Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിരഞ്ഞെടുപ്പു കേസ്: എസ്ഐ നൽകിയത് വ്യാജ തെളിവെന്ന് ഷാജിയുടെ ഹർജി

KM-Shaji-in-Assembly കെ.എം. ഷാജി

കൊച്ചി∙ ഹൈക്കോടതി വിധിപറഞ്ഞ അഴീക്കോട് തിരഞ്ഞെടുപ്പു കേസിൽ നിർണായക തെളിവായ ലഘുലേഖകളെക്കുറിച്ച് അന്നത്തെ വളപട്ടണം എസ്ഐ നൽകിയതു വ്യാജ തെളിവാണെന്നു കാണിച്ച് മുസ്‌ലിം ലീഗിലെ കെ.എം. ഷാജി ഹൈക്കോടതിയിൽ ഹർജി നൽകി. സിപിഎം അംഗമായ കെ.ടി. അബ്ദുൽ നാസർ പൊലീസിനു കൈമാറിയ ലഘുലേഖകൾ യുഡിഎഫ് നേതാവിന്റെ വീട്ടിൽനിന്നു പിടിച്ചെടുത്തതാണെന്ന തരത്തിൽ എസ്ഐ അവതരിപ്പിച്ചെന്നാണ് ആക്ഷേപം.

എസ്ഐ ശ്രീജിത്ത് കോടേരി കോടതിയെ തെറ്റിദ്ധരിപ്പിച്ചതിനെക്കുറിച്ച് അന്വേഷണം നടത്തി പ്രോസിക്യൂട്ട് ചെയ്യണമെന്ന ഹർജി അടുത്ത ചൊവ്വാഴ്ച പരിഗണിച്ചേക്കും. എം.വി. നികേഷ്കുമാർ നൽകിയ തിരഞ്ഞെടുപ്പു ഹർജിയിൽ കെ.എം. ഷാജിയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കിയിരുന്നു. ഇതിനെതിരെയുള്ള അപ്പീൽ സുപ്രീംകോടതിയിലാണ്. വിവാദ ലഘുലേഖകൾ വളപട്ടണം പഞ്ചായത്ത് പ്രസിഡന്റായിരുന്ന യുഡിഎഫിലെ എൻ.പി. മനോരമയുടെ വീട്ടിൽനിന്നു പിടിച്ചെടുത്തവയാണെന്ന് എസ്ഐ ഹൈക്കോടതിയിൽ മൊഴി നൽകിയതു കേസിനെ ബാധിച്ചെന്നു ഹർജിയിൽ പറയുന്നു.

മനോരമയുടെ വീട്ടിലെ പരിശോധനയ്ക്കുശേഷം തയാറാക്കിയ സെർച് ലിസ്റ്റും വിശദാംശങ്ങളും കണ്ണൂർ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയിരുന്നു. അതുപ്രകാരം, മനോരമയുടെ വീട്ടിൽനിന്നു പിടിച്ചെടുത്ത നാലു സെറ്റ് ലഘുലേഖകളിൽ വിവാദമായ മൂന്നു രേഖകൾ ഉൾപ്പെട്ടിട്ടില്ല. ലഘുലേഖകൾ മനോരമയുടെ വീട്ടിൽനിന്നു കിട്ടയതല്ലെന്ന് അറിഞ്ഞുകൊണ്ട് ശ്രീജിത്ത് കോടേരി വ്യാജമൊഴി നൽകിയതു മനഃപൂർവമാണ്. കേസിൽ തന്നെ വിസ്തരിച്ചപ്പോൾ മഹസറിന്റെ വിശദാംശങ്ങൾ അറിയില്ലായിരുന്നുവെന്നും ഹർജിക്കാരൻ ബോധിപ്പിച്ചു.