തിരുവനന്തപുരം∙ കൊച്ചുവേളിയിലെ സിഗ്നൽ തകരാർ മൂലമുള്ള പ്രശ്നങ്ങൾക്കു പിന്നാലെ ചിറയിൻകീഴിൽ പാളത്തിൽ വിള്ളൽ കൂടിയായതോടെ റെയിൽ ഗതാഗതം രണ്ടാം ദിവസവും താറുമാറായി. തിരുവനന്തപുരം വഴിയുള്ള എല്ലാ ട്രെയിനുകളും ഇന്നലെയും മണിക്കൂറുകളോളം വൈകി. വിള്ളലിനു പുറമേ ഓച്ചിറയിലെ അറ്റകുറ്റപ്പണികളും ട്രെയിനുകൾ വൈകാൻ ഇടയാക്കുന്നതായി റെയിൽവേ അറിയിച്ചു.
ശനിയാഴ്ച രാത്രി തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള സ്റ്റേഷനുകളിൽ ട്രെയിനുകൾ പിടിച്ചിട്ടതു മൂലമുള്ള ദുരിതം പരിഹരിക്കുന്നതിനിടയിലാണ് ഇന്നലെ രാവിലെ കൊച്ചുവേളി, ചിറയിൻകീഴ് സ്റ്റേഷനുകൾക്കിടയിലെ ശാർക്കര റെയിൽവേ ഗേറ്റിനു സമീപം വിള്ളലുണ്ടായത്. ബംഗളൂരു–കൊച്ചുവേളി എക്സ്പ്രസ് കടന്നുപോയ ശേഷം 8.50നാണ് വിള്ളൽ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ട്രെയിനുകൾ കൊച്ചുവേളിയുൾപ്പടെയുള്ള സ്റ്റേഷനുകളിൽ നിർത്തിയിട്ടു. എഞ്ചിനീയറിങ് വിഭാഗമെത്തി വിള്ളൽ പരിഹരിച്ചെങ്കിലും ചിറയിൻകീഴ് ഭാഗത്ത് വേഗനിയന്ത്രണം ഏർപ്പെടുത്തി. കൊച്ചുവേളിയിലെ സിഗ്നൽ തകരാർ മൂലം നാഗർകോവിലിലേയ്ക്കു പോകേണ്ടിയിരുന്ന പരശുറാം എക്സ്പ്രസ് ഇന്നലെ തിരുവനന്തപുരത്ത് യാത്ര അവസാനിപ്പിച്ചിരുന്നു.
ഇന്നലെ രാവിലെ 6.20ന് തിരുവനന്തപുരത്തു നിന്നാണ് പരശുറാം എക്സ്പ്രസ് സർവീസ് ആരംഭിച്ചത്. ഇതു മൂലം ഇന്നലെ പുലർച്ചെ രണ്ടിന് നാഗർകോവിലിൽ നിന്നു പുറപ്പെടേണ്ടിയിരുന്ന ഏറനാട് എക്സ്പ്രസ് 4.15നാണ് യാത്ര ആരംഭിച്ചത്. 6.15ന് തിരുവനന്തപുരത്തു നിന്ന് യാത്ര ആരംഭിക്കാനിരുന്ന രപ്തിസാഗർ എക്സ്പ്രസ് രണ്ടു മണിക്കൂർ വൈകി. കൊച്ചുവേളി–ലോകമാന്യതിലക് ഗരീബ്‍രഥ് എക്സ്പ്രസ് ഒന്നേകാൽ മണിക്കൂറും വൈകി. ഓച്ചിറയിൽ നേരെത്തെ നിശ്ചയിച്ചിരുന്ന അറ്റകുറ്റപ്പണി ഒരു മണിക്കൂറിലേറെ നീണ്ടതും ട്രെയിനുകൾ വൈകാൻ കാരണമായതായി യാത്രക്കാർ പറഞ്ഞു.