമാനിച്ചു. തന്റെ സിനിമയിലെ അവസരങ്ങൾ കുറ്റാരോപിതനായ നടൻ ഇല്ലാതാക്കുന്നതായി അക്രമിക്കപ്പെട്ട നടി നേരത്തെയും രാജിക്കത്തിലും അമ്മ നേതൃത്വത്തെ അറിയിച്ചിട്ട് അതിനൊരു മറുപടി പോലും നൽകിയിട്ടില്ല. ഞങ്ങൾക്കു തന്ന മറുപടിയിലും പരാമർശമില്ല. കുറ്റരോപിതനെ സംരക്ഷിക്കാൻ ശ്രമിക്കുന്നതിനു പിന്നിലെ താൽപര്യമെന്ത്? പ്രതിയായ നടന്റെ കാര്യത്തിൽ നിയമാവലിയുടെ കാര്യം പറഞ്ഞ് ഒളിച്ചു കളിക്കുന്നവർ രാജിവച്ച നടിമാർക്കു സംഘടനയിലേക്കു തിരികെ വരണമെങ്കിൽ അപേക്ഷ നൽകിയാൽ പരിഗണിക്കാം എന്നാണ് പറയുന്നത്.