Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജിവച്ചതാണ്, പുറത്താക്കിയതല്ല: ദിലീപ്; രാജിക്കത്ത് പുറത്തു വിട്ടു

Dileep

കൊച്ചി∙ അഭിനേതാക്കളുടെ സംഘടനയായ അമ്മയിൽനിന്നു താൻ രാജിവച്ചതാണെന്നും പുറത്താക്കിയതല്ലെന്നും നടൻ ദിലീപ്. അമ്മ ജനറൽ സെക്രട്ടറിക്കു കഴിഞ്ഞ 10നു നൽകിയ രാജിക്കത്ത് ഫെയ്സ്ബുക്കിലൂടെ പരസ്യപ്പെടുത്തിക്കൊണ്ടാണു തന്നെ പുറത്താക്കിയതാണെന്ന അമ്മ പ്രസിഡന്റ് മോഹൻലാലിന്റെ വിശദീകരണത്തെ ദിലീപ് തള്ളിയത്. അതേസമയം, രാജിക്കത്തു ചോദിച്ചു വാങ്ങിയതാണെന്ന മോഹൻലാലിന്റെ വെളിപ്പെടുത്തലിനെ തള്ളിപ്പറഞ്ഞുമില്ല.

‘അമ്മയുടെ നിയമാവലി പ്രകാരം എന്നെ പുറത്താക്കാൻ ജനറൽ ബോഡിയിൽ ഭൂരിപക്ഷമുണ്ടെങ്കിലേ കഴിയൂ എന്ന് ഉത്തമ ബോധ്യമുണ്ട്‌. പക്ഷേ, എന്നെ കരുതി അമ്മ തകരാതിരിക്കാൻ ജ്യേഷ്ഠസഹോദരനായ മോഹൻലാലുമായി വിശദ ചർച്ചകൾക്കു ശേഷമാണു രാജിക്കത്തു നൽകിയത്‌. രാജിക്കത്തു സ്വീകരിച്ചാൽ അതു രാജിയാണ്‌, പുറത്താക്കലല്ല’- ദിലീപിന്റെ കുറിപ്പിൽ പറയുന്നു.

നടിയെ ആക്രമിച്ച കേസിൽ പ്രതിചേർക്കപ്പെട്ട ദിലീപിനെതിരെ രേവതി, പാർവതി തിരുവോത്ത്, പത്മപ്രിയ എന്നിവർ നൽകിയ കത്തിനെ തുടർന്നു താൻ ദിലീപുമായി സംസാരിച്ചു രാജിക്കത്തു ചോദിച്ചു വാങ്ങിയതാണെന്നും അമ്മ അദ്ദേഹത്തെ പുറത്താക്കി എന്നു തന്നെ പറയാമെന്നുമായിരുന്നു മോഹൻലാൽ വ്യക്തമാക്കിയത്. തന്റെ പേരിൽ പ്രശ്നങ്ങൾ വേണ്ടെന്നു പറഞ്ഞു ദിലീപ് മോഹൻലാലിനെ വിളിച്ചു രാജിക്കത്തു നൽകിയെന്നും അത് അദ്ദേഹത്തിന്റെ വലിയ മനസ്സാണെന്നുമായിരുന്നു അതിനു മുൻപു നടത്തിയ പത്രസമ്മേളനത്തിൽ സെക്രട്ടറി സിദ്ദീഖും കെപിഎസി ലളിതയും പറഞ്ഞിരുന്നത്.

സംഘടനയുടെ നിർവാഹക സമിതി യോഗത്തിനു ശേഷവും രാജിക്കത്ത് പുറത്തുവിടാത്തതുകൊണ്ടു താൻ പുറത്തുവിടുന്നു എന്ന ആമുഖത്തോടെയാണു ദിലീപ് കത്തു പരസ്യപ്പെടുത്തിയത്. ദിലീപിന്റെ രാജിക്കത്തിലെ ഭാഗങ്ങൾ ‘നിയമാവലി അനുസരിച്ച് ഒരംഗത്തെ വിശദീകരണം നൽകാൻ പോലും അവസരം നൽകാതെ പുറത്താക്കാനാവില്ല എന്നറിയാമായിരുന്നിട്ടും ചില അംഗങ്ങളുടെ നേതൃത്വത്തിൽ മാധ്യമങ്ങളിലൂടെ എന്നെ നിരന്തരം സമ്മർദത്തിലാക്കുന്നതിനു പിന്നിൽ ഗൂഢാലോചനയുണ്ട്.

അവരുടെ ഉപജാപങ്ങളിൽ അമ്മ തകരരുത്. എന്നെ അമ്മയിൽനിന്നു പുറത്താക്കണം എന്ന ആവശ്യം വീണ്ടുമുയർത്തി സംഘടനയിൽ വിവാദവും ഭിന്നിപ്പും സൃഷ്ടിക്കാൻ ഇപ്പോഴും സംഘടിത നീക്കം തുടരുന്നതായി അറിഞ്ഞു. ഈ വിവാദം അവസാനിപ്പിക്കുന്നതിനുവേണ്ടി ഇതു രാജിക്കത്തായി പരിഗണിച്ച് അംഗത്വത്തിൽനിന്ന് ഒഴിവാക്കണം’.

related stories