കൊച്ചി ∙ മറ്റൊരു തിരഞ്ഞെടുപ്പു ഹർജിയിലും കെ.എം.ഷാജി എംഎൽഎയെ അയോഗ്യനാക്കി ഹൈക്കോടതിയുടെ ഉത്തരവ്. അഴീക്കോട് മണ്ഡലത്തിലെ സിപിഎം പ്രവർത്തകനായ ബാലന്റെ ഹർജിയിലാണു നടപടി. മുൻ ഉത്തരവിലെ പോലെ ആറു വർഷത്തെ മൽസര വിലക്കുണ്ടാകുമെന്നും ഉത്തരവിലുണ്ട്. സുപ്രീംകോടതിയിൽ അപ്പീലിനു സാവകാശമനുസരിച്ച് അതേ ബെഞ്ച് വിധി നടപ്പാക്കൽ ജനുവരി ഏഴുവരെ സ്റ്റേ ചെയ്തു.
സിപിഎം സ്ഥാനാർഥി എം.വി.നികേഷ് കുമാർ നൽകിയ ഹർജിയിലാണു നേരത്തേ അയോഗ്യനാക്കിയത്. ഇതിനെതിരെ ഷാജി സുപ്രീം കോടതിയിൽ നിന്നു സോപാധിക സ്റ്റേ നേടിയിരുന്നു. ഇതിനിടെ, ആദ്യഹർജിയിൽ വാദത്തിനിടെ വളപട്ടണം മുൻ എസ്ഐ ശ്രീജിത്ത് കോടേരി കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപിച്ച് കെ.എം.ഷാജി നൽകിയ ഹർജി ഇന്നു പരിഗണിച്ചേക്കും. സിപിഎം അംഗമായ കെ. ടി. അബ്ദുൽ നാസർ പൊലീസിനു കൈമാറിയ ലഘുലേഖകൾ യുഡിഎഫ് നേതാവിന്റെ വീട്ടിൽ നിന്നു പിടിച്ചെടുത്തതാണെന്ന തരത്തിൽ എസ്ഐ അവതരിപ്പിച്ചെന്നാണ് ആക്ഷേപം.