Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മന്ത്രി ഇടപെട്ടു; പൊലീസ് യുവതികളെ മടക്കി

ladies-sabarimala പൊലീസ് അകമ്പടിയോടെ സന്നിധാനത്തേക്കു യാത്ര ചെയ്യുന്ന ന്യൂയോർ‌ക് ടൈംസ് റിപ്പോർട്ടർ സുഹാസിനി രാജ് (ഇടത്), ഭക്തരുടെ എതിർപ്പിനെ തുടർന്ന് പമ്പയിൽ നിന്നു തിരികെപ്പോകുന്ന മേരി സ്വീറ്റി (വലത്)

തിരുവനന്തപുരം∙ ശബരിമല സന്നിധാനത്ത് ഇന്നലെ 2 യുവതികളെ എത്തിക്കാനുള്ള ശ്രമം പൊലീസ് അവസാനനിമിഷം ഉപേക്ഷിച്ചതു മന്ത്രി കടകംപള്ളി സുരേന്ദ്രൻ കർശനനിർദേശം നൽകിയതിനെത്തുടർന്ന്. നേരത്തേ തന്നെ വിവാദത്തിൽ പെട്ടിട്ടുള്ള രഹന ഫാത്തിമയെപ്പോലൊരാൾ സന്നിധാനത്തെത്തിയാൽ കൂടുതൽ പ്രശ്നമുണ്ടാകാമെന്നു മന്ത്രി ഡിജിപി ലോക്നാഥ് ബെഹ്റയെയും ഐജി: എസ്. ശ്രീജിത്തിനെയും നേരിട്ട് അറിയിക്കുകയായിരുന്നു. തെലങ്കാനയിൽനിന്നുള്ള മാധ്യമ പ്രവർത്തകയ്ക്കൊപ്പം രഹനയെ സുരക്ഷാ സന്നാഹങ്ങളോടെ സന്നിധാനത്തേക്കു കയറ്റിയതു മന്ത്രിയോ ദേവസ്വം ബോർഡോ അറിഞ്ഞിരുന്നില്ല. ഇരുവരും ശബരീപീഠത്തിൽ എത്തിയപ്പോഴാണു മന്ത്രി വിവരം അറിഞ്ഞത്.

ഇവർ സന്നിധാനത്തെത്തിയാൽ സ്ഥിതി വഷളായേക്കാമെന്നും സന്നിധാനത്തു കുട്ടികൾ ഉൾപ്പെടെ നല്ല തിരക്കുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. അതോടെ ഐജി ഉൾപ്പെടെയുള്ളവരെ ബന്ധപ്പെട്ടെങ്കിലും യുവതികളെ ആരും തടസ്സപ്പെടുത്തുന്നില്ലെന്നാണ് അറിയിച്ചത്. പിന്നീടു നടപ്പന്തലിൽ കനത്ത പ്രതിഷേധമുണ്ടായതോടെയാണു അവരെ തിരികെക്കൊണ്ടുവരണമെന്നു മന്ത്രി വീണ്ടും ആവശ്യപ്പെട്ടത്. യുവതികൾ മലയിറങ്ങിയ ശേഷം മന്ത്രി എകെജി സെന്ററിലെത്തി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായും ചർച്ച നടത്തി. പൊലീസിനു ശ്രദ്ധക്കുറവുണ്ടായി: മന്ത്രി കടകംപള്ളി സുരേന്ദ്രൻ ശബരിമലയിൽ ഇന്നലെ നടന്ന സംഭവങ്ങളിൽ പൊലീസിനു ശ്രദ്ധക്കുറവുണ്ടായിട്ടുണ്ടെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ. രഹന ഫാത്തിമയെപ്പോലെ ഒരാൾ എത്തുമ്പോൾ അവരുടെ പശ്ചാത്തലം കൂടി പരിശോധിക്കാനുള്ള ജാഗ്രത പൊലീസ് കാണിക്കേണ്ടതായിരുന്നു. ശബരിമലയിൽ ആചാരലംഘനമുണ്ടായോ എന്നു പരിശോധിക്കാനും തീരുമാനിക്കാനും തന്ത്രിമാർക്ക് അവകാശമുണ്ട്. എന്നാൽ ഇന്നലെ അങ്ങനെയൊന്നും ഉണ്ടായിട്ടില്ല – മന്ത്രി പറഞ്ഞു.

∙ പുനഃപരിശോധനാ ഹർജിയിൽ പ്രസക്തിയില്ല: കോടിയേരി

തിരുവനന്തപുരം∙ ശബരിമല യുവതീപ്രവേശ വിധിയിൽ പുനഃപരിശോധനാ ഹർജി നൽകുന്നതിനു പ്രസക്തിയില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇപ്പോൾ ഒട്ടേറെ പുനഃപരിശോധനാ ഹർജികൾ സുപ്രീം കോടതിയിൽ ഉണ്ട്. ഇവ പരിശോധിക്കുമ്പോൾ സർക്കാരും ദേവസ്വം ബോർഡും നിലപാടു വ്യക്തമാക്കിയാൽ മതി. വിധി എന്തായാലും നടപ്പാക്കുമെന്നു സർക്കാർ കോടതിയിൽ വ്യക്തമാക്കിയിട്ടുള്ളതിനാൽ ഇനി എതിർപ്പുമായി പോയാൽ പരിഹാസ്യമാകും. മുൻപു പല വിധികൾക്കും ഈ അനുഭവം ഉണ്ടായിട്ടുണ്ട്.

∙യുവതി പൊലീസ് യൂണിഫോമല്ല ധരിച്ചത്

യുവതിക്ക് പൊലീസ് യൂണിഫോമല്ല ബോഡി പ്രൊട്ടക്ടറാണു നൽകിയതെന്നു കോടിയേരി. ഇക്കാര്യം ഐജി വ്യക്തമാക്കിയിട്ടുണ്ട്. ഒരാളുടെ പ്രവേശനം പ്രകോപനം സൃഷ്ടിക്കുമെന്നു തോന്നിയാൽ യുക്തമായ നടപടി പൊലീസിനു സ്വീകരിക്കാം. നിയമം ലംഘിക്കുന്നവർ ഏതു വേഷക്കാരായാലും അതാണു വേണ്ടത്. കല്ലെറിയുന്നവർ അയ്യപ്പവേഷക്കാരായതിനാൽ നടപടി പാടില്ലെന്നില്ല. ഓരോരുത്തരും പറയുന്നതാണു വിശ്വാസമെന്നു വന്നാൽ എന്തിനാണു കോടതി? യുവതി പടി ചവിട്ടിയാൽ നടയടയ്ക്കുന്നതു തന്ത്രിമാരുടെ അധികാരം ഉപയോഗിച്ച് ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി ചെയ്യുന്നതാണ്. അതു കോടതയലക്ഷ്യമാകുമോയെന്നു ബോർഡ് പരിശോധിക്കണം.

∙വിശദീകരണവുമായി ഗൃഹസന്ദർശനം

ശബരിമല യുവതീപ്രവേശന വിധിയുടെ നിജസ്ഥിതി ജനങ്ങളെ ബോദ്ധ്യപ്പെടുത്താൻ നവംബർ മൂന്നിനും നാലിനും സിപിഎം സംസ്ഥാനത്ത് ഗൃഹസന്ദർശന പരിപാടികൾ നടത്തും.