തിരുവനന്തപുരം∙ പൊലീസ് ഉദ്യോഗസ്ഥൻ തള്ളിയതിനെ തുടർന്നു വാഹനമിടിച്ചു നെയ്യാറ്റിൻകരയിൽ മരിച്ച സനലിന്റെ ഭാര്യ വിജി സത്യഗ്രഹം ആരംഭിച്ച് 20 ദിവസം പിന്നിട്ടിട്ടും സർക്കാർ ചർച്ചയ്ക്കു തയാറാകാത്തതിനാൽ സത്യഗ്രഹ പന്തലിൽ ദുഃഖമണി അടിച്ചു പ്രതിഷേധം. 20–ാം ദിന സത്യഗ്രഹം വി.ഡി.സതീശൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
സർക്കാർ നടപടി അംഗീകരിക്കാൻ കഴിയില്ലെന്നും വാഗ്ദാനം ചെയ്ത നഷ്‌ടപരിഹാരവും ജോലിയും വിജിക്കു നൽകണമെന്നും വി.ഡി സതീശൻ പറഞ്ഞു. മൂന്നു മന്ത്രിമാർ സനലിന്റെ മരണത്തിനു ശേഷം വിജിയെ സന്ദർശിച്ചിട്ടുണ്ട്. ഇവരുടെ വാക്കുകൾക്കു സർക്കാർ വില കൽപ്പിക്കുന്നില്ലെന്നാണ് ഈ നിലപാടിന്റെ അർഥം. സനലിന്റെ മരണത്തിനു ശേഷം ആർഡിഒ രേഖാമൂലം നൽകിയ ഉറപ്പ് പാലിക്കാൻ സർക്കാരിനു ബാധ്യതയുണ്ടന്നും സതീശൻ പറഞ്ഞു.
വിജിയുടെ കുടുംബത്തിന് എൻഎസ്എസിന്റെ 50,000 രൂപ
കടക്കെണിയിലകപ്പെട്ട വിജിയുടെ കുടുംബത്തിനെ സഹായിക്കാൻ എൻഎസ്എസ് താലൂക്ക് യൂണിയൻ 50,000 രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു. താലൂക്ക് യൂണിയൻ പ്രസിഡന്റ് സംഗീത് കുമാർ സത്യഗ്രഹ പന്തലിലെത്തിയാണു സഹായം പ്രഖ്യാപിച്ചത്. വിജിയെ സാമ്പത്തികമായി സഹായിക്കാൻ കൂടുതൽ പേർ മുന്നോട്ടു വരുമെന്നാണു പ്രതീക്ഷയെന്ന് ആക്‌ഷൻ കൗൺസിൽ പ്രസിഡന്റ് വിഷ്ണുപുരം ചന്ദ്രശേഖരൻ പറഞ്ഞു.