പത്തനംതിട്ട ∙ സാലറി ചാലഞ്ചിൽ പങ്കെടുത്തവരുടെ വിവരങ്ങൾ ചോദിക്കരുതെന്ന കോടതി ഉത്തരവ് നിലനിൽക്കെ, ചാലഞ്ചിൽ പങ്കെടുത്തവരുടെയും പങ്കെടുക്കാത്തവരുടെയും വിവരങ്ങൾ ആരാഞ്ഞ് കെഎസ്ആർടിസി.
സിംഗിൾ ഡ്യൂട്ടി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടു സ്വന്തം നാട്ടിലേക്കു സ്ഥലം മാറ്റം ലഭിച്ചവരിൽ ചാലഞ്ചിൽ എത്ര പേർ പങ്കെടുത്തു എന്നാണ് കോർപറേഷൻ പരിശോധിക്കുന്നത്. വെള്ളിയാഴ്ച അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ ഇറക്കിയ കുറിപ്പിൽ ആകെ ചോദിച്ചിരിക്കുന്ന വിശദാംശങ്ങൾ ജീവനക്കാരന്റെ പേരും തസ്തികയും ചാലഞ്ചിൽ പങ്കെടുത്തിട്ടുണ്ടോ എന്നതും മാത്രമാണ്.ഇന്നലെ രാവിലെ 11നു മുൻപ് ഇമെയിൽ വഴി വിവരങ്ങൾ നൽകണമെന്നാണ് കുറിപ്പിൽ പറഞ്ഞിരിക്കുന്നത്.
സിംഗിൾ ഡ്യൂട്ടിയുടെ ഭാഗമായി സ്വന്തം നാട്ടിലേക്കു സ്ഥലംമാറ്റം ലഭിച്ചവരിൽ ഇരുനൂറോളം പേരെ കഴിഞ്ഞ മാസം ദൂരസ്ഥലങ്ങളിലേക്കു മാറ്റിയിരുന്നു. പിന്നാലെ ഈ മാസം ആദ്യം കോഴിക്കോട്, കൊട്ടാരക്കര, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്നു വീണ്ടും സ്ഥലംമാറ്റം ഉണ്ടായി. സിംഗിൾ ഡ്യൂട്ടി പരിഷ്കാരം നിലനിൽക്കുമ്പോൾ തന്നെയാണ് ഈ സ്ഥലംമാറ്റങ്ങൾ. ഇതിനെതിരായ പ്രതിഷേധം ജീവനക്കാർക്ക് ഇടയിൽ പടരുന്നതിനിടെയാണ് കോർപറേഷന്റെ പുതിയ നിർദേശം.