മുറിവേറ്റു... ഇനി തുറന്ന പോരാട്ടം

കണ്ണുതുറപ്പിക്കാൻ: കൊച്ചിയിൽ വിമൻ ഇൻ സിനിമ കലക്ടീവ് (ഡബ്ല്യൂസിസി) നടത്തിയ വാർത്താ സമ്മേളനത്തിനിടെ കണ്ണുതുടയ്ക്കുന്ന നടി പാർവതി തിരുവോത്ത്. പത്മപ്രിയ സമീപം. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ

കൊച്ചി ∙ മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യ്ക്കെതിരെ രൂക്ഷമായി തുറന്നടിച്ച് സിനിമയിലെ വനിത കൂട്ടായ്മയായ ഡബ്ല്യുസിസി (വിമൻ ഇൻ സിനിമ കലക്ടീവ്). നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ സംരക്ഷിക്കുകകയും ഇരയായ അംഗത്തിന്റെ പരാതിക്കു നേരെ കണ്ണടക്കുകയും ചെയ്യുന്ന അമ്മ നേതൃത്വത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും തെറ്റായ ദിശയിലേക്കാണ് അവർ സംഘടനയെ നയിക്കുന്നതെന്നും കൂട്ടായ്മ വ്യക്തമാക്കി.

‘ഞങ്ങളെ അപമാനിക്കുന്ന നിലപാടാണ് സംഘടന സ്വീകരിച്ചത്. ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള നാടകമാണ് നടക്കുന്നത്. ഞങ്ങൾക്കു മുറിവേറ്റു. വർഷങ്ങളായുള്ള നീതികേട് അവസാനിപ്പിക്കണം. ഇനി മിണ്ടാതിരിക്കാൻ തീരുമാനിച്ചിട്ടില്ല. സംഘടനക്കുള്ളിൽ നിന്നു തന്നെ പോരാടും. ഇത് ഒരു തുടക്കം മാത്രം ’- ദിലീപിനെതിരെ നടപടിയുൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് അമ്മയ്ക്കു കത്തു നൽകിയ അംഗങ്ങളായ രേവതി, പാർവതി തിരുവോത്ത്, പത്മപ്രിയ എന്നിവർ പറഞ്ഞു. തങ്ങളുടെ സിനിമാ പശ്ചാത്തലം വിശദീകരിച്ച് സ്വയം പരിചയപ്പെടുത്തി പത്രസമ്മേളനം തുടങ്ങിയ ഇവർ അമ്മ പ്രസിഡന്റ് നേരത്തേ തങ്ങളുടെ പേരു പറയാതെ നടിമാർ എന്നു മാത്രം പറഞ്ഞതിന്റെ പ്രതിഷേധമാണിതെന്നും വ്യക്തമാക്കി.

ദീലിപിനെതിരായ നടപടി ജനറൽബോഡി യോഗത്തിനു മാത്രമേ തീരുമാനിക്കാനാവൂവെന്ന അമ്മ നിർവാഹക സമിതി യോഗ നിലപാടിനെ തുടർന്നാണ് ഇതുവരെ സമൂഹ മാധ്യമങ്ങളിലൂടെ മാത്രം പ്രതികരിച്ചിരുന്ന ഡബ്ല്യുസിസി പത്രസമ്മേളനം വിളിച്ച് പ്രതികരിച്ചത്. അമ്മയിൽ നിന്നു രാജിവച്ച റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ, സംവിധായിക അഞ്ജലി മേനോൻ, ചലച്ചിത്ര അക്കാദമി ഉപാധ്യക്ഷ ബീന പോൾ, സജിത മഠത്തിൽ, ദിദീ ദാമോദരൻ തുടങ്ങിയവരും പങ്കെടുത്തു. ഏറെപ്പേരും കറുത്ത വസ്ത്രങ്ങളണിഞ്ഞാണെത്തിയത്.

