Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്പീക്കർ രാഷ്ട്രീയം കളിച്ചു, അനാവശ്യ തിടുക്കം കാട്ടി: കെ.എം. ഷാജി

km-shaji കെ.എം. ഷാജി

തിരുവനന്തപുരം∙ തന്നെ സഭയില്‍നിന്നു മാറ്റിനിര്‍ത്തുന്നതില്‍ സ്പീക്കര്‍ രാഷ്ട്രീയം കളിച്ചെന്ന് അഴീക്കോട് എംഎൽഎ കെ.എം. ഷാജി. റജിസ്റ്ററിൽനിന്നും സീറ്റില്‍നിന്നും പേര് വെട്ടുകയും അനാവശ്യതിടുക്കം കാണിക്കുകയും ചെയ്തു. സഭാംഗത്വം റദ്ദാക്കിയ നിയമസഭ സെക്രട്ടറിയുടെ നടപടി മുന്‍വിധിയോടെയാണ്. നിയമസഭാ സെക്രട്ടറിക്കെതിരെ വക്കീല്‍ നോട്ടിസ് അയച്ചിട്ടുണ്ട്. നിയമനടപടികൾ തുടരും. എല്ലാം ഗൂഢാലോചനയുടെ ഭാഗം. സുപ്രീംകോടതി ഉത്തരവിന്‍റെ പകര്‍പ്പു സ്പീക്കര്‍ക്കു നല്‍കില്ല. സഭയില്‍ പ്രവേശിക്കുമെന്നും കെ.എം. ഷാജി മനോരമ ന്യൂസിനോടു പറഞ്ഞു.

കെ.എം. ഷാജിയെ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനും സഭയിലെ റജിസ്റ്ററിൽ ഒപ്പുവയ്ക്കുന്നതിനും അനുവദിച്ചു സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് ചൊവ്വാഴ്ച വന്നിരുന്നു. ഷാജി സഭയിലെ വോട്ടെടുപ്പിൽ പങ്കെടുക്കാനും എംഎൽഎയ്ക്കുള്ള സാമ്പത്തിക ആനുകൂല്യങ്ങൾ വാങ്ങാനും പാടില്ലെന്ന് ജസ്റ്റിസ് എ.കെ. സിക്രി അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. ഷാജിക്ക് ഇന്നു സമ്മേളനത്തിൽ പങ്കെടുക്കാൻ തടസ്സമില്ലെന്നു സ്പീക്കർ പി. ശ്രീരാമകൃഷ്ണനും അറിയിച്ചിട്ടുണ്ട്.

ഇടക്കാല ഉത്തരവിന്റെ പശ്ചാത്തലത്തിൽ, ഷാജി നിയമസഭാംഗമല്ലാതായെന്ന അറിയിപ്പു പിൻവലിച്ചു പുതിയ അറിയിപ്പിറക്കണമെന്നു ഷാജിയുടെ അഭിഭാഷൻ ഹാരീസ് ബീരാൻ, നിയമസഭാ സെക്രട്ടറി വി.കെ. ബാബുപ്രകാശിനു കത്തയച്ചു. കോടതിയുത്തരവിന്റെ പകർപ്പും ലഭ്യമാക്കി. തിരഞ്ഞെടുപ്പു വിജയം റദ്ദാക്കിയും മൽസരിക്കുന്നതിനു 6 വർഷം അയോഗ്യത വിധിച്ചുമുള്ള ഹൈക്കോടതി ഉത്തരവു ചോദ്യം ചെയ്തു ഷാജി നൽകിയ ഹർജി സുപ്രീം കോടതി ജനുവരി അവസാനം വാരം വീണ്ടും പരിഗണിക്കും. കോടതിയുത്തരവിന്റെ ബലത്തിൽ എംഎൽഎയായി തുടരാൻ താൽപര്യമില്ലെന്നും വേഗത്തിൽ ഹർജി തീർപ്പാക്കണമെന്നും ഷാജിയുടെ അഭിഭാഷകൻ കപിൽ സിബൽ ആവശ്യപ്പെട്ടതിനാലാണു ജനുവരിയിൽ പരിഗണിക്കാനുള്ള തീരുമാനം.

related stories