തൃശൂർ ∙ പൊലീസ് അക്കാദമി ക്യാംപസിൽ പ്രവർത്തിക്കുന്ന കെഎപി 1, ഐആർ ബറ്റാലിയനുകളെ മലപ്പുറം, എറണാകുളം ജില്ലകളിലേക്കു പറിച്ചുനടാൻ 33.31 കോടി രൂപ വേണ്ടിവരുമെന്നു ബാധ്യതാ റിപ്പോർട്ട്. സായുധസേന എഡിജിപിക്കു ബറ്റാലിയനുകൾ സമർപ്പിച്ച ബാധ്യതാ റിപ്പോർട്ടിലാണ് അധികച്ചെലവു സംബന്ധിച്ച വിവരങ്ങൾ. പ്രളയാനന്തര ചെലവുചുരുക്കൽ നടക്കുന്നതിനിടെയാണ് കോടിക്കണക്കിനു രൂപ ബറ്റാലിയൻ മാറ്റത്തിന്റെ പേരിൽ നഷ്ടപ്പെടുത്തുന്നത്.
കെഎപി 1 ബറ്റാലിയനെ തൃപ്പൂണിത്തുറ എആറിലേക്കും ഐആർ ബറ്റാലിയനെ മലപ്പുറം പാണ്ടിക്കാട് ക്യാംപിലേക്കും നവംബർ ഒന്നിനകം മാറ്റണമെന്നായിരുന്നു നിർദേശം. അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ വേണ്ടി മാത്രം 33.31 കോടി രൂപ വേണ്ടിവരുമെന്നാണ് ബറ്റാലിയനുകൾ നൽകിയ റിപ്പോർട്ട്. കെഎപി ഒന്നാം ബറ്റാലിയന്റെ മാറ്റത്തിനു മാത്രം 23.31 കോടി രൂപ വേണ്ടിവരും.
തൃപ്പൂണിത്തുറ എആറിലെ പഴയ കെട്ടിടങ്ങൾ നവീകരിച്ചു താൽക്കാലികമായി പ്രവർത്തിക്കാൻ മാത്രം അടിയന്തിരമായി 15 ലക്ഷം അനുവദിക്കണമെന്നും റിപ്പോർട്ടിലുണ്ട്. ബാരക്ക്, ആയുധപ്പുര, ക്വാർട്ടേഴ്സുകൾ തുടങ്ങിയവ പുതുതായി നിർമിക്കേണ്ടിവരും. പാണ്ടിക്കാട് ക്യാംപിൽ നിലവിലുള്ള സൗകര്യങ്ങൾ അപര്യാപ്തമായതിനാൽ ഐആർ ബറ്റാലിയനുവേണ്ടി പുതിയ നിർമാണ പ്രവർത്തനങ്ങൾക്ക് 8.5 കോടി രൂപ വേണ്ടിവരുമെന്നാണ് റിപ്പോർട്ട്. നിലവിലുള്ള കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണിക്ക് 2 കോടി രൂപയും ചെലവാകും. ക്യാംപ് മാറ്റാനുള്ള ഗതാഗതച്ചെലവു മാത്രം 3 ലക്ഷം രൂപ വരുമെന്നും റിപ്പോർട്ടിലുണ്ട്.