Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമല യുവതീപ്രവേശം: പുനഃപരിശോധനാ ഹർജി തന്നെ ഉചിതമെന്ന് നിയമോപദേശം

devotees-in-sabarimala-temple ശബരിമല ക്ഷേത്രം

ന്യൂഡൽഹി ∙ ശബരിമല വിധിക്കെതിരെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പുനഃപരിശോധനാ ഹർജി നൽകുന്നതാവും ഉചിതമെന്ന് ബോർഡിനുവേണ്ടി നേരത്തേ ഹാജരായ അഭിഭാഷകർ. സ്ഥിതി റിപ്പോർട്ട് കോടതിയലക്ഷ്യമായി വ്യാഖ്യാനിക്കപ്പെടാമെന്നും പുനഃപരിശോധനാ ഹർജി പരിഗണിക്കപ്പെടാനാണ് കൂടുതൽ സാധ്യതയെന്നും അഭിഭാഷകർ സൂചിപ്പിച്ചു. 

വിധിയിൽ പിഴവുണ്ടെന്ന് ബോധ്യപ്പെട്ടാൽ പുനഃപരിശോധനാ ഹർജി പരിഗണിക്കുമെന്നാണു വ്യവസ്ഥ. കേരള ഹിന്ദു പൊതു ആരാധനാ സ്ഥല ചട്ടത്തിലെ 3(ബി) വകുപ്പ് ഭരണഘടനാ വിരുദ്ധമെന്നാണ് കോടതി വിധിച്ചത്. 10– 50 പ്രായഗണത്തിലെ സ്ത്രീകളെ ആർത്തവ കാരണത്താൽ വിലക്കുന്നത് ഭരണഘടനയുടെ വിവിധ വകുപ്പുകളുടെ ലംഘനമാണെന്നും കോടതി വിധിച്ചു. 

എന്നാൽ, ശബരിമലയിലെ വിലക്ക് മാത്രം ഉന്നയിച്ചുള്ളതായിരുന്നു ഹർജി. എല്ലാ ക്ഷേത്രങ്ങൾക്കു ബാധകമായിട്ടുള്ള വ്യവസ്ഥയാണ് റദ്ദാക്കിയിട്ടുള്ളത്. ശബരിമലയ്ക്കു പ്രത്യേകമായി ചട്ടപരമായ വ്യവസ്ഥകളില്ല, ആചാരമുണ്ട്.  

പ്രായഗണം പറഞ്ഞല്ല ചട്ടത്തിൽ വിലക്കു നിർദ്ദേശിച്ചിട്ടുള്ളത്. ആരാധനാ സ്ഥലത്തു പ്രവേശിക്കാൻ ആചാരപരമായി വിലക്കുള്ള സമയത്ത് പ്രവേശിക്കരുതെന്നാണ് ചട്ടത്തിൽ പറയുന്നത്. അതിനെ പൊതുവിൽ പ്രായഗണ വിലക്കായി കോടതി വിലയിരുത്തുന്നുവെന്നും അത് പിഴവാണെന്നും അഭിഭാഷകർ വിലയിരുത്തുന്നു. എല്ലാ ക്ഷേത്രങ്ങൾക്കും ബാധകമായ ചട്ടം റദ്ദാക്കുംമുൻപ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിലപാടാണ് ചോദിച്ചത്. മറ്റു ബോർഡുകൾക്കു പറയാനുള്ളതു കേട്ടിട്ടുമില്ല. ഈ സാഹചര്യത്തിൽ, പുനഃപരിശോധനാ ഹർജി അനുകൂലമായി പരിഗണിക്കപ്പെടാമത്രേ. 

ആചാരം കോടതി തീരുമാനിക്കുന്നതിലെ ഔചിത്യത്തെക്കുറിച്ച് സുപ്രീം കോടതിയിലെ ജഡ്ജിമാർക്കിടയിൽ ഭിന്നാഭിപ്രായമുണ്ടെന്നും വിഷയം ഏഴംഗ ബെഞ്ചിലേക്കു പോയാൽ നിലവിലെ വിധിയുടെ അനുപാതം മാറാമെന്നുമാണ് അഭിഭാഷകരുടെ വിലയിരുത്തൽ. ബോർഡിന്റെ പ്രതിനിധികളും അഭിഭാഷകരുമായി ഇന്നു ചർച്ച നടന്നേക്കും.

ശബരിമല: 5 സ്ത്രീകൾ കൂടി ദർശനം നടത്താതെ മടങ്ങി

പമ്പ ∙ 50 വയസ്സിൽ താഴെയുള്ള 5 സ്ത്രീകൾ കൂടി ദർശനത്തിനു ശ്രമിച്ചെങ്കിലും എതിർപ്പു മൂലം മടങ്ങി. കോഴിക്കോട്ട് അധ്യാപികയായ ബിന്ദു ടി. വാസുവിനു (43) നിലയ്ക്കലിനു സമീപം വട്ടപ്പാറയിൽ വച്ചു തന്നെ മടങ്ങേണ്ടിവന്നു. മറ്റു 4 സ്ത്രീകൾ ആന്ധ്രയിൽനിന്നുള്ളവരാണ്. രാത്രി എഴരയോടെ  പടിപൂജയുടെ സമയത്തു യുവതി എത്തിയെന്ന അഭ്യൂഹം മൂലം സന്നിധാനത്തു ഭക്തർ വലയം തീർത്തു. പ്രചാരണം തെറ്റെന്നു പരിശോധനയിൽ വ്യക്തമായി.