Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിൽച്ചർ എക്സ്പ്രസിലെ സ്ലീപ്പർ കോച്ച് ഓട്ടത്തിനിടെ പിളർന്നു

train-coach സിൽച്ചർ–തിരുവനന്തപുരം സൂപ്പർഫാസ്റ്റ് എക്സ്പ്രസിലെ കോച്ച് നെടുകെ പിളർന്ന നിലയിൽ.

ഷൊർണൂർ ∙ സിൽച്ചർ – തിരുവനന്തപുരം സൂപ്പർഫാസ്റ്റ് എക്സ്പ്രസിലെ പഴകി ദ്രവിച്ച സ്ലീപ്പർ കോച്ച് ഓട്ടത്തിനിടെ നെടുകെ പിളർന്നു. പാതയിൽ അറ്റകുറ്റപ്പണിയെത്തുടർന്നു വേഗനിയന്ത്രണമുള്ളതിനാലാണു വൻദുരന്തം ഒഴിവായത്.

എസ്10 കോച്ചിൽ വാതിലിനു സമീപം സീറ്റുകൾ തുടങ്ങുന്ന ഭാഗത്താണു വിള്ളൽ കണ്ടെത്തിയത്. തിങ്കൾ പുലർച്ചെ ഷൊർണൂർ ജംക്‌ഷൻ റെയിൽവേ സ്റ്റേഷൻ പിന്നിട്ടു വള്ളത്തോൾ നഗർ സ്റ്റേഷനിൽ എത്തിയപ്പോഴാണു സംഭവം ശ്രദ്ധയിൽപ്പെട്ടത്. ഭാരതപ്പുഴ മേൽപാലത്തിൽ വേഗം കുറച്ച ട്രെയിൻ സിഗ്നൽ കിട്ടാത്തതിനാൽ വള്ളത്തോൾ നഗർ സ്റ്റേഷനിൽ നിർത്തി.

ട്രെയിൻ ഓടുമ്പോൾ അപാകത ശ്രദ്ധയിൽപ്പെട്ട ലോക്കോ പൈലറ്റ് സിഗ്നലിൽ നിർത്തിയപ്പോൾ പ്രശ്നം റിപ്പോർട്ട് ചെയ്തു. ബ്രേക്കിങ് സംവിധാനത്തിലെ വാതക ചോർച്ചയെന്നാണു കരുതിയതെങ്കിലും കോച്ചിനു സമീപം പരിശോധന നടത്തിയപ്പോഴാണ് ഒരു വശത്തുനിന്നു മറുവശം വരെ നെടുകെ പിളർന്ന കാര്യം അറിഞ്ഞത്.

ഉറക്കത്തിലായിരുന്ന യാത്രക്കാർ, സാങ്കേതിക വിഭാഗം ജീവനക്കാർ പരിശോധനയ്ക്ക് എത്തിയപ്പോഴാണു വിവരം അറിഞ്ഞത്. എസ് 10 കോച്ച് വള്ളത്തോൾനഗറിൽ മാറ്റിയിട്ട ശേഷം ട്രെയിൻ യാത്ര തുടർന്നു. ഈ കോച്ചിലെ യാത്രക്കാർക്കു മറ്റു കോച്ചുകളിൽ സൗകര്യം നൽകി. എസ് 10ന് ഒക്ടോബർ 31 വരെ ഉപയോഗിക്കാനുള്ള ഫിറ്റ്നസ് അനുമതിയാണുണ്ടായിരുന്നു.

തിങ്കളാഴ്ച തിരുവനന്തപുരത്ത് എത്തുന്നതോടെ അറ്റകുറ്റപ്പണിക്കായി മാറ്റാനിരുന്നതാണെന്ന് അറിയുന്നു. ട്രെയിൻ പരമാവധി വേഗത്തിൽ ഓടുന്നതിനിടെയാണു വിള്ളൽ സംഭവിച്ചതെങ്കിൽ വലിയ ദുരന്തത്തിനു കാരണമാകുമായിരുന്നു. റെയിൽവേ സുരക്ഷാ കമ്മിഷൻ അന്വേഷണം തുടങ്ങി.