ന്യൂഡൽഹി ∙ നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങളുടെ പകർപ്പ് ആവശ്യപ്പെട്ടുള്ള ഹർജി തള്ളിയ ഹൈക്കോടതി നടപടിക്കെതിരെ നടൻ ദിലീപ് സുപ്രീം കോടതിയെ സമീപിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ ഉൾപ്പെട്ട മെമ്മറി കാർഡ് കേസിലെ തൊണ്ടി തന്നെയാണെന്നും തെളിവായി മാത്രം പരിഗണിക്കാവുന്ന രേഖയല്ലെന്നും വിലയിരുത്തിയാണു ദിലീപിന്റെ ഹർജി ഹൈക്കോടതി തള്ളിയത്.
മെമ്മറി കാർഡ് ഉൾപ്പെടെ കേസിലെ തെളിവുകളുടെ പകർപ്പിനു തനിക്ക് അവകാശമുണ്ടെന്നാണ് മുൻ അറ്റോർണി ജനറൽ മുകുൾ റോഹഗ്തിയുടെ ഓഫിസിലെ രഞ്ജിത റോഹത്ഗി മുഖേന സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ ദിലീപിന്റെ നിലപാട്. ക്രിസ്മസ് അവധിക്കായി 15നു സുപ്രീം കോടതി അടയ്ക്കും. അതിനു മുൻപ് ദിലീപിന്റെ ഹർജി പരിഗണിച്ചേക്കും. ഹൈക്കോടതിയിൽ മുകുൾ റോഹത്ഗിയെ ഹാജരാക്കാൻ ദിലീപ് ശ്രമിച്ചിരുന്നു. കഴിഞ്ഞ ജുലൈയിൽ ഡൽഹിയിൽ അദ്ദേഹവുമായി ചർച്ച നടത്തിയെങ്കിലും സാധിച്ചിരുന്നില്ല.