മന്ത്രി: സ്വകാര്യ വാഹനങ്ങൾ കടത്തിവിടാത്തതെന്ത്?; എസ്പി: ഉത്തരവാദിത്തം താങ്കൾക്ക് ഏറ്റെടുക്കാമോ?

ശബരിമല ദർശനത്തിനായി നിലയ്ക്കലിലെത്തിയ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനോട് എസ്പി യതീഷ് ചന്ദ്ര വാഗ്വാദത്തിൽ. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ സമീപം. ചിത്രം: മനോരമ

നിലയ്ക്കൽ ∙ പമ്പയിലേക്കു സ്വകാര്യ വാഹനങ്ങൾ കടത്തിവിടാത്തതു സംബന്ധിച്ചു കേന്ദ്ര സഹമന്ത്രി പൊൻ രാധാകൃഷ്ണനും സ്പെഷൽ ഓഫിസർ എസ്പി ജി.എച്ച്. യതീഷ് ചന്ദ്രയും തമ്മിൽ വാഗ്വാദം. ശബരിമല ദർശനത്തിനെത്തിയ മന്ത്രി നിലയ്ക്കൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനടുത്തു വച്ചാണു യാത്രാനിയന്ത്രണം സംബന്ധിച്ച് എസ്പിയോട് ആരാഞ്ഞത്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണനും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

സംഭാഷണത്തിൽ നിന്ന്:

മന്ത്രി: സർക്കാർ ബസുകൾ അനുവദിക്കുന്നുണ്ടല്ലോ. പിന്നെന്താണു സ്വകാര്യ വാഹനങ്ങൾ കടത്തിവിടാതിരിക്കുന്നത്?

എസ്പി: അടുത്തുണ്ടായ പ്രളയം കാരണം പ്രശ്നങ്ങളുണ്ട്.

മന്ത്രി: അതെനിക്കറിയാം.

എസ്പി: സർ, ഞാൻ പറയുന്നതു കേൾക്കൂ. പാർക്കിങ് പ്രദേശത്തു പ്രശ്നങ്ങളുണ്ട്. മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നു. ഭക്തർക്ക് എന്തെങ്കിലും സംഭവിച്ചാൽ വലിയ കുഴപ്പമാകും. അതുകൊണ്ടു മാത്രമാണു നിയന്ത്രണം.

മന്ത്രി: കെഎസ്ആർടിസി പോകുന്നുണ്ടല്ലോ

എസ്പി: അവർ അവിടെ പാർക്ക് ചെയ്യുന്നില്ലല്ലോ. (ചിരിക്കുന്നു)

മന്ത്രി: അതെ. സ്വകാര്യ വാഹനങ്ങളും അങ്ങനെ തന്നെയേ ചെയ്യൂ. അവരും ആളെയിറക്കി തിരികെപ്പോരട്ടെ.

എസ്പി: ഞാൻ അംഗീകരിക്കുന്നു. എല്ലാവരെയും അനുവദിച്ചാൽ ട്രാഫിക് ബ്ലോക്കുണ്ടാകും. അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ താങ്കൾ തയാറാണോ ?

മന്ത്രി: ഞാൻ ഉത്തരവാദിത്തം ഏറ്റെടുക്കുന്നില്ല. പക്ഷേ ...

എസ്പി: യെസ്, .. ഞാൻ അതാണു പറഞ്ഞത്. ആരും ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയാറല്ല (മന്ത്രിക്കു നേരെ അംഗവിക്ഷേപങ്ങളോടെ മറുപടി)

എ.എൻ.രാധാകൃഷ്ണൻ: നിങ്ങൾ ചെയ്യേണ്ട കാര്യം ചെയ്യാതെ മന്ത്രിയോട് ചൂടാകുകയാണോ?

(എ.എൻ.രാധാകൃഷ്ണനു നേരെ തിരിഞ്ഞ് എസ്പി രൂക്ഷമായി നോക്കുന്നു)

എ.എൻ.രാധാകൃഷ്ണൻ: നിങ്ങളെന്താ ആളെ നോക്കിപ്പേടിപ്പിക്കുകയാണോ ?

എസ്പി: (മന്ത്രിക്കു നേരെ തിരിഞ്ഞ്) ട്രാഫിക് ബ്ലോക്കുണ്ടായാൽ പ്രശ്നമാണ്. ഞാൻ ഉന്നത അധികാരികളോടു സംസാരിക്കാം.

