തിരുവനന്തപുരം ∙ ‘ഞങ്ങൾക്ക് ആരോടും വിപ്രതിപത്തിയില്ല. നവോത്ഥാന സംരക്ഷണത്തിനായി ചേർന്ന ഈ യോഗത്തിലേക്ക് എൻഎസ്എസ് വരേണ്ടതായിരുന്നു. ഈ വിഷയം ചർച്ച ചെയ്യുമ്പോൾ അവരെ ഒഴിവാക്കാൻ സർക്കാരിനാവില്ല. വരാത്ത സാഹചര്യത്തിൽ ബാക്കി കാര്യങ്ങൾ പിന്നീടു തീരുമാനിക്കും’ – സർക്കാർ വിളിച്ചു ചേർത്ത സാമൂഹിക സാമുദായിക സംഘടനാ നേതാക്കളുടെ യോഗത്തിൽനിന്ന് എൻഎസ്എസ് വിട്ടുനിന്നതിനെപ്പറ്റി മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചതിങ്ങനെ.
യോഗക്ഷേമസഭ, അഖില കേരള ധീവര സഭ, ശൈവ വെള്ളാള സമാജം, കണക്കൻ മഹാസഭ തുടങ്ങിയ സംഘടനകളും എത്തിയില്ല. ആദിവാസി ഗോത്രമഹാസഭ നേതാവ് സി. കെ. ജാനുവിനെ ക്ഷണിച്ചെങ്കിലും വന്നില്ല. യോഗക്ഷേമസഭ തങ്ങളെ ക്ഷണിച്ചില്ലെന്ന പരാതി ഉയർത്തുകയും ചെയ്തു. 190 സംഘടനകളെ ക്ഷണിച്ചതായും 170 പ്രതിനിധികൾ പങ്കെടുത്തതായും മുഖ്യമന്ത്രി പറഞ്ഞു. യോഗത്തിനു റജിസ്റ്റർ ചെയ്തത് എൺപതോളം സംഘടനകൾ ആണ്. വിട്ടുനിന്നവരെപ്പറ്റി ഉത്കണ്ഠയില്ലെന്നും അവർ താമസിയാതെ ഈ മുന്നേറ്റത്തിന്റെ ഭാഗമാകുമെന്നാണു പ്രതീക്ഷയെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു.
എൻഎസ്എസിനെ പരസ്യമായി വിമർശിക്കാത്തതും നവോത്ഥാന പാതയിൽ സംഘടനയുടെ പങ്കിനെ വലുതാക്കി കാണിക്കുന്നതും ഇതേ കാരണത്താൽ തന്നെ. നവോത്ഥാന മൂല്യങ്ങൾ നഷ്ടമാകുന്നതിനെപ്പറ്റി സംഘടനകൾ ഉത്കണ്ഠ രേഖപ്പെടുത്തിയതായി മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാരായ ഇ.പി. ജയരാജൻ, എ.കെ.ബാലൻ, സമുദായ സംഘടനാ നേതാക്കളായ വെള്ളാപ്പള്ളി നടേശൻ, പുന്നലശ്രീകുമാർ, ചീഫ് സെക്രട്ടറി ടോംജോസ്, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജൻ തുടങ്ങിയവർ പങ്കെടുത്തു. സമിതിയുടെ മറ്റു ഭാരവാഹികൾ: സി.കെ.വിദ്യാസാഗർ, ബി. രാഘവൻ (വൈസ്.പ്രസി), സി.ആർ. ദേവദാസ്, സി.പി സുഗതൻ,(ജോ. കൺവീനർ), കെ. സോമപ്രസാദ് (ട്രഷ.)