Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷാജിക്ക് അയോഗ്യത; രണ്ടാഴ്ച സ്റ്റേ സുപ്രീംകോടതിയിൽ അപ്പീൽ നൽകാനുള്ള സമയം

km-shaji-court

കൊച്ചി∙ അഴീക്കോട് മണ്ഡലത്തിൽ നിന്നു മുസ്‌ലിം ലീഗ് എംഎൽഎ കെ.എം. ഷാജിയുടെ തിരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി റദ്ദാക്കി. മതത്തിന്റെ പേരിൽ വോട്ടിന് ആഹ്വാനം ചെയ്യുന്നതും വ്യക്തിഹത്യ നടത്തുന്നതുമായ ലഘുലേഖകൾ പ്രചരിപ്പിച്ചതിനാണു നടപടി. ഇതേസമയം, വിധി നടപ്പാക്കൽ ഇതേ ബെഞ്ച് രണ്ടാഴ്ചത്തേക്കു സ്റ്റേ ചെയ്തു. സുപ്രീംകോടതിയിൽ അപ്പീലിന് അവസരം നൽകാനാണിത്.

എതിർസ്ഥാനാർഥി സിപിഎമ്മിലെ എം.വി.നികേഷ്കുമാറിന്റെ ഹർജിയിലാണു ജസ്റ്റിസ് പി.ഡി. രാജന്റെ വിധി. വിജയിയായി പ്രഖ്യാപിക്കണമെന്ന നികേഷിന്റെ ആവശ്യം കോടതി അനുവദിച്ചില്ല. നികേഷ്കുമാറിനു കെ.എം.ഷാജി 50,000 രൂപ കോടതിച്ചെലവു നൽകണം. ഉച്ചയ്ക്ക് അതേ ബെഞ്ചിൽ ഹർജി നൽകിയാണു ഷാജി സ്റ്റേ നേടിയത്. കോടതിച്ചെലവായ 50,000 രൂപ ഒരാഴ്ചയ്ക്കുള്ളിൽ കെട്ടിവയ്ക്കണം. കൂടുതൽ വ്യവസ്ഥ സംബന്ധിച്ച് അടുത്തയാഴ്ച വാദം നടക്കും.

2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ഏറ്റവും ശ്രദ്ധേയ മൽസരങ്ങളിലൊന്നായിരുന്നു ഷാജി–നികേഷ് പോരാട്ടം. ഇസ്‌ലാം മതവിശ്വാസിയല്ലാത്തവർക്കു വോട്ട് ചെയ്യരുതെന്നു സൂചിപ്പിക്കുന്ന ലഘുലേഖ ഷാജിയുടെ തിരഞ്ഞെടുപ്പു പ്രചാരണത്തിനുപയോഗിച്ചെന്നും സ്വഭാവഹത്യ നടത്തുന്ന ലഘുലേഖകൾ പ്രചരിപ്പിച്ചെന്നും ആരോപിച്ചായിരുന്നു ഹർജി. തെളിവുകൾ മൊത്തത്തിൽ പരിഗണിച്ചാൽ, ഷാജിയുടെയോ ഏജന്റിന്റെയോ അനുമതിയോടെ പ്രവർത്തകർ ലഘുലേഖ വിതരണം ചെയ്തെന്നും മുസ്‌ലിം അല്ലാത്തവർക്കു വോട്ടു ചെയ്യരുതെന്ന് അഭ്യർഥിച്ചെന്നും വ്യക്തമാണെന്നു കോടതി വിലയിരുത്തി.

ജയിച്ച സ്ഥാനാർഥി ക്രമക്കേടിലൂടെ നേടിയ വോട്ടുകൾ തനിക്കു ഭൂരിപക്ഷമാകേണ്ടതാണെന്നു സ്ഥാപിക്കാനാവാത്തതിനാൽ നികേഷിനെ വിജയിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം തള്ളി. പല സ്ഥാനാർഥികൾ മൽസരിക്കുമ്പോൾ ഒരാളുടെ അയോഗ്യത തനിക്കു വിജയമൊരുക്കുമെന്നു ഹർജിക്കാരനു പറയാനാവില്ലെന്നു കോടതി പറഞ്ഞു.

വിധി ശരിവച്ചാൽ 6 വർഷം വിലക്ക്; 6 മാസത്തിനകം ഉപതിരഞ്ഞെടുപ്പ്

ഷാജിക്ക് 6 വർഷത്തേക്കു മൽസര വിലക്കുണ്ടാകുമെന്നു ഹൈക്കോടതി വ്യക്തമാക്കി. സുപ്രീംകോടതി ഉത്തരവ് ഷാജിക്ക് അനുകൂലമായില്ലെങ്കിൽ 6 മാസത്തിനകം ഉപതിരഞ്ഞെടുപ്പ് നടപടികൾ വേണ്ടിവരും.

അയോഗ്യത  2 വകുപ്പുകളിൽ

ജാതി, മതാടിസ്ഥാനത്തിൽ വോട്ടു തേടുകയോ എതിർസ്ഥാനാർഥിക്കു വോട്ടു ചെയ്യരുതെന്ന് അഭ്യർഥിക്കുകയോ ചെയ്യുന്നതു ജനപ്രാതിനിധ്യ നിയമത്തിലെ 123 (3) വകുപ്പനുസരിച്ചു ക്രമക്കേടാണ്. സത്യമല്ലെന്ന് അറിഞ്ഞുകൊണ്ട് വ്യക്തിഹത്യാപരമായ ലഘുലേഖകൾ വോട്ടർമാർക്കിടയിൽ പ്രചരിപ്പിച്ചതു 123 (4) വകുപ്പനുസരിച്ചു ക്രമക്കേടാണ്. ഈ 2 വകുപ്പുകൾ പ്രകാരമാണു ഷാജിക്കെതിരെ നടപടി. അതേസമയം, മതവിശ്വാസത്തിൽ ഇടപെട്ട്, ദൈവകോപമോ ആത്മീയവിലക്കോ ഉണ്ടാകുമെന്ന തരത്തിൽ ഭീഷണി/സമ്മർദ്ദം ചെലുത്തിയാൽ ബാധകമാകുന്ന 123 (2) എ (രണ്ട്) വകുപ്പ് ഇവിടെ ബാധകമല്ലെന്നു കോടതി വ്യക്തമാക്കി.