Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘വനിതാ മതിൽ’ സമൂഹത്തെ വർഗീയമായി വിഭജിച്ചു തമ്മിലടിപ്പിക്കാൻ: ചെന്നിത്തല

Ramesh Chennithala

തിരുവനന്തപുരം∙ സമൂഹത്തെ വർഗീയമായി വിഭജിക്കാനും ജാതിയുടെയും മതത്തിന്റെയും പേരിൽ തമ്മിലടിപ്പിക്കാനുമാണു മുഖ്യമന്ത്രി പിണറായി വിജയൻ ജനുവരി ഒന്നിലെ ‘വനിതാ മതിൽ ’പ്രഖ്യാപിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നവോത്ഥാനത്തിന്റെ പേരു പറഞ്ഞു കേരളത്തെ രണ്ടു ചേരികളാക്കി മാറ്റാനുള്ള അപകടകരമായ ഈ നീക്കം പഞ്ചസാരയിൽ പൊതിഞ്ഞ പാഷാണമാണെന്നു തിരിച്ചറിയണം.

വിശ്വാസികളും അവിശ്വാസികളുമായി കേരളത്തെ വിഭജിക്കാൻ നോക്കിയ ശേഷമുള്ള മുഖ്യമന്ത്രിയുടെ അടുത്ത നീക്കമാണിത്. സമുദായ സംഘടനകളെ ഒപ്പം കൂട്ടി ഇങ്ങനെയൊരു സമരം സംഘടിപ്പിക്കുന്നതു കമ്യൂണിസ്റ്റ് ആശയഗതിക്കു നിരക്കുന്നതാണോയെന്നു ബന്ധപ്പെട്ടവർ വ്യക്തമാക്കണം. കേരളത്തിൽ ഇടതു മുഖ്യമന്ത്രിമാരാരും ചെയ്യാത്ത നടപടികളാണു പിണറായി വിജയനിൽ നിന്നുണ്ടാകുന്നത്. നവോത്ഥാനത്തിന്റെ പേരിൽ സർക്കാർ ചെലവിൽ നടത്തുന്ന പാർട്ടി പരിപാടിയാണിത്. ഖജനാവിൽ നിന്ന് ഇതിനായി തുക ചെലവാക്കരുത്.

സിപിഎമ്മും ഡിവൈഎഫ്ഐയും ‘മനുഷ്യമതിൽ’ സംഘടിപ്പിക്കുന്നതു പോലെയല്ല സർക്കാർ ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ യോഗത്തിന് എത്രപേരെ വിളിച്ചുവെന്നും എത്രപേർ പങ്കെടുത്തുവെന്നും വ്യക്തമാക്കുന്ന മിനിട്സ് പുറത്തുവിടണമെന്നു ചെന്നിത്തല ആവശ്യപ്പെട്ടു. 190 സംഘടനകളെ വിളിച്ചിട്ട് 80 പേരാണു വന്നത്. പങ്കെടുത്തവരിൽ തന്നെ ധീവരസഭയും വിഎസ്ഡിപിയും വ്യത്യസ്താഭിപ്രായം പറഞ്ഞതായും അറിവായിട്ടുണ്ട്. ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

അബദ്ധങ്ങളിൽ നിന്ന് അബദ്ധങ്ങളിലേക്കുള്ള ഘോഷയാത്രയാണു ബിജെപിയുടെ ശബരിമല സമരം. സർക്കാർ വിളിച്ച ഒരു യോഗത്തിൽ പങ്കെടുത്തുവെന്നു കരുതി എസ്എൻഡിപിയും കെപിഎംഎസുമെല്ലാം സിപിഎമ്മിനോ സർക്കാരിനോ ഒപ്പമാണെന്നു കരുതുന്നില്ല. നവോത്ഥാന നായകർ കവിതാമോഷണക്കേസിൽപെടുന്ന കാലമാണിതെന്നും ചെന്നിത്തല പരിഹസിച്ചു. 

‘ശബരിമല യാത്രയ്ക്ക് കടകംപള്ളിക്കു പകരം മുഖ്യമന്ത്രി വിളിക്കട്ടെ’

ശബരിമലയിലെ അടിസ്ഥാനസൗകര്യങ്ങളുടെ സ്ഥിതി പരിശോധിക്കാൻ മുഖ്യമന്ത്രി വിളിച്ചാൽ ഒപ്പം പോകാൻ തയാറാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കടകംപള്ളി സുരേന്ദ്രനൊക്കെ വിളിച്ചാൽ കൂടെ പോകുന്നതു പ്രയാസമായിരിക്കും. ഇത്രയൊക്കെ പരാതികളും പ്രശ്നങ്ങളുമുണ്ടായിട്ടും മുഖ്യമന്ത്രി ഇതുവരെ ശബരിമലയിൽ പോകാൻ തയാറായിട്ടില്ലല്ലോ. അതിനു സന്നദ്ധനാണോയെന്നു പറയട്ടെ– ചെന്നിത്തല വ്യക്തമാക്കി.