ബാഗേജിൽ 60 ലക്ഷത്തിന്റെ സ്വർണം; വിമാന യാത്രക്കാരൻ കടന്നുകളഞ്ഞു

കരിപ്പൂർ ∙ ബാഗേജിൽ ഒളിപ്പിച്ച സ്വർണം കസ്റ്റംസ് കണ്ടെടുക്കുന്നതിനിടെ യാത്രക്കാരൻ പാസ്പോർട്ടുമായി മുങ്ങി. സ്റ്റീൽ പൈപ്പിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 60 ലക്ഷം രൂപയുടെ രണ്ടു കിലോഗ്രാം സ്വർണം റജിസ്ട്രേഡ് ബാഗേജിൽനിന്ന് എയർ കസ്റ്റംസ് ഇന്റലിജൻസ് സംഘം കണ്ടെടുത്തു. കോഴിക്കോട് വിമാനത്താവളത്തിൽ ഇന്നലെ രാവിലെ 8.45ന് ഇത്തിഹാദ് വിമാനത്തിൽ അബുദാബിയിൽനിന്ന് എത്തിയ കൊടുവള്ളി സ്വദേശി യാസിൻ (35) കൊണ്ടുവന്ന ബാഗേജിൽനിന്നാണു സ്വർണം ലഭിച്ചത്.

ഇയാൾ പരിശോധനയ്ക്കിടെ പാസ്പോർട്ടുമായി പുറത്തു കടന്നതായും പ്രിവന്റീവ് കസ്റ്റംസ് ഉദ്യോഗസ്ഥർ കൊടുവള്ളിയിലെ വീട്ടിൽ അന്വേഷിച്ചെത്തിയെങ്കിലും കണ്ടെത്താനായില്ലെന്നും അധികൃതർ അറിയിച്ചു. അന്വേഷണവുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ അധികൃതർ വ്യക്തമാക്കിയില്ല. കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണർ നിഥിൻ ലാൽ, സൂപ്രണ്ട് രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്വർണം കണ്ടെടുത്തത്.