തിരുവനന്തപുരം ∙ കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാൻ അനുവദിക്കില്ലെന്ന മുദ്രാവാക്യവുമായി ജനുവരി ഒന്നിനു കാസർകോടു മുതൽ തിരുവനന്തപുരം വരെ വനിതാ മതിൽ പടുത്തുയർത്താൻ തീരുമാനം. നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണം ലക്ഷ്യമാക്കിയാണിത്. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത സാമൂഹിക സാമുദായിക സംഘടനാ നേതാക്കളുടെ യോഗത്തിലാണു തീരുമാനമെടുത്തത്. കേരളത്തിലെ ജനാധിപത്യ, മതനിരപേക്ഷ, നവോത്ഥാന പ്രസ്ഥാനങ്ങൾ ഇതുമായി സഹകരിക്കുമെന്നു കരുതുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ചെയർമാനായും കെപിഎംഎസ് നേതാവ് പുന്നല ശ്രീകുമാർ കൺവീനറായും സമിതിക്കു രൂപം നൽകി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ നിന്നു എൻഎസ്എസ് വിട്ടുനിന്നതു ചർച്ചയായി. നവോത്ഥാന പാരമ്പര്യവും അതിന്റെ പിന്തുടർച്ചയുമുള്ള 190 സംഘടനകളെയാണു യോഗത്തിലേക്കു ക്ഷണിച്ചത്. നവോത്ഥാന മൂല്യങ്ങളെ നഷ്ടപ്പെടുത്തി കേരളം ഇരുട്ടിലേക്കു തിരികെ നടക്കാൻ ഉദ്ദേശിക്കുന്നില്ലെന്നു മൂന്നു മണിക്കൂർ നീണ്ട യോഗത്തിനു ശേഷം മുഖ്യമന്ത്രി അറിയിച്ചു.
ശബരിമലയിലെ യുവതീപ്രവേശത്തിൽ ഭരണഘടനാ ബെഞ്ചിന്റെ വിധി നടപ്പാക്കാൻ സർക്കാർ ബാധ്യസ്ഥമാണെന്നും എന്നാൽ സർക്കാർ മുൻകൈയെടുത്തു യുവതികളെ കൊണ്ടുപോകാൻ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. നിലയ്ക്കലിൽ നിന്നു സംരക്ഷണം നൽകുമെന്നാണു സർക്കാർ പറഞ്ഞിട്ടുള്ളതെന്നും വ്യക്തമാക്കി.