Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോദിയെയും അമിത് ഷായെയും തുണച്ചത് ബെഹ്റ: ഗുരുതര ആരോപണവുമായി മുല്ലപ്പള്ളി

modi-behra കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, ഡിജിപി ലോക്‌നാഥ് ബെഹ്റ, പ്രധാനമന്ത്രി നരേന്ദ്രമോദി

കോഴിക്കോട് ∙ മുഖ്യമന്ത്രി പിണറായി വിജയനും ‍സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്കുമെതിരെ ഗുരുതര ആരോപണവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശപ്രകാരമാണു ബെഹ്റയെ മുഖ്യമന്ത്രി ഡിജിപിയാക്കിയതെന്നാണ് ആരോപണം. ഗുജറാത്തിൽ 2004ലെ ഇസ്രത്ത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ മോദിയെയും അമിത് ഷായെയും വെള്ളപൂശുന്ന റിപ്പോർട്ടാണ് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഉദ്യോഗസ്ഥനെന്ന നിലയിൽ ബെഹ്റ സമർപ്പിച്ചതെന്നും അതിനുള്ള പ്രത്യുപകാരമാണു ഡിജിപി സ്ഥാനമെന്നും മുല്ലപ്പള്ളി ആരോപിച്ചു. 

വടകരയിൽ യൂത്ത് ലീഗ് യുവജന യാത്രയ്ക്കു നൽകിയ സ്വീകരണത്തിൽ മുല്ലപ്പള്ളി നടത്തിയ പ്രസംഗത്തിൽനിന്ന്: ‘‘മുഖ്യമന്ത്രിയായി പിണറായി വിജയൻ സ്ഥാനമേറ്റയുടൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ പോയ കാര്യം സഖാക്കൾ ഓർക്കുന്നുണ്ടോ ? പ്രധാനമന്ത്രിക്ക് ഉപഹാരമായി നൽകിയത് ആറൻമുള കണ്ണാടിയാണ്. ദീർഘകാലം ജീവിക്കണേയെന്നും വിജയിക്കണേയെന്നും പ്രാർഥിച്ചു കൊണ്ടാണ് ആറൻമുള കണ്ണാടി നൽകുന്നതെന്നു ഹിന്ദുമത വിശ്വാസികൾക്കറിയാം. എത്ര പ്രതീകാത്മകമായിട്ടാണു മുഖ്യമന്ത്രി അക്കാര്യം ചെയ്തത്. അതുകഴിഞ്ഞു കേരള ഹൗസിലെ വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞത് ഇതുപോലൊരു പ്രധാനമന്ത്രിയെ സങ്കൽപിക്കാൻ പോലും കഴിയില്ലെന്നാണ്. ഇതു തന്റെ ഓഫിസല്ല, നിങ്ങളുടെ വീടാണെന്നു പ്രധാനമന്ത്രി അദ്ദേഹത്തോടു പറഞ്ഞത്രേ. അതിനുശേഷം തിരുവനന്തപുരത്തേക്കു മടങ്ങി ആദ്യം ഒപ്പുവച്ചതു ബെഹ്റയെ ഡിജിപിയായി നിയമിച്ചുള്ള ഉത്തരവിലാണ്. എന്തിനായിരുന്നു അത്ര തിടുക്കം ? 

