Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിലയ്ക്കൽ- പമ്പ: കെഎസ്ആർടിസി നിരക്ക് വർധന ശരിവച്ച് ഹൈക്കോടതി; സ്വകാര്യ വാഹന വിലക്കിനും അംഗീകാരം

ksrtc-pamba

കൊച്ചി∙ നിലയ്ക്കൽ- പമ്പ റൂട്ടിലെ കെഎസ്ആർടിസി ബസ് നിരക്ക് വർധന ഹൈക്കോടതി അംഗീകരിച്ചു. നിലയ്ക്കൽ– പമ്പ റൂട്ടിൽ സ്വകാര്യ വാഹനങ്ങൾ വിലക്കി നിലയ്ക്കലിൽ ബേസ് ക്യാംപ് അനുവദിക്കാനുള്ള തീരുമാനവും ശരിവച്ചു. ശബരിമല മാസ്റ്റർ പ്ലാനിന് അനുസൃതമായ തീരുമാനമാണിതെന്നു കോടതി വിലയിരുത്തി.

ജസ്റ്റിസ് പി. ആർ. രാമചന്ദ്ര മേനോൻ, ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ പരിഗണനയ്ക്ക് പഴയ ബസ് നിരക്ക് പുനസ്ഥാപിക്കണമെന്ന ശബരിമല സ്പെഷൽ കമ്മിഷണർ റിപ്പോർട്ട് ഉൾപ്പെടെ എത്തിയിരുന്നു. നിലയ്ക്കൽ– പമ്പ സർവീസിന് 31 രൂപയായിരുന്നതു 40 ആക്കി. എസി ബസ് നിരക്ക് 75 രൂപയാണ്.

നിരക്ക് വർധന മോട്ടോർ വാഹന നിയമപ്രകാരം സർക്കാർ അംഗീകരിച്ചതാണെന്നും ഇന്ധന വില വർധനയും മറ്റും പരിഗണിച്ചാണെന്നു കോടതി വിലയിരുത്തി. മലയോരപാതാ നിരക്കും ഉൽസവ ചാർജും ഉൾപ്പെടുത്തിയാണു നിരക്കു വർധന എന്ന് അധികൃതർ അറിയിച്ചു.

ബേസ് ക്യാംപ് നിലയ്ക്കലിലാക്കിയതു ദീർഘവീക്ഷണത്തോടെയുള്ള തീരുമാനമാണെന്നു കോടതി പറഞ്ഞു. ശബരിമല, പമ്പ സംരക്ഷണത്തിനും വാഹനത്തിരക്ക് ഒഴിവാക്കാനും സഹായകമാണത്. നയങ്ങൾക്ക് എതിരല്ലെന്നും കോടതി വിലയിരുത്തി.

മാസ്റ്റർപ്ലാൻ പ്രകരം ബേസ് ക്യാംപ് നിലയ്ക്കലാണെന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു. പ്രളയത്തിൽ പമ്പ വഴി മാറിയൊഴുകിയതിനാൽ മുൻകാല സൗകര്യങ്ങൾ ഉപയോഗിക്കാനാവില്ല. നിലയ്ക്കലിൽ പ്രതിദിനം 65 ലക്ഷം ലീറ്റർ കുടിവെള്ളം ജലഅതോറിറ്റി ലഭ്യമാക്കും. 900 ശുചിമുറുകളുണ്ട്. 15000 വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യമുണ്ടെന്നും ബോർഡ് അറിയിച്ചു.

ഈ റൂട്ട് കെഎസ്ആർടിസി കുത്തകയാക്കി വച്ചിരിക്കുകയാണെന്നും, ദേവസ്വം ബോർഡിന് 150 ബസുകളും ഡ്രൈവർമാരെയും സൗജന്യമായി നൽകാമെന്നുള്ള ഒരു സംഘടനയുടെ നിർദേശം കോടതി തള്ളി. ദേവസ്വം ബോർഡിനെ ട്രാൻസ്‌പോർട് അതോറിറ്റിയാക്കി മാറ്റാനാവില്ലെന്നു കോടതി പറഞ്ഞു.

കോടതിയുടെ ചോദ്യങ്ങൾക്കു തൃപ്തികരമായ മറുപടി നൽകിയതിനു കെഎസ്ആർടിസിയെ പ്രശംസിച്ചു. തീർഥാടന കാലത്ത് കെഎസ്ആർടിസി ഈ വിശ്വാസം കാത്തൂസൂക്ഷിക്കുമെന്നു പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തു. കെഎസ്ആർടിസി എംഡി ടോമിൻ തച്ചങ്കരി കോടതിയിലെത്തിയിരുന്നു.