തിരുവനന്തപുരം∙ സംസ്ഥാനത്തെ മികച്ച സർവകലാശാലയ്ക്കുള്ള 5 കോടി രൂപയുടെ ചാൻസലേഴ്സ് അവാർഡിന് എംജി സർവകലാശാല അർഹമായി. കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റിക്കാണ് ഒരു കോടി രൂപയുടെ എമർജിങ് യങ് യൂണിവേഴ്സിറ്റി അവാർഡ്. ഇതുസംബന്ധിച്ച് സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ.രാജൻ ഗുരുക്കൾ സമർപ്പിച്ച ശുപാർശ ചാൻസലർ കൂടിയായ ഗവർണർ പി. സദാശിവം അംഗീകരിച്ചു. രണ്ടാം തവണയാണ് ഈ രണ്ടു സർവകലാശാലകളും ഈ അവാർഡുകൾ നേടുന്നത്. 2015–16 വർഷം മികച്ച സർവകലാശാലയ്ക്കുള്ള അവാർഡ് എംജിക്ക് ആയിരുന്നു. 2016–17 വർഷമാണ് വെറ്ററിനറി സർവകലാശാല എമർജിങ് യങ് യൂണിവേഴ്സിറ്റി അവാർഡ് നേടിയത്. ഡോ.സി.എൻ.ആർ.റാവു അധ്യക്ഷനായുള്ള ഒൻപതംഗ വിദഗ്ധ സമിതിയെയാണ് അവാർഡ് നിശ്ചയിക്കുന്നതിനു ചുമതലപ്പെടുത്തിയിരുന്നത്.
മികച്ച സർവകലാശാലയ്ക്കുള്ള അവാർഡിനു 10 സർവകലാശാലകളും എമർജിങ് യങ് യൂണിവേഴ്സിറ്റിയാകാൻ മൂന്നു സർവകലാശാലകളും മത്സരിച്ചു. 2017 ജൂലൈ ഒന്നു മുതൽ കഴിഞ്ഞ ജൂൺ 30 വരെയുള്ള പ്രവർത്തനമായിരുന്നു വിലയിരുത്തിയത്. ആരോഗ്യ സർവകലാശാല, സാങ്കേതിക സർവകലാശാല, കേരള കലാമണ്ഡലം കൽപിത സർവകലാശാല എന്നിവ മത്സരിച്ചില്ല.
വീണ്ടും പുരസ്കാര നിറവിൽ എംജി
കോട്ടയം ∙ മികവിന്റെ പുരസ്കാരമായ അഞ്ചു കോടിയുടെ ചാൻസലേഴ്സ് അവാർഡ് തുടർച്ചയായി രണ്ടാം തവണയും എംജി സർവകലാശാലയ്ക്കു സ്വന്തം. പരിമിതികൾക്കിടയിൽ നിന്നുള്ള നേട്ടത്തിനു തിളക്കമേറെയാണ്. ഡോ.ബാബു സെബാസ്റ്റ്യൻ വൈസ് ചാൻസലറായിരുന്ന കാലം മുതലാണ് എംജിയിൽ മാറ്റത്തിന്റെ കാറ്റു വീശുന്നത്. പഠന – പാഠ്യേതര വിഷയങ്ങളിൽ ഒട്ടേറെ പദ്ധതികൾ എംജി വിജയകരമായി നടപ്പാക്കി. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേറ്റന്റുകൾ സ്വന്തമായുള്ള സർവകലാശാലയാണ് എംജി. 18 പേറ്റന്റുകൾക്ക് അംഗീകാരം ലഭിച്ചപ്പോൾ അൻപതോളം പേറ്റന്റുകൾക്കുള്ള അനുമതി അന്തിമ ഘട്ടത്തിലാണ്.
യുജിസിയുടെ നിർദേശപ്രകാരം സർവകലാശാലയിലെ എല്ലാ കോഴ്സുകളും പുനഃക്രമീകരിച്ചു. വിദ്യാർഥികൾ തൊഴിൽ ദാതാക്കളാകുന്ന കാലത്തിലേക്കാണ് എംജി നോക്കുന്നത്. ഇതിനു തുടക്കം കുറിക്കാൻ ആരംഭിച്ച ബിസിനസ് ഇൻകുബേഷൻ സെന്ററിൽ നിലവിൽ അറുപതിലേറെ സ്റ്റാർട്ട് അപ്പുകൾ പ്രവർത്തിക്കുന്നു. 140 അധ്യാപകർ വേണ്ടിടത്തു 91 അധ്യാപകർ മാത്രമാണ് ഇവിടെയുള്ളത്. ഇൗ അധ്യാപകർക്കു വിവിധ മേഖലയിൽനിന്ന് 279 വിദഗ്ധരെത്തി പരിശീലനം നൽകി. വിദേശത്തുനിന്നുള്ള അറുപതു സർവകലാശാലകളിലെ ഗവേഷണ വിദ്യാർഥികളുമായി എംജിയിലെ ഗവേഷണ വിദ്യാർഥികൾക്കു നേരിട്ടു ബന്ധപ്പെടുവാനുള്ള പദ്ധതി അന്തിമ ഘട്ടത്തിലാണ്.
