Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരള എക്സ്പ്രസിനും ആധുനിക റേക്ക്

kerala-express (ചിത്രം 1) കേരള എക്സ്പ്രസിന്റെ പുതിയ കോച്ചിന്റെ പുറംകാഴ്ച. (ചിത്രം 2) കേരള എക്സ്പ്രസിന്റെ പുതിയ കോച്ച് ഉൾവശം.

തൃശൂർ ∙ കേരള എക്സ്പ്രസിനും സൗകര്യങ്ങൾ മെച്ചപ്പെടുത്തിയ പുത്തൻ റേക്ക്. തിരുവനന്തപുരത്തുനിന്നു ന്യൂഡൽഹിക്കും തിരിച്ചുമുള്ള ട്രെയിനാണ് ആധുനിക സൗകര്യങ്ങളുള്ള കോച്ചുകളുടെ പുതിയ റേക്ക് (എൻജിൻ ഒഴിച്ച് കോച്ചുകളെല്ലാം ചേരുന്ന ട്രെയിൻ) ഉപയോഗിച്ചു തുടങ്ങിയത്. ഇപ്പോൾ രണ്ടു റേക്ക് മാത്രമുള്ളതിനാൽ ന്യൂഡൽഹിക്കു ഞായർ, ചൊവ്വ ദിവസങ്ങളിലാണ് ഉപയോഗിക്കുന്നത്. മടക്കയാത്ര ബുധൻ, വെള്ളി ദിവസങ്ങളിലും.

ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിർമിച്ച്, സെപ്റ്റംബറിൽ പുറത്തിറക്കിയതാണു കോച്ചുകൾ. രണ്ടാം ക്ലാസ് റിസർവേഷൻ, രണ്ടാം ക്ലാസ് ത്രിടയർ എസി കോച്ചുകളിൽ 8 ബർത്തുകൾ വീതം കൂട്ടിയിട്ടുണ്ട്. രണ്ടാം ക്ലാസിൽ 72ൽ നിന്നു 80 ബർത്തായപ്പോൾ എസിയിൽ 64ൽ നിന്നു 72 ആയി. 2ടയറിൽ ഇനി 52 പേർക്കു സീറ്റ് കിട്ടും. ജനൽ ഷട്ടറുകൾ പൊക്കുന്നതിനു പകരം നീക്കുന്നവയാക്കി. ഉൾഭാഗം വെള്ളം നിറമാക്കിയതിനാൽ നല്ല വെളിച്ചമുണ്ട്.

8 ബർത്തുകളുടെ ഓരോ ക്യുബിക്കിളിലും 4 മൊബൈൽ ചാർജർ പോയിന്റുകളുണ്ടാവും. ബർത്തുകൾക്കിടയിലെ സ്റ്റാൻഡ് ഒഴിവാക്കി. എൽഇഡി ബൾബുകളാണ് ഉപയോഗിക്കുന്നത്. എല്ലാ കോച്ചുകളിലും 2 അഗ്നിശമന ഉപകരണങ്ങളും ഉണ്ട്. വാഷ്ബേസിനുകൾക്കു കീഴിൽ വേസ്റ്റ് ബിന്നും ഉണ്ട്. ശുചിമുറിയിൽ ഫാസറ്റും ദ്രവീകൃത സോപ്പ് ട്രേയും വലിയ കണ്ണാടിയും മറ്റും ഏർപ്പെടുത്തിയെങ്കിലും ശുചിമുറിയുടെ വലുപ്പം കുറച്ചു.

മുകളിൽ ചുവപ്പും താഴെ ചാരനിറവും നൽകിയ കോച്ചുകളുടെ ജനലുകൾക്കും മറ്റും കറുത്ത നിറം നൽകി. എമർജൻസി ജനലുകൾക്കു ചുവപ്പും. കൂടുതൽ റേക്ക് കിട്ടിയ ശേഷമേ എല്ലാ ദിവസവും ആധുനിക റേക്കിൽ സർവീസ് നടത്തൂ. പുതിയ റേക്കിൽ രണ്ടാം ക്ലാസ് റിസർവേഷൻ കോച്ചുകളുടെ എണ്ണം 12ൽ നിന്നു 10 ആക്കി. അതേ സമയം രണ്ടാം ക്ലാസ് ത്രിടയർ എസി കോച്ചുകളുടെ എണ്ണം ആറാക്കി കൂട്ടി. തിരുവനന്തപുരം ഡിവിഷനിൽ ചെന്നൈ മെയിലിന് ആറു മാസം മുൻപു പുതിയ റേക്ക് ഏർപ്പെടുത്തിയിരുന്നു.