Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിധി നടപ്പാക്കും; നിർദേശം വല്ലതുമുണ്ടോ? മുഖ്യമന്ത്രി

meeting സർവകക്ഷിയോഗം ചേരുന്നു

തിരുവനന്തപുരം∙ ശബരിമല വിധി നടപ്പാക്കുകയല്ലാതെ സർക്കാരിനു മുന്നിൽ മറ്റു മാർഗമില്ലെന്നും മറ്റെന്തെങ്കിലും നിർദേശങ്ങളുണ്ടെങ്കിൽ അതു കേൾക്കുന്നതിനാണു യോഗം വിളിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിന്റെ തുടക്കത്തിലാണ് മുഖ്യമന്ത്രി ഇതു പറഞ്ഞത്. അനുരഞ്ജനത്തിനു വഴിയൊരുങ്ങുന്നെന്ന തോന്നലാണ് ഇതു സൃഷ്ടിച്ചത്. സർക്കാരിനു മുൻവിധിയോ എങ്ങനെയും യുവതികളെ ശബരിമലയിൽ പ്രവേശിപ്പിക്കണമെന്ന വാശിയോ ഇല്ലെന്നു മുഖ്യമന്ത്രി പറഞ്ഞു.

സുപ്രീം കോടതി അനുവദിച്ചതുകൊണ്ട് ധാരാളം സ്ത്രീകൾ ശബരിമലയിൽ എത്തുമെന്നു പ്രതീക്ഷിക്കുന്നില്ല. എന്നാൽ ആരെങ്കിലും എത്തിയാൽ സൗകര്യമൊരുക്കാൻ സർക്കാരിനു ബാധ്യതയുണ്ട്. അതുകൊണ്ടാണ് കോടതി വിധി വന്നപ്പോൾ അതനുസരിച്ചുള്ള നടപടിയെടുത്തത്– മുഖ്യമന്ത്രി പറഞ്ഞു.

യുവതീപ്രവേശ വിഷയത്തിൽ ജനുവരി 22 വരെ തൽസ്ഥിതി തുടരണമെന്നു മന്ത്രി എ.കെ. ബാലൻ പറഞ്ഞതു തങ്ങൾ മാനിക്കുന്നുവെന്നും അതു കണക്കിലെടുത്ത് അന്തിമവിധി വരെ യുവതീപ്രവേശം പാടില്ലെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ശബരിമലയിൽ പൊലീസിന്റെ നിയന്ത്രണം ആർഎസ്എസിനും ബിജെപിക്കും വിട്ടുകൊടുത്തതായും അദ്ദേഹം ആരോപിച്ചു. ബാലന്റെ അഭിപ്രായം ഏതു സാഹചര്യത്തിലാണെന്ന് അറിയില്ലെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം.

കോടതി വിധി വന്നയുടൻ സ്റ്റേ ഉണ്ടെന്ന ധാരണയിൽ ചാനലുകാരോട് പറഞ്ഞതാകാമെന്നും അതി‍ൽ കാര്യമില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. അങ്ങനെ അല്ലെന്നും പിറ്റേന്നും ഇക്കാര്യം ബാലൻ ആവർത്തിച്ചതായും രമേശ് ചൂണ്ടിക്കാട്ടി. വധശിക്ഷ സ്റ്റേ ചെയ്യാത്ത കേസിൽ പുനഃപരിശോധനാ ഹർജി പരിഗണിക്കുന്നതുവരെ ശിക്ഷ നടപ്പാക്കാതിരുന്ന കീഴ്‌വഴക്കമുണ്ടെന്നു പി.എസ്. ശ്രീധരൻപിള്ള ചൂണ്ടിക്കാട്ടി. സർക്കാരിനു വിധി നടപ്പാക്കുകയല്ലാതെ മാർഗമില്ലെന്നും കോൺഗ്രസും ബിജെപിയും ഒരേ തോണിയിൽ തുഴയുകയാണെന്നും കോടിയേരി കുറ്റപ്പെടുത്തി. ഇതേ നിലപാടാണു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും സ്വീകരിച്ചത്.

ശബരിമലയിൽ ബിജെപിയെ സഹായിക്കുന്ന നിലപാടാണു സർക്കാർ ഇതുവരെ സ്വീകരിച്ചതെന്നും ബിജെപി വളർന്നാലും യുഡിഎഫ് തകരണമെന്ന ചിന്തയാണ് സർക്കാരിനുള്ളതെന്നും കെപിസിസി പ്രസി‍ഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു. സമാധാനം വേണമെങ്കിൽ അന്തിമവിധി വരെ കാക്കണം. അതിനു ശേഷം വീണ്ടും യോഗം വിളിച്ചു തീരുമാനം എടുക്കാമെന്നും അദ്ദേഹം നിർദേശിച്ചു. മുഖ്യമന്ത്രി പറഞ്ഞതിനു തങ്ങളുടെ പൂർണ പിന്തുണയുണ്ടെന്ന നിലപാടാണ് എൽഡിഎഫിലെ മറ്റു ഘടകകക്ഷി നേതാക്കൾ സ്വീകരിച്ചത്.

സർക്കാരിനെ പി.സി. ജോർജ് രൂക്ഷമായി വിമർശിച്ചു. ആദ്യം പറഞ്ഞ കാര്യങ്ങൾ തന്നെയാണു മറുപടി പ്രസംഗത്തിൽ മുഖ്യമന്ത്രി ആവർത്തിച്ചത്. സാവകാശ ഹർജിയെക്കുറിച്ചു ചിന്തിക്കാനാവില്ല. വിധി നടപ്പാക്കുന്നത് ജനുവരി 22 വരെ നിർത്തിവയ്ക്കണമെന്ന ആവശ്യം അംഗീകരിക്കാൻ കഴിയില്ല. അങ്ങനെ ചെയ്താൽ സുപ്രീം കോടതിയുടെ മുന്നിൽ സർക്കാർ കുറ്റക്കാരാകും. എല്ലാവരും സഹകരിക്കണം – മുഖ്യമന്ത്രി ഇത്രയും പറഞ്ഞതോടെ എങ്കിൽ പിന്നെ തങ്ങളെ വിളിച്ച് ആക്ഷേപിച്ചത് എന്തിനെന്ന ചോദ്യവുമായി യുഡിഎഫ് ഇറങ്ങിപ്പോയി. പിന്നാലെ ബിജെപി പ്രസിഡന്റും ഇറങ്ങി. അധികം വൈകാതെ യോഗം അവസാനിക്കുകയും ചെയ്തു.

യുവതീപ്രവേശത്തിനു പ്രത്യേക തീയതികൾ നിശ്ചയിക്കാമെന്നു പിന്നീടു പറഞ്ഞ മുഖ്യമന്ത്രി ഇക്കാര്യം സർവകക്ഷി യോഗത്തിൽ സൂചിപ്പിച്ചില്ല.