Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐടി നിയമപ്രകാരം ദിലീപിന്റെ ഹർജി പരിശോധിക്കണം: സുപ്രീം കോടതി

Dileep

ന്യൂഡൽഹി ∙ നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങളുടെ പകർപ്പ് ആവശ്യപ്പെട്ട് നടൻ ദിലീപ് നൽകിയ ഹർജി സുപ്രീം കോടതി 11 നു പരിഗണിക്കാൻ മാറ്റി. മെമ്മറി കാർഡ്, കുറ്റപത്രത്തിന്റെ ഭാഗമായുള്ള രേഖയായി (ഡോക്യുമെന്റ്) കണക്കാക്കാനാവുമോയെന്ന് ഇൻഫർമേഷൻ െടക്നോളജി (ഐടി) നിയമത്തിന്റെ അടിസ്ഥാനത്തിൽ പരിശോധിക്കേണ്ടതുണ്ടെന്ന് ജഡ്ജിമാരായ എ.എം. ഖാൻവിൽക്കർ, ഹേമന്ദ് ഗുപ്ത എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. 

ക്രിമിനൽ നടപടി ചട്ടത്തിലെ 207ാം വകുപ്പനുസരിച്ച്, കുറ്റപത്രത്തിനൊപ്പം നൽകുന്ന എല്ലാ രേഖകളുടെയും പകർപ്പിന് കുറ്റാരോപിതന് അവകാശമുണ്ട്. രേഖയായല്ല മെമ്മറി കാർഡിനെ പരിഗണിക്കുന്നതെങ്കിൽ പ്രോസിക്യൂഷനും അതിനെ ആശ്രയിക്കാനാവില്ലെന്ന് കോടതി വാക്കാൽ പറഞ്ഞു. 

മെമ്മറി കാർഡിലെ ഉള്ളടക്കം കുറ്റാരോപിതന്റെ അഭിഭാഷകനെ 2 തവണ കാണിച്ചതാണെന്ന് സർക്കാരിനുവേണ്ടി ഹരേൻ പി.റാവലും സ്റ്റാൻഡിങ് കൗൺസൽ ജി.പ്രകാശും വാദിച്ചു. എന്നാൽ, ദൃശ്യങ്ങൾ അഭിഭാഷകൻ കണ്ടപ്പോൾ മനസ്സിലാക്കിയ കാര്യങ്ങളാണ് അതിന്റെ പകർപ്പ് തങ്ങൾക്കു വേണ്ടതാണെന്ന നിലപാടിനു കാരണമെന്ന് ദിലീപിനുവേണ്ടി മുകുൾ റോഹത്ഗി വാദിച്ചു. 3 മിനിറ്റ് ദൈർഘ്യമുള്ളതും ചലിക്കുന്ന കാറിൽ ചിത്രീകരിച്ചതുമായ ദൃശ്യമെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്. എന്നാൽ, നിർത്തിയിട്ട വാഹനത്തിൽ ചിത്രീകരിച്ചതും പല ക്ലിപ്പുകൾ ഒന്നിച്ചുചേർത്തതുമാണ് ദൃശ്യമെന്നാണ് വ്യക്തമായിട്ടുള്ളതെന്നും റോഹത്ഗി വാദിച്ചു.

കോംപാക്ട് ഡിസ്ക് (സിഡി) തെളിവു നിയമത്തിലെ 3ാം വകുപ്പിൽ പറയുന്ന ഡോക്യുമെന്റിന്റെ ഗണത്തിൽ പെടുമെന്ന് സുപ്രീം കോടതി നേരത്തേ വിധിച്ചിട്ടുണ്ട്. ഐടി നിയമത്തിലെ നിർവചനമനുസരിച്ച് ‘ഡോക്യുമെന്റ്’ എന്നതിൽ എന്തെല്ലാം ഉൾപ്പെടുമെന്നു പരിശോധിച്ചശേഷം മാത്രം ഹർജിയിൽ തുടർനടപടിയെന്നാണ് കോടതിയുടെ നിലപാട്. മെമ്മറി കാർഡിന്റെ പകർപ്പു ലഭിച്ചാൽ മാത്രമേ ദിലീപിന്റെ നിരപരാധിത്വം തെളിയിക്കാനാവൂ എന്ന് റോഹത്ഗി വ്യക്തമാക്കി. 

related stories