തിരുവനന്തപുരം∙ നെയ്യാറ്റിന്‍കര സനല്‍ കൊലക്കേസില്‍ ജയിലില്‍ കിടക്കേണ്ടി വരുമെന്ന് ഉറപ്പായതോടെ ഡിവൈഎസ്പി ബി. ഹരികുമാര്‍ കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്ന് കൂട്ടുപ്രതി ബിനു. ഡിവൈഎസ്പി മരിക്കുകയും കൂട്ടുപ്രതികള്‍ കീഴടങ്ങുകയും ചെയ്തതോടെ കുറ്റപത്രം നല്‍കി കേസ് അവസാനിപ്പിക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം.
താന്‍ അറസ്റ്റ് ചെയ്തവര്‍ക്കൊപ്പം ജയിലില്‍ കിടക്കേണ്ടിവരുന്നതും തെളിവെടുപ്പിനിടെ നാട്ടുകാരുടെ പരിഹാസം സഹിക്കേണ്ടിവരുന്നതുമോര്‍ത്ത് ഡിവൈഎസ്പി ബി. ഹരികുമാര്‍ മാനസിക സംഘര്‍ഷത്തിലായിരുന്നെന്നാണു സുഹൃത്ത് ബിനു പറയുന്നത്. ഈ മാനസിക സംഘര്‍ഷമാകാം ജീവനൊടുക്കാന്‍ കാരണമെന്നും ബിനു ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. അഭിഭാഷകരുടെ നിര്‍ദേശപ്രകാരം കീഴടങ്ങാനുറച്ചാണ് കല്ലമ്പലത്തെ വീട്ടിലെത്തിയതെന്നും ചൊവ്വാഴ്ച ഉച്ചയോടെ കോടതിയില്‍ ഹാജരാകാനിരിക്കെയാണു മരണവിവരം അറിഞ്ഞതെന്നും പറഞ്ഞു.
ഈ മൊഴിയോടെ ഡിവൈഎസ്പിയുടേത് ആത്മഹത്യയെന്ന് ഉറപ്പിക്കുകയാണ് ക്രൈംബ്രാഞ്ചും. സനല്‍ കൊല്ലപ്പെട്ട ശേഷം ഏറ്റവും ആദ്യം മൂവരും മാര്‍ത്താണ്ഡത്തേക്കും അവിടെനിന്ന് മധുര വഴി കര്‍ണാടകയിലെ ധര്‍മസ്ഥലയിലും മൂകാംബികയിലുമെത്തി. ബിനുവും ഡിവൈഎസ്പിയും ചേര്‍ന്ന് ഒരു ലക്ഷം രൂപ കൈവശം കരുതിയിരുന്നു. എന്നാല്‍ തിരിച്ചറിഞ്ഞേക്കാമെന്ന ഭയത്താല്‍ ഒരിടത്തും ലോഡ്ജില്‍ താമസിച്ചില്ലെന്നും ആളൊഴിഞ്ഞ പ്രദേശത്തു നിര്‍ത്തിയിട്ട കാറിലാണു കഴിഞ്ഞു കൂടിയതെന്നും മൊഴി നല്‍കി. കേസ് നിലനില്‍ക്കില്ലെന്ന ആത്മവിശ്വാസത്തിലായിരുന്നു ആദ്യം ഹരികുമാര്‍. എന്നാല്‍ അഭിഭാഷകരുമായി ബന്ധപ്പെട്ടതോടെ കീഴടങ്ങണമെന്ന ഉപദേശമെത്തി. ആദ്യഘട്ടത്തില്‍ ഇത് അംഗീകരിക്കാന്‍ ഡിവൈഎസ്പി തയാറായില്ല.
സുകുമാരക്കുറുപ്പിനെപ്പോലെ ദീര്‍ഘകാലത്തേക്ക് ഒളിവില്‍ പോകാമെന്നു പദ്ധതിയിട്ടു. ഇതു നടക്കില്ലെന്ന് ബിനുവും വ്യക്തമാക്കിയതോടെയാണു തിരികെ മടങ്ങാന്‍ തീരുമാനിച്ചത്. മംഗലപുരത്തു നിന്ന് ചെങ്കോട്ട വഴി കല്ലമ്പലത്തെ വീട്ടിനു പരിസരത്തെത്തി ഡിവൈഎസ്പി പുരയിടം വഴി വീട്ടിലേക്കു കയറിപ്പോയെന്നുമാണ് മൊഴി. ചൊവ്വാഴ്ച രാവിലെയാണു വീട്ടിനു പിന്നിലെ ചായ്പ്പില്‍ തൂങ്ങിമരിച്ച നിലയില്‍ ഹരികുമാറിനെ കണ്ടെത്തിയത്. ഡ്രൈവര്‍ രമേശും ലോഡ്ജ് ഉടമ സതീഷുമല്ലാതെ മറ്റാരും സഹായിച്ചിട്ടില്ലെന്നാണു മൊഴി. അതിനാല്‍ ഇനി പ്രതികളാരുമില്ലെന്ന് ക്രൈംബ്രാഞ്ച് കരുതുന്നു. അതേസമയം സനലിന്റെ മരണത്തില്‍ ആദ്യഘട്ടത്തില്‍ വീഴ്ചവരുത്തിയ നെയ്യാറ്റിന്‍കര എസ്ഐ അടക്കമുള്ളവര്‍ക്കെതിരെ വകുപ്പ് തല നടപടി പരിഗണനയിലുണ്ട്.