ചാലക്കയം മുതൽ സന്നിധാനം വരെ നിരീക്ഷണ ക്യാമറ ശൃംഖല; 102 ക്യാമറകൾ, ചെലവ് 2 കോടി

നിലയ്ക്കൽ ∙ ശബരിമലയിൽ നിരീക്ഷണ ക്യാമറകളുടെ ശൃംഖലയുമായി പൊലീസ്. ചാലക്കയം മുതൽ സന്നിധാനം വരെയുള്ള സിസിടിവി ക്യാമറകളിൽ പ്രളയത്തിൽ തകർന്നവ പുനഃസ്ഥാപിച്ചാണു നിരീക്ഷണം. നിലയ്ക്കലിലും ക്യാമറ സ്ഥാപിക്കുന്നതിന്റെ ഒന്നാം ഘട്ട പ്രവർത്തനം ആരംഭിച്ചു. ചാലക്കയം മുതൽ പമ്പ വഴി സന്നിധാനത്തേക്കുള്ള ശരണപാതയിൽ 102 ക്യാമറകളാണു സ്ഥാപിച്ചിരിക്കുന്നത്. ഹൈ ഡെഫനിഷൻ നൈറ്റ് വിഷൻ ക്യാമറ ദൃശ്യങ്ങൾ 60 ദിവസത്തേക്കു സൂക്ഷിക്കാൻ സെർവർ സംവിധാനവുമുണ്ട്. ഇരുട്ടിലും വ്യക്തമായി കാണാൻ സാധിക്കുന്നതു മൃഗങ്ങളുടെ സഞ്ചാരവും നിരീക്ഷിക്കാൻ സഹായകരമാണ്.

വൈപ്പർ സംവിധാനമുള്ള ക്യാമറ മഴയും മഞ്ഞുമുള്ള സമയത്തും വ്യക്തമായ ദൃശ്യങ്ങൾ പകർത്തും. 2 കോടി രൂപയുടെ പദ്ധതിയാണു നടപ്പാക്കുന്നത്. തിരക്കു നിയന്ത്രിക്കുന്നതിനടക്കം സഹായകരമാകും വിധമാണു ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്. പമ്പയിലും ശബരിമലയിലും കൺട്രോൾ റൂമുകളുണ്ട്. കൂടാതെ തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്തേക്കു ലൈവ് സ്ട്രീമിങ്ങും സാധ്യമാണ്. ഒപ്റ്റിക്കൽ ഫൈബർ കണക്ടിവിറ്റിയാണു സിസിടിവി സംവിധാനത്തിന്റെ പ്രത്യേകത.

ഇതേ സംവിധാനമാണു നിലയ്ക്കൽ അടിസ്ഥാന താവളത്തിലും പ്രവർത്തനം ആരംഭിച്ചത്. 75 ലക്ഷം രൂപയുടെ ഒന്നാം ഘട്ട പദ്ധതിയിൽ 14 ക്യാമറകളാണു സ്ഥാപിച്ചിരിക്കുന്നത്. കെൽട്രോൺ വഴി പദ്ധതി നടപ്പാക്കുന്നതു പുണെ ആസ്ഥാനമായ അമേരിക്കൻ കമ്പനിയാണ്. കാണാതാകുന്നവരെ കണ്ടെത്തുന്നതിന് അടക്കം സംവിധാനം സഹായമാകുന്നുണ്ട്.