Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘സവർണ മേൽക്കോയ്മ എല്ലാക്കാലവും ഉണ്ടാകണമെന്നു ശഠിക്കുന്നത് ശരിയല്ല’

vellappally നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ടു തിരുവനന്തപുരത്തു നടത്തിയ സാമൂഹിക സംഘടനാ പ്രതിനിധികളുടെ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും എസ്എൻഡിപി യോഗം ജന. സെക്രട്ടറി വെള്ളാപ്പള്ളി നടേശനും കണ്ടുമുട്ടിയപ്പോൾ. ചിത്രം∙മനോരമ

തിരുവനന്തപുരം ∙ ചങ്ങനാശേരിക്കാരൻ‍, കിരീടമില്ലാത്ത പന്തളം രാജാവ്, തന്ത്രി എന്നിവരാണ് ശബരിമലയിലെ കുഴപ്പങ്ങൾക്കു കാരണമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അവർ ആ വിത്ത് ഇട്ടപ്പോഴാണ് ആളെ കിട്ടുമല്ലോയെന്നു കരുതി മറ്റുള്ളവരും അതിൽ കൊത്തിയത്. ചുവപ്പു കാണുന്നിടത്തെല്ലാം ഓടിനടന്നു കുത്തുന്ന കാളയായി എൻഎസ്എസ് മാറരുതെന്നും വെളളാപ്പള്ളി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച സാമൂഹിക, സാമുദായിക സംഘടനാ നേതാക്കളുടെ യോഗത്തിൽ എൻഎസ്എസ് പങ്കെടുക്കാതിരുന്നതിനെ രൂക്ഷമായി വിമർശിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ എൻഎസ്എസ് പങ്കെടുക്കണമായിരുന്നു. ഞാനെന്ന ഭാവം ഉപേക്ഷിച്ച് ഇവിടെ വന്ന് ചർച്ചകളിൽ പങ്കെടുത്ത് എല്ലാവരുടെയും വികാരവിചാരങ്ങൾ മനസ്സിലാക്കണമായിരുന്നു. പിണറായി വിജയൻ പറഞ്ഞതു കൊണ്ട് ആഞ്ഞുകുത്തണം എന്ന എൻഎസ്എസ് നിലപാടു ശരിയല്ല. ഭരണഘടനാ ബെഞ്ച് വിധിച്ചതു നടപ്പാക്കാൻ ശ്രമിച്ചുവെന്ന തെറ്റു മാത്രമേ പിണറായി ചെയ്തിട്ടുള്ളൂ.

സവർണ മേൽക്കോയ്മ എല്ലാക്കാലവും ഉണ്ടാകണമെന്നു ശഠിക്കുന്നത് ശരിയല്ല. കാലവും കാഴ്ചപ്പാടുകളും മാറിയതു മനസ്സിലാക്കണം. രാജ്യത്തു നവോത്ഥാന പ്രസ്ഥാനങ്ങൾ കെട്ടിപ്പടുത്ത മൂല്യങ്ങൾ നഷ്ടമായിക്കൊണ്ടിരിക്കുന്നു. ഒരു പ്രത്യേക വിഭാഗം, ക്ഷേത്രങ്ങളെയെല്ലാം കയ്യിലെടുത്ത് ആധിപത്യം സ്ഥാപിച്ചിരിക്കുന്നു. ഇപ്പോഴവർ സർവാധിപത്യവും സ്ഥാപിക്കാനുള്ള ശ്രമം നടത്തുകയാണ്. ഇതിനെ എതിർത്തേ പറ്റൂ.

അധഃസ്ഥിത വർഗങ്ങൾക്കു പൂജ നടത്താനുള്ള അവകാശങ്ങൾ ഈ കാലഘട്ടത്തിലും നിഷേധിക്കുന്നു. ശബരിമലയിൽ പൂജാരിയാവാൻ ബ്രാഹ്മണർക്കു മാത്രമേ അവകാശമുള്ളൂ. ബ്രാഹ്മണ ആധിപത്യവും ചാതുർവർണ്യവും സവർണ അജൻഡയും ഇവിടെ സജീവമാണ്. പിന്നാക്കക്കാർ ഇവിടെ 80 % പേരുണ്ട്. അവരുടെ ആശങ്കകൾ അകറ്റി നീതി നൽകണം – വെള്ളാപ്പള്ളി പറഞ്ഞു.