Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജാതീയമായി ചേരിതിരിക്കാൻ സർക്കാർ ശ്രമിക്കുന്നു: എൻഎസ്എസ്

g-sukumaran-nair എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ

കോട്ടയം ∙ ശബരിമലയിലെ പ്രശ്നങ്ങളുടെ പേരിൽ വിശ്വാസികളെ ജാതീയമായി ചേരിതിരിക്കാനുള്ള ശ്രമമാണു സർക്കാർ നടത്തുന്നതെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ ആരോപിച്ചു. സുപ്രീം കോടതി വിധി നടപ്പാക്കാൻ കഴിയാത്തതിനു കാരണം സവർണരുടെ ആധിപത്യം ആണെന്നു വരുത്തിത്തീർക്കാനുള്ള ശ്രമത്തിലാണു സർക്കാർ.

സവർണനെന്നും അവർണനെന്നും ചേരിതിരിക്കുന്നത് ജാതീയമായ വിഭാഗീയത സൃഷ്ടിക്കാനേ ഉപകരിക്കൂ. ഇതുവഴി പ്രശ്നത്തിനു പരിഹാരം കാണാനുള്ള പദ്ധതി രാഷ്ട്രീയലക്ഷ്യം മുന്നിൽ കണ്ടാണ്. ഒരു ജനാധിപത്യ സർക്കാർ ഒരിക്കലും സ്വീകരിക്കാൻ പാടില്ലാത്ത നടപടിയാണിത്. സർവകക്ഷിയോഗം വിളിച്ച് സർക്കാരിന്റെ തീരുമാനം അടിച്ചേൽപിക്കാൻ ശ്രമിച്ചു പരാജയപ്പെട്ടു. ഒടുവിൽ, നവോത്ഥാനത്തിന്റെ പേരിൽ സംഘടനകളുടെ യോഗം വിളിച്ചുചേർത്തു. ഇതുവഴി ഇനിയും പ്രതിരോധം സൃഷ്ടിക്കുവാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്.

അനാചാരങ്ങളും ദുരാചാരങ്ങളും ഉച്ചനീചത്വങ്ങളുമാണ് നവോത്ഥാന പ്രവർത്തങ്ങളിലൂടെ നമ്മുടെ നാട്ടിൽ പരിഹരിക്കപ്പെട്ടിട്ടുള്ളത്. എന്നാൽ, സ്ത്രീപ്രവേശ വിഷയം ആചാരാനുഷ്ഠാനങ്ങളുടെയും ഈശ്വരവിശ്വാസത്തിന്റെയും പ്രശ്നമാണ്. ഈ വസ്തുത തിരിച്ചറിഞ്ഞ്, ആദ്യം തന്നെ കാര്യങ്ങൾ കോടതിയെ ബോധ്യപ്പെടുത്തി വിശ്വാസം സംരക്ഷിക്കാൻ തയാറാകാത്ത സർക്കാർ, തിരുവിതാംകൂർ ദേവസ്വം ബോർഡിനെ പോലും ബന്ദിയാക്കി.

ചോദിച്ചുവാങ്ങിയ വിധിയിലൂടെ നിരീശ്വരവാദം നടപ്പാക്കാനുള്ള സർക്കാർ പദ്ധതിയുടെ ഭാഗമാണ് നവോത്ഥാനത്തിന്റെ പേരിൽ നടത്തിയ സംഗമമെന്നും സുകുമാരൻ നായർ ആരോപിച്ചു. ഈശ്വരവിശ്വാസികൾക്കിടയിൽ സവർണ - അവർണ ചേരിതിരിവോ ജാതിസ്പർധയോ സൃഷ്ടിച്ച് രാഷ്ട്രീയനേട്ടം ഉണ്ടാക്കാമെന്നു കരുതുന്നുണ്ടെങ്കിൽ നടപ്പില്ലെന്നും സുകുമാരൻ നായർ പറഞ്ഞു.