തിരുവനന്തപുരം∙ നിയമസഭയിൽ പ്രതിപക്ഷം മര്യാദയുടെയും മാന്യതയുടെയും സകല സീമകളും ലംഘിച്ചുവെന്നു പറഞ്ഞ സ്പീക്കർ ആത്മപരിശോധന നടത്തിയാൽ അങ്ങനെ പറയുമായിരുന്നില്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തങ്ങളാരും സ്പീക്കറുടെ കസേര മറിച്ചിടുകയോ വേദിയിൽ മുണ്ടും മടക്കിക്കുത്തി നിൽക്കുകയോ ചെയ്തിട്ടില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
സ്പീക്കറിൽ നിന്നു പ്രതിപക്ഷം പ്രതീക്ഷിക്കുന്നതു നീതിയാണെന്നും എന്നാൽ അദ്ദേഹത്തിൽ നിന്നു കിട്ടുന്നത് ഏകാധിപത്യ–പക്ഷപാതപരമായ സമീപനമാണെന്നും പ്രതിപക്ഷ നേതാവും സഭയിലെ യുഡിഎഫ് നേതാക്കളും ആരോപിച്ചു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ നോട്ടിസ് പരിഗണിക്കാൻ തയാറാകാതിരുന്നത് ഇതിനു തെളിവാണ്.
സംസ്ഥാനത്തെ ബാധിക്കുന്ന പ്രശ്നങ്ങൾ സഭയിൽ ഉന്നയിക്കുന്നതു പ്രതിപക്ഷത്തിന്റെ അവകാശമാണ്. ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു കഴിഞ്ഞ ദിവസത്തെ അടിയന്തര പ്രമേയ നോട്ടിസ്. ഇന്നലത്തെ നോട്ടിസ് അവിടെ ഭക്തർ അനുഭവിക്കുന്ന പ്രയാസങ്ങളെക്കുറിച്ചായിരുന്നു. രണ്ടും സമാന സ്വഭാവമുള്ള കാര്യങ്ങളാണെന്നു പറഞ്ഞാണു സ്പീക്കർ അവതരണാനുമതി നിഷേധിച്ചത്. ഇത് അവകാശധ്വംസനമാണ്.
യുഡിഎഫ് സർക്കാരിന്റെ കാലത്ത് ബാർ കോഴയുമായും സോളർ ആരോപണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പലവട്ടം അടിയന്തര പ്രമേയ നോട്ടിസിനു വിഷയമായി. അന്നത്തെ സ്പീക്കർ ഇതെല്ലാം അവതരിപ്പിക്കാൻ അനുമതി നൽകുകയും ചെയ്തു. ഇപ്പോഴത്തെ സ്പീക്കർ തികച്ചും വിരുദ്ധമായ സമീപനമാണു സ്വീകരിക്കുന്നതെന്നു നേതാക്കൾ കുറ്റപ്പെടുത്തി.