 റിമ കല്ലിങ്കൽ

‘മി ടൂ വെളിപ്പെടുത്തലുകളെ തുടർന്ന് ആരോപണ വിധേയർക്കെതിരെ ബോളിവുഡിൽ സിനിമ സംഘടനകൾ ശക്തമായ നിലപാട് സ്വീകരിക്കുന്നു. പ്രമുഖ നടൻമാരും സിനിമാ പ്രവർത്തകരും ഇത്തരക്കാർക്കൊപ്പം പ്രവർത്തിക്കാൻ വിസമ്മതം അറിയിച്ച് പിൻമാറുകയും ചെയ്യുന്നു. ഇവിടെ മാനഭംഗക്കേസ് പ്രതിയായ നടനെ നായകനാക്കി ഫെഫ്ക ജനറൽ സെക്രട്ടറി തന്നെ സിനിമയെടുക്കുകയാണ്.

പാതിരാത്രി വാതിലിൽമുട്ടി ആ കുട്ടി പറഞ്ഞു ‘ചേച്ചീ, രക്ഷിക്കൂ...’ – നടി രേവതി 

കുറേക്കാലം മുൻപ് ഒരു സിനിമയുടെ പ്രവർത്തനങ്ങൾക്കിടെ 16-17 വയസുള്ള ഒരു പെൺകുട്ടി പാതിരാത്രി ഓടിവന്ന് എന്റെ വാതിലിൽ മുട്ടി ‘ചേച്ചീ രക്ഷിക്കൂ..’ എന്ന് പറഞ്ഞു. ആ കുട്ടി പറയുന്നെങ്കിൽ പറയട്ടെ; ഞാൻ ഇതു സംബന്ധിച്ചു കൂടുതൽ വെളിപ്പെടുത്തുന്നില്ല

അയാൾക്ക് ഒന്നും സംഭവിച്ചില്ല; എനിക്ക് സിനിമയില്ലാതായി – നടി അർച്ചന പത്മിനി

‘പുള്ളിക്കാരൻ സ്റ്റാറാ’ എന്ന ചിത്രത്തിന്റെ സെറ്റിൽ പ്രൊഡക്‌ഷൻ എക്സിക്യുട്ടീവ് ആയിരുന്ന ഷെറിൻ സ്റ്റാൻലി എന്നോട് മോശമായി പെരുമാറി. ഫെഫ്ക നേതാക്കളായ ബി.ഉണ്ണികൃഷ്ണനോടും സിബി മലയിലിനോടും പരാതിപ്പെട്ടു; ഒന്നും സംഭവിച്ചില്ല. അയാൾ ഇപ്പോഴും സജീവമായി സിനിമയിലുണ്ട്. എനിക്ക് അവസരങ്ങളില്ലാതെയുമായി. വാക്കുകൾ കൊണ്ടുള്ള ഒരു മാനഭംഗത്തിനു വീണ്ടും വിധേയമാകാൻ താൽപര്യമില്ലാത്തതിനാലാണു പൊലീസിൽ പരാതി നൽകാത്തത്

ഈ പ്രഷർ കുക്കർ പൊട്ടാം – ബീനാപോൾ

ഞങ്ങൾക്ക് ഈ വ്യവസായത്തെ നാണം കെടുത്താൻ ഉദ്ദേശ്യമില്ല. എന്നാൽ മിടൂ മുന്നേറ്റത്തിലെ വെളിപ്പെടുത്തലുകൾ പോലുള്ള നിരവധി സംഭവങ്ങൾ ഇവിടെയുമുണ്ട്. ഇങ്ങനെയാണ് കാര്യങ്ങളുടെ പോക്കെങ്കിൽ വൈകാതെ അതും പുറത്തു വരിക തന്നെ ചെയ്യും. ഒരു പ്രഷർ കുക്കറിന്റെ അവസ്ഥയിലാണിപ്പോൾ. എപ്പോൾ വേണമെങ്കിലും പൊട്ടാം