മന്ത്രി: ഒരു വാഹനവും അനുവദിക്കുന്നില്ലെങ്കിൽ അതു മറ്റൊരു കാര്യമാണ്. എന്നാൽ കെഎസ്ആർടിസി അനുവദിക്കുകയും സാധാരണക്കാരുടെ വാഹനങ്ങൾ കടത്തി വിടാതിരിക്കുകയും ചെയ്യുന്നതാണു പ്രശ്നം. കെഎസ്ആർടിസി ചെയ്യും പോലെ മറ്റുള്ളവരെ അനുവദിച്ചാൽ എന്താണ് ?

എസ്പി: ട്രാഫിക് ബ്ലോക്ക് ഉണ്ടാകും സർ.

മന്ത്രി: ട്രാഫിക് നിയന്ത്രിക്കാൻ നിങ്ങൾക്കു സംവിധാനമില്ലേ?

എസ്പി: മലമ്പ്രദേശമാണ്. റോഡിനു വീതി കൂട്ടാനാകില്ല. ആരും ഉത്തരവാദിത്തം ഏൽക്കില്ല. എല്ലാം പൊലീസിന്റെ തലയിലാകും.

മന്ത്രി: എന്റെ വാഹനവും നിങ്ങൾ തടയുമോ?

എസ്പി: ഇല്ല. അങ്ങേക്കു കടന്നു പോകാം. വിഐപി വാഹനങ്ങൾ അനുവദിക്കും. സർ മന്ത്രിയല്ലേ. പോകാം. (മന്ത്രിയുടെ കൂടെയുള്ളവരോട് വിശദീകരിക്കുന്നു). വിഐപി വാഹനങ്ങൾക്കു വേറെ പാർക്കിങ് ആണ്. അവർ എണ്ണത്തിൽ കുറവാണ്.

സർ ഓർഡർ തന്നാൽ ഞാൻ എല്ലാവരെയും കടത്തിവിടാം.

മന്ത്രി: എനിക്ക് അതിന് അവകാശമില്ല നിങ്ങളുടെ സർക്കാർ ഇവിടെയുണ്ട്. അവരെ അറിയിക്കൂ.

എസ്പി: സർ, ഞാൻ അവർക്കെഴുതാം. എന്തെങ്കിലും സംഭവിച്ചാൽ വലിയ പ്രശ്നമാകും.

മന്ത്രി: കെഎസ്ആർടിസി ബസുകൾക്കു പ്രശ്നമില്ലെന്നാണോ ?

എസ്പി: ഞാൻ പാർക്കിങ്ങിനെ കുറിച്ചാണ് പറയുന്നത്. സർ നേരിൽ കാണൂ.

പിന്നീട് പൊൻ രാധാകൃഷ്ണൻ നിലയ്ക്കൽ മഹാദേവ ക്ഷേത്രത്തിലെ മണ്ഡപത്തിലുള്ള അയ്യപ്പന്മാരെ കാണാൻ പോയപ്പോൾ എസ്പി അനുഗമിച്ചു. ക്ഷേത്രത്തിൽനിന്നു തിരിച്ചിറങ്ങുമ്പോൾ യതീഷ് ചന്ദ്രയോടു വീണ്ടും വാഹനങ്ങൾ കടത്തിവിടുന്ന കാര്യം സംസാരിച്ചു. താൻ 15 ദിവസത്തെ ഡ്യൂട്ടിക്ക് എത്തിയതാണെന്നും തീരുമാനങ്ങൾ എടുക്കാനാകില്ലെന്നുമായിരുന്നു യതീഷ് ചന്ദ്രയുടെ മറുപടി. എങ്കിൽ ഉന്നതരെ അറിയിക്കുക, അതിൽ തീരുമാനമുണ്ടാകണമെന്നായി മന്ത്രി. അറിയിക്കാമെന്ന് എസ്പിയുടെ ഉറപ്പ്. ഇരുമുടിക്കെട്ടുമെടുത്ത് മന്ത്രിയും സംഘവും ബസിലാണു പമ്പയിലേക്കു പോയത്. 

സംസ്ഥാനത്തെ മന്ത്രിമാരോട് ഇങ്ങനെ പെരുമാറുമോ ?

എസ്പി യതീഷ് ചന്ദ്രയുമായി നിലയ്ക്കലിൽ ഉണ്ടായ തർക്കത്തെക്കുറിച്ചു ചോദിച്ചപ്പോൾ ‘എസ്പിയുടെ പെരുമാറ്റത്തെക്കുറിച്ചു നിങ്ങൾ വിലയിരുത്തൂ’ എന്നായിരുന്നു മന്ത്രി പൊൻ രാധാകൃഷ്ണന്റെ പ്രതികരണം. എസ്‌പി യതീഷ് ചന്ദ്ര തന്നോടു പെരുമാറിയതു പോലെ സംസ്ഥാനത്തെ മന്ത്രിമാരോടു പെരുമാറുമോ എന്നും ചോദിച്ചു.