തിരുവനന്തപുരം∙ കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ പീഡിപ്പിച്ചതായി ആരോപിച്ച പരാതിക്കാരി കോടതിയിൽ ഇതു സംബന്ധിച്ചു രഹസ്യമൊഴി നൽകി. ക്രൈംബ്രാഞ്ച് ആവശ്യപ്രകാരം ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിലെ വനിതാ മജിസ്ട്രേട്ടാണു മൊഴി രേഖപ്പെടുത്തിയത്. വൈകിട്ടു നാലു മുതൽ 6.20 വരെയാണു മൊഴി രേഖപ്പെടുത്തിയത്.
എല്ലാം മൊഴിയിൽ പറഞ്ഞിട്ടുണ്ടെന്നും മറ്റൊന്നും പറയാനില്ലെന്നും പുറത്തിറങ്ങിയ ഇവർ മാധ്യമ പ്രവർത്തകരോടു പ്രതികരിച്ചു. ക്രൈംബ്രാഞ്ച് റജിസ്റ്റർ ചെയ്ത കേസ് ജനപ്രതിനിധികളുടെ കേസ് വിചാരണ ചെയ്യുന്ന എറണാകുളം സ്പെഷൽ കോടതിയാണു പരിഗണിക്കുന്നത്.
മന്ത്രിയായിരിക്കെ കെ.സി.വേണുഗോപാൽ മറ്റൊരു മന്ത്രിയുടെ ഔദ്യോഗിക വസതിയിൽ പരാതിക്കാരിയെ പീഡിപ്പിച്ചെന്നാണ് എഫ്ഐആറിൽ പറയുന്നത്. സോളർ കമ്മിഷൻ ശുപാർശകളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തോട് ആദ്യഘട്ടത്തിൽ സഹകരിച്ച ഇവർ പിന്നീടു മൊഴി നൽകാൻ എത്തിയില്ല. അതിനാലാണു കോടതിയിൽ രഹസ്യമൊഴി രേഖപ്പെടുത്താൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്.
എസ്പിയു.അബ്ദുൽ കരീമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണു കേസ് അന്വേഷിക്കുന്നത്.