Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിദ്യാർഥിയെ തട്ടിക്കൊണ്ടു പോയ കേസ്: പൊലീസ് സംഘം കർണാടകയിലേക്ക്

പത്തനംതിട്ട ∙ മഞ്ഞനിക്കരയിൽ പ്ലസ്ടു വിദ്യാർഥിയെ വീ‌‌‌‌ടുകയറി ആക്രമിച്ചു തട്ടിക്കൊണ്ടു പോയ സംഭവത്തിൽ ഒളിവിൽ പോയ 2–ാം പ്രതിയെ തേടി പൊലീസ് കർണാടകയിലേക്ക്. ഒന്നാം പ്രതി അവിനാശിന്റെ പിതാവും 2–ാം പ്രതിയുമായ മുരളീധരനാണ് തന്ത്രപരമായി കടന്നുകളഞ്ഞത്. ഇയാൾ കർണാടകയിൽ ഉണ്ടെന്നാണു നിഗമനം. ഇന്നു വൈകുന്നേരത്തോടെ പൊലീസ് സംഘം അവിടേക്കു തിരിക്കുമെന്ന് സർക്കിൾ ഇൻസ്പെക്ടർ ജി. സുനിൽകുമാർ പറഞ്ഞു.

വിദ്യാർഥിയെ തട്ടിക്കൊണ്ടു പോയ മാതൃസഹോദരീ പുത്രൻ അവിനാശ് (24), ക്വട്ടേഷൻ സംഘാംങ്ങളായ പ്രേമദാസ്(31), ഹനീഫ (33), ചന്ദശേഖർ (22) അലക്സ് ജോൺ(35) എന്നിവരെ റിമാൻഡ് ചെയ്തു. പ്ലസ് ടു വിദ്യാർഥിയുടെ മാതാപിതാക്കൾ ഇന്നലെ കർണാടകയിൽ നിന്ന് തിരിച്ചെത്തി. ബിസിനസ് ആവശ്യത്തിനാണ് ഇവർ പോയത്.

ശനിയാഴ്ച രാത്രി ഒൻപതരയോടെയായിരുന്നു വീടാക്രമിച്ച് വിദ്യാർഥിയെ തട്ടിക്കൊണ്ടു പോയത്. 25 ലക്ഷം രൂപ ആവശ്യപ്പെട്ട് മഞ്ഞനിക്കരയിലെ വീട്ടിലെത്തിയ അവിനാശും സംഘവും വിദ്യാർഥിയുടെ മാതാപിതാക്കളെയും സഹോദരനെയും കാണാഞ്ഞതിൽ ക്ഷുഭിതനായി വിദ്യാർഥിയെ മർദിച്ച് കാറിൽ കടത്തിക്കൊണ്ടു പോകുകയായിരുന്നു. പെരുമ്പാവൂരിൽനിന്നാണ് സംഘത്തെ പൊലീസ് പിടികൂടി വിദ്യാർഥിയെ മോചിപ്പിച്ചത്.

related stories