‘‘അഞ്ചു വർഷം ഞാൻ ആഭ്യന്തര സഹമന്ത്രിയായിരുന്നു. ഉത്തരവാദപ്പെട്ട ഒരുപാടു ഫയലുകൾ കാണാൻ കഴിഞ്ഞു. ഗുജറാത്ത് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട ഫയലുകളും കണ്ടു. ഇസ്രത്ത് ജഹാന്റെ കേസ് നടന്നു. മോദിയും അമിത് ഷായും കൂട്ടുപ്രതികളായ ഒരുപാടു കേസുകൾ. ദേശീയ അന്വേഷണ ഏജൻസിയുടെ ഉദ്യോഗസ്ഥരിൽ ഒരാളായിരുന്നു അന്നു ബെഹ്റ. ആ മനുഷ്യൻ മോദിയെയും ഷായെയും വെള്ളപൂശാൻ അന്നു തയാറാക്കിയ റിപ്പോർട്ട് ഞങ്ങൾക്കു വിസ്മയം ഉളവാക്കി. അതിന്റെ പ്രത്യുപകാരമായി മോദി തന്റെ പുതിയ കൂട്ടുകാരൻ പിണറായിയോട് ആ ഫയലിൽ ഒപ്പുവയ്ക്കാൻ പറഞ്ഞപ്പോൾ അക്ഷരം പ്രതി ആ വാക്കുകൾ ശിരസ്സാവഹിച്ചു.’’ 

പിന്നീട് കണ്ണൂരിൽ മാധ്യമപ്രവർത്തകരെ കണ്ടപ്പോഴും മുല്ലപ്പള്ളി ആരോപണം ആവർത്തിച്ചു. 

എൻഐഎയ്ക്ക് ഹെഡ്‌ലി നൽകിയ മൊഴിയിൽ ഇസ്രത് ജഹാൻ കേസും 

മുംബൈ സ്വദേശിനി ഇസ്രത് ജഹാൻ, മലയാളിയായ പ്രാണേഷ് കുമാർ എന്ന ജാവേദ് ഗുലാം ഷെയ്‌ഖ് എന്നിവരടക്കം 4 പേരെ 2004 ജൂൺ 15ന് അഹമ്മദാബാദിൽ ഗുജറാത്ത് പൊലീസ് വെടിവച്ചു കൊല്ലുകയായിരുന്നു. അന്നു ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ ലക്ഷ്യമിട്ടെത്തിയ ചാവേറുകളെന്നു വാദിച്ചായിരുന്നു നടപടി. 

ഇതു വ്യാജ ഏറ്റുമുട്ടലാണെന്ന് ആരോപിച്ച് 2007 മേയിൽ ബന്ധുക്കൾ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. വ്യാജ ഏറ്റുമുട്ടലായിരുന്നുവെന്നു 2009ൽ അഹമ്മദാബാദ് മെട്രോപ്പൊലിറ്റൻ മജിസ്‌ട്രേട്ട് കോടതി വിധിച്ചു. കേസ് പിന്നീട് സിബിഐ അന്വേഷിച്ചു. സംഭവം നടക്കുമ്പോൾ ഗുജറാത്ത് ആഭ്യന്തര സഹമന്ത്രിയായിരുന്ന അമിത് ഷായ്ക്കെതിരെ മതിയായ തെളിവില്ലെന്നായിരുന്നു സിബിഐ റിപ്പോർട്ട്. എന്നാൽ പൊലീസ് ഉദ്യോഗസ്ഥരെ പ്രതി ചേർത്തിരുന്നു. 

എൻഐഎ ഈ കേസ് അന്വേഷിച്ചിരുന്നില്ല. എന്നാൽ പിന്നീട് യുഎസിൽ പിടിയിലായ ലഷ്കറെ തയിബ ഭീകരൻ ഡേവിഡ് ഹെഡ്‌ലിയെ എൻഐഎ ചോദ്യം ചെയ്തപ്പോൾ, ഇസ്രത്ത് ജഹാൻ കേസുമായി ബന്ധപ്പെട്ടും മൊഴി നൽകിയതായി വിവരം പുറത്തുവന്നു. ഹെഡ്‌ലിയെ ചോദ്യം ചെയ്ത നാലംഗ സംഘത്തിന്റെ തലവനായിരുന്നു ബെഹ്റ. 

എന്നാൽ എൻഐഎ തയാറാക്കിയ റിപ്പോർട്ടിൽ ഇസ്രത്ത് ജഹാന്റെ പേര് ഇല്ലായിരുന്നുവെന്നാണ് അന്നത്തെ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജി. കെ. പിള്ള പിന്നീടു പറഞ്ഞത്.

related stories