Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വനിതാ മതിൽ നീക്കത്തിനെതിരെ വിഎസ്

VS Achuthanandan

തിരുവനന്തപുരം∙ജാതി സംഘടനകളെ കൂടെ നിർത്തിയുള്ള വർഗസമരം കമ്മ്യൂണിസ്റ്റ് വിപ്ലവ പദ്ധതിയല്ലെന്നു മുൻമുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വേദിയിലിരിക്കെയാണു വനിതാ മതിലിന്റെ പേരുപറയാതെ അതിനെതിരെ വിഎസ് തിരിഞ്ഞത്. ഇടതുമുന്നണി യോഗത്തിൽ വനിതാമതിൽ സംഘാടനരീതിയിലെ ശങ്ക സിപിഐ ഉയർത്തിയതിനു പിന്നാലെയായിരുന്നു വിഎസിന്റെ വാക്കുകൾ.

കമ്മ്യൂണിസ്റ്റ് നേതാവായ എൻ.സി.ശേഖറിന്റെ പേരിലുള്ള പുരസ്കാരം കോടിയേരിയിൽ നിന്നു വാങ്ങി ബാലരാമപുരത്തു പ്രസംഗിക്കുകയായിരുന്നു വിഎസ്. കമ്മ്യൂണിസ്റ്റ് പാർട്ടിയും കമ്മ്യൂണിസ്റ്റുകാരും എങ്ങനെ പ്രവർത്തിക്കണമെന്നു വിശദീകരിച്ചുകൊണ്ടാണ് ഉപസംഹാരത്തിൽ വിഎസ് നിലപാടു വ്യക്തമാക്കിയത്.

സവർണ മേധാവിത്വത്തിന്റെ കാവിക്കൊടി ഉയർത്താനായി ജാതി സംഘടനകളെ പ്രോത്സാഹിപ്പിക്കുകയും കൂടെ നിർത്തുകയും ചെയ്യുന്ന ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ പദ്ധതി പാർട്ടിക്കു ചെയ്യാനാവില്ല. ഹിന്ദുത്വവാദികളുടെ ആചാരങ്ങളും ആഘോഷങ്ങളും അതേപടി പകർത്തുന്നതല്ല വർഗസമരത്തിന്റെ രീതിശാസ്ത്രം–അച്യുതാനന്ദൻ പറഞ്ഞു.

വനിതാ മതിൽ സംഘാടകസമിതിയിൽ ഹിന്ദു വർഗീയവാദ നിലപാടെടുത്ത സി.പി.സുഗതനെ ഉൾപ്പെടുത്തിയതിലുള്ള വിയോജിപ്പു സിപിഐ പ്രകടിപ്പിച്ചു. നവോത്ഥാന പൈതൃകമുള്ള സംഘടനകളുടെ യോഗം വിളിക്കുന്നതിനു മുമ്പു ഗൃഹപാഠം ചെയ്തിരുന്നെങ്കിൽ ഇതൊഴിവാക്കാമായിരുന്നുവെന്നു സംസ്ഥാന സെക്രട്ടറി കാനം രാജന്ദ്രൻ പറഞ്ഞു. ഇവരൊക്കെ എങ്ങോട്ടു മാറുമെന്നു വല്ല ഉറപ്പും പറയാനാകുമോ? പങ്കെടുത്തവരെക്കുറിച്ചു മനസിലാക്കാതെ തിടുക്കത്തിലുള്ള സമിതി രൂപീകരണം ഒഴിവാക്കാമായിരുന്നു–കാനം പറഞ്ഞു. 

നവോത്ഥാന സംഘടനകളുടെ യോഗത്തിലെ പൊതുവികാരത്തിനൊപ്പം നിലപാടെടുത്തതുകൊണ്ടാണു സുഗതനെ സംഘാടക സമിതിയിലുൾപ്പെടുത്തിയതെന്നു മുഖ്യമന്ത്രി വിശദീകരിച്ചു. പങ്കെടുത്തവർ മുമ്പെടുത്ത നിലപാടുകളെന്തെന്ന് അപ്പോൾ പരിശോധിച്ചിരുന്നില്ല. ഒരു വനിതാസംഗമത്തിനു കെപിഎംഎസ് തീരുമാനിച്ചിട്ടുണ്ടെന്നറിയിച്ചപ്പോൾ എല്ലാവരും ഏറ്റെടുത്തു നടത്തണമെന്ന വികാരമുണ്ടായി. എൽഡിഎഫിന്റെ പൂർണപിന്തുണ വേണമെന്ന മുഖ്യമന്ത്രിയുടെ നിർദേശം യോഗം ഏകകണ്ഠമായി അംഗീകരിച്ചു. എൽഡിഎഫ് യോഗത്തിൽ വിഎസ് ഉണ്ടായിരുന്നില്ല.