സർവകലാശാലയിലെ 24 അധ്യാപകർക്കും 48 വിദ്യാർഥികൾക്കും രാജ്യാന്തര അംഗീകാരം ലഭിച്ചു. കെമിക്കൽ സയൻസ് വിഭാഗം മേധാവിയും നാനോ സയൻസ് കേന്ദ്രം ഡയറക്ടറും നിലവിലെ വൈസ് ചാൻസലറുമായ ഡോ. സാബു തോമസ് നാനോ സയൻസിലെ പ്രമുഖ ശാസ്ത്രജ്ഞനാണ്. 720ൽ ഏറെ പ്രബന്ധങ്ങൾ ഡോ. സാബു തോമസിന്റേതായുണ്ട്. ജൈവ സാക്ഷരതയ്ക്കായി നടപ്പാക്കിയ ജൈവം പദ്ധതി രാജ്യത്തു മുഴുവനുമുള്ള സർവകലാശാലകൾക്കും മാതൃകയായിരുന്നു. ഇതേ തുടർന്നു പുറത്തിറക്കിയ ചലച്ചിത്രം ‘സമക്ഷം’ ഒരു സർവകലാശാല ആദ്യമായി നിർമ്മിക്കുന്ന സിനിമയെന്ന ഖ്യാതിയും നേടി.
വൈസ് ചാൻസലറുടെയും സിൻഡിക്കേറ്റിന്റെയും നേതൃത്വത്തിൽ പരീക്ഷകളിൽ നടത്തിയ ഓൺലൈൻ ചോദ്യപേപ്പർ അടക്കമുള്ള പരിഷ്‌ക്കാരങ്ങളും ഓൺലൈൻ സേവനങ്ങൾ ഏർപ്പെടുത്തിയതും സർവകലാശാലയ്ക്ക് നേട്ടമായി. ഫീസുകൾ ഓൺലൈനായി ലോകത്തെവിടെനിന്നും അടയ്ക്കാനുള്ള സൗകര്യം വിദ്യാർഥികൾക്ക് ഏർപ്പെടുത്തി. അക്കാദമിക തലങ്ങളിൽ എംജിയിലെ അധ്യാപകരുടെയും വിദ്യാർഥികളുടെയും ഗവേഷണ പ്രബന്ധങ്ങൾ ലോകത്തെ ശാസ്ത്രജ്ഞരും വിദഗ്ധരുമായ അരലക്ഷത്തോളം പേർ ഉന്നത പഠനങ്ങൾക്ക് ഉപയോഗിച്ചു. ഗവേഷണരംഗത്തു കൂടുതൽ ശ്രദ്ധയും പണവുമെത്തിച്ചു. പരീക്ഷാ ഫലങ്ങൾ സമയ ബന്ധിതമായി പ്രഖ്യാപിക്കുന്നതിലും എംജി ഒട്ടേറെ മുന്നോട്ടു പോയി.
∙ 'എല്ലാവരും ഒത്തൊരുമിച്ച് ആത്മാർഥതയോടെ കഠിനാധ്വാനം ചെയ്തതിന്റെ ഫലമാണു തുടർച്ചയായ രണ്ടാം തവണയും ചാൻസലർ പുരസ്കാരം എംജി സർവകലാശാലയ്ക്കു ലഭിക്കാൻ ഇടയാക്കിയത്. അതിൽ വൈസ് ചാൻസലറെന്നോ സിൻഡിക്കേറ്റ് അംഗങ്ങളെന്നോ അധ്യാപകരെന്നോ വിദ്യാർഥികളെന്നോ വേർതിരിവില്ല. മികവേറിയ സർവകലാശാലകളുടെ പട്ടികയയായ നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ് ഫ്രെയിംവർക്കിൽ നിലവിൽ 34–ാം സ്ഥാനത്താണ് എംജി. ഈ റാങ്ക് 20നുള്ളിൽ എത്തിക്കുകയാണ് അടുത്ത ലക്ഷ്യം. ഒപ്പം നാക് എ പ്ലസ്പ്ലസ് പദവിയും ലക്ഷ്യമാണ്. ഇതിലേക്കാണ് അടുത്ത യാത്ര.' - ഡോ.സാബു തോമസ് (വൈസ് ചാൻസലർ)