പൊതുപരിപാടിയിൽ നിന്നു ശ്രീചിത്രനെയും ദീപയെയും ഒഴിവാക്കിയതായി പ്രചാരണം: നിഷേധിച്ചു സംഘാടകർ

തൃശൂർ ∙ കവിതാവിവാദവുമായി ബന്ധപ്പെട്ടു, ദീപ നിശാന്തിനെയും എം.ജെ. ശ്രീചിത്രനെയും പൊതു പരിപാടിയിൽ നിന്ന് ഒഴിവാക്കിയതായി ഓൺലൈൻ മാധ്യമങ്ങളിൽ പ്രചാരണം. എന്നാൽ, തങ്ങളാരെയും ഒഴിവാക്കിയിട്ടില്ലെന്ന് സംഘാടക സമിതിയുടെ വിശദീകരണം. നാളെ വിദ്യാർഥി കോർണറിൽ നടക്കാനിരിക്കുന്ന ജനാഭിമാന സംഗമത്തിൽ നിന്നു ശ്രീചിത്രനെയും ദീപയെയും ഒഴിവാക്കിയെന്നാണു വാർത്തകൾ പ്രചരിച്ചത്.

ഇവരെ ഒഴിവാക്കിയെന്ന് രാവിലെ ഓൺലൈൻ മാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചിരുന്നു. എന്നാൽ, അങ്ങനെയൊരു നീക്കം സംഘാടക സമിതിയുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ലെന്ന് കൺവീനർ സി. രാവുണ്ണി വിശദീകരിച്ചു. ഭരണഘടന അവകാശം, ലിംഗനീതി എന്നിവയെ അടിസ്ഥാനമാക്കിയാണ് ജനാഭിമാന സംഗമം നടത്തുന്നത്. അതിൽ പങ്കെടുക്കാനെത്തുന്നവരുടെ മറ്റു പ്രശ്നങ്ങൾ ഇതുമായി കൂട്ടിക്കുഴയ്ക്കേണ്ടതില്ല. കവിതാവിവാദവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കു മുൻപാണ് ഇരുവരെയും പരിപാടിക്ക് ക്ഷണിച്ചത്. അതിനുശേഷം ഇരുവരും തങ്ങളുമായി ബന്ധപ്പെട്ടിട്ടില്ലെന്നും ക്ഷണിച്ച ആരെയും അദ്ദേഹം അറിയിച്ചു. നാളെ രാവിലെ 10 മുതൽ രാത്രി 10.30 വരെയാണ് സംഗമം. സാറാ ജോസഫ് ആണ് സംഘാടക സമിതി ചെയർപേഴ്സൺ.