തിരുവനന്തപുരം ∙ഡിവൈഎസ്പി: ബി.ഹരികുമാർ ജീവനൊടുക്കിയത് ഹൈനസ് ബാർ ജീവനക്കാരനായ ജയന്റെ കൊലപാതകക്കേസിൽ കോടതിയിൽ സാക്ഷി മൊഴി നൽകും മുമ്പ്. രണ്ടാം അഡീഷനൽ സെഷൻസ് കോടതിയിൽ ഈ കേസിലെ 37–ാം സാക്ഷിയായി ഹരികുമാറിനെ ഇന്നലെ വിസ്തരിക്കേണ്ടതായിരുന്നു.
ജയന്റെ കൊലപാതകം നടക്കുന്ന സമയത്തു ഹരികുമാർ ഫോർട്ട് പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ ആയിരുന്നു. ഹൈനസ് ബാർ ജീവനക്കാരനായ ജയനെ കൊലപ്പെടുത്തിയ കേസിൽ റെക്കോർഡുകൾ പരിശോധിച്ച് പ്രതികളുടെ പേരിൽ കുറ്റപത്രം ഹാജരാക്കിയ ഭാഗം തെളിയിക്കുന്നതിനാണ് ഇന്നലെ കോടതിയിൽ ഹരികുമാർ സാക്ഷിയായി എത്തേണ്ടിയിരുന്നത്.
2006 ഒക്ടോബർ 19നായിരുന്നു സംഭവം. വിസ്തരിച്ച സാക്ഷികൾ മുഴുവൻ കൂറുമാറി. അമ്പലംമുക്ക് കൃഷ്‌ണകുമാർ, കച്ചികുമാർ എന്ന പ്രസന്നകുമാർ, ദീപു എന്ന ദീപുദത്ത, രഞ്ജിത്ത്, ബാലു എന്ന കിരൺ ദത്ത, കാട്ടിൽ കുട്ടൻ എന്ന സന്തോഷ് കുമാർ, കറണ്ട് കുട്ടൻ എന്ന ശ്രീകുമാർ, രതീഷ്, കുട്ടൻ എന്ന സന്തോഷ് എന്നിവരാണ് പ്രതികൾ.