ഓഖി : വ്യോമസേനയ്ക്ക് സംസ്ഥാനം 5.63 കോടി നൽകും; മുൻപും ആവശ്യപ്പെട്ട തുക നൽകിയിട്ടുണ്ടെന്നു സർക്കാർ

തിരുവനന്തപുരം∙ ഓഖി ചുഴലിക്കാറ്റിനിടെ രക്ഷാപ്രവർത്തനം നടത്തിയതിനു വ്യോമസേനയ്ക്ക് 5.63 കോടി രൂപ അനുവദിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. കടലിൽ നിന്നു മൽസ്യത്തൊഴിലാളികളെ എയർലിഫ്റ്റ് ചെയ്ത് കരയ്ക്കെത്തിച്ചതിന്റെ ചെലവിനത്തിലാണ് ഇത്രയും തുക വ്യോമസേന ആവശ്യപ്പെട്ടത്.

പുറ്റിങ്ങൽ വെടിക്കെട്ട് ഉൾപ്പെടെ മുൻപു‌ണ്ടായ ദുരന്തങ്ങളിൽ രക്ഷാപ്രവർത്തനം നടത്തിയതിന്റെ കുടിശികയായ 2.4 കോടി രൂപയും പ്രളയസമയത്തെ രക്ഷാപ്രവർത്തനത്തിന്റെ ചെലവായ 25.76 കോടി രൂപയ്ക്കൊപ്പം വ്യോമസേന ആവശ്യപ്പെട്ടിട്ടുണ്ട്. നാവികസേനയും തീരരക്ഷാസേനയും ദുരന്തസമയത്തു ഹെലികോപ്റ്ററുകളും കപ്പലുകളും ഉപയോഗിച്ചിരുന്നുവെങ്കിലും അവർ ഇതുവരെ ഇതിനുള്ള തുക ആവശ്യപ്പെട്ടിട്ടില്ലെന്നു സർക്കാർ വൃത്തങ്ങൾ പറഞ്ഞു.

വ്യോമസേന നേരത്തെയും തുക ആവശ്യപ്പെടുകയും സർക്കാർ നൽകുകയും ചെയ്തിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിന്റെ തുക അല്ലാതെ മറ്റു വിശദാംശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും അധികൃതർ പറഞ്ഞു.