കൊച്ചി∙ യുവമോർച്ച യോഗത്തിലെ പ്രസംഗത്തിന്റെ പേരിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ളയ്ക്കെതിരെ റജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കുന്നതു സംസ്ഥാനമൊട്ടാകെയുള്ള ക്രമസമാധാനത്തെ ഗുരുതരമായി ബാധിക്കുമെന്നു സർക്കാർ ഹൈക്കോടതിയിൽ ബോധിപ്പിച്ചു. കോഴിക്കോട് കസബ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കാൻ ശ്രീധരൻ പിള്ള നൽകിയ ഹർജിയിലാണു കോഴിക്കോട് നടക്കാവ് എസ്എച്ച്ഒ അഷ്റഫിന്റെ വിശദീകരണം.
പ്രസംഗം മൊത്തത്തിൽ നോക്കിയാൽ കുറ്റകൃത്യങ്ങൾ വ്യക്തമാണെന്നു പൊലീസ് അറിയിച്ചു. രാജ്യം ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റും അഭിഭാഷകനുമായ ശ്രീധരൻപിള്ള നടത്തിയ പ്രസംഗം ശബരിമല ദർശനത്തിനെത്തുന്ന ഭക്തരെ പ്രത്യേകിച്ചു സ്ത്രീകളെ ഭീതിയിലാക്കാൻ പോന്നതാണ്. മണ്ഡലകാലത്ത് ലക്ഷക്കണക്കിനു തീർഥാടകർ ശബരിമലയിലെത്തുന്നതാണ്. അന്വേഷണം പ്രാരംഭഘട്ടത്തിലായതിനാൽ കോടതി ഇടപെടരുതെന്നും പൊലീസ് ആവശ്യപ്പെട്ടു.
പാർട്ടി പ്രവർത്തകരുൾപ്പെടെ പ്രതിഷേധക്കാരെ കുറ്റം ചെയ്യാൻ പ്രേരിപ്പിക്കുന്നതാണു പ്രസംഗം. യുവതികൾ ദർശനത്തിനെത്തിയാൽ നട അടച്ചിടുന്നതു കോടതിയലക്ഷ്യമല്ലെന്ന് തന്ത്രിക്ക് ഫോണിലൂടെ മറുപടി നൽകിയെന്നും യുവതികൾ ശബരിമലയിൽ പ്രവേശിക്കുന്നതിനെതിരെ പോരാടണമെന്നും പ്രസംഗത്തിലുണ്ട്. ഇതിനു ശേഷം ശബരിമലയിലെത്തിയ അൻപത്തിരണ്ടുകാരിക്കും ബന്ധുവിനും നേരെ അക്രമമുണ്ടായി. സുപ്രീം കോടതി വിധി ലംഘിക്കാനാണ് ഹർജിക്കാരൻ ആഹ്വാനം ചെയ്തത്. പൊതുവേദിയിലല്ല പ്രസംഗിച്ചതെന്നു ഹർജിക്കാരൻ പറയുന്നെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ അതു പ്രചരിപ്പിക്കുകയും അച്ചടി, ദൃശ്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തു.
ശബരിമല തന്ത്രി, ദേവസ്വം ബോർഡ് അംഗങ്ങൾ, ആക്രമിക്കപ്പെട്ടവർ, പൊലീസുകാർ തുടങ്ങിയവരുടെ മൊഴിയെടുക്കാനുണ്ട്. ബിജെപിയും ആർഎസ്എസും ഇപ്പോഴും ജനങ്ങളിൽ ഭീതി പരത്തുകയാണ്. ചിത്തിര ആട്ടത്തിരുനാളിനു നട തുറന്നപ്പോഴുണ്ടായ സംഭവങ്ങൾ ശബരിമല സ്പെഷൽ കമ്മിഷണർ റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഹൈക്കോതി സ്വമേധയാ കേസെടുത്തിട്ടുണ്ട്. പരാതി രാഷ്ട്രീയ പ്രേരിതമാണെന്നു പറയുന്നതു ശരിയല്ല. സംഭവം നടന്നതു നടക്കാവ് സ്റ്റേഷൻ പരിധിയിലാണെന്നു കണ്ടതിനാൽ കേസ് രേഖകൾ അവിടേക്കു കൈമാറിയെന്നും അറിയിച്ചു.