ചെറുതോണി ∙ ഇടുക്കി മുരിക്കാശേരിക്കു സമീപം പടമുഖത്ത് വൻ കവർച്ച. പടിഞ്ഞാറയിൽ സണ്ണിയുടെ വീട്ടിൽ നിന്ന് 22 പവനും 10,000 രൂപയും കവർന്നു. കൊല്ലത്ത് ആരോഗ്യവകുപ്പിൽ ജീവനക്കാരനായ സണ്ണി ആഴ്ചയിൽ ഒരിക്കലാണ് വീട്ടിൽ എത്തുക. ഭാര്യ മുരിക്കാശേരി സെന്റ് മേരീസ് യുപി സ്‌കൂൾ അധ്യാപികയായ വിൻസിയും മകളുമാണ് വീട്ടിലുള്ളത്. ചൊവ്വാഴ്ച സ്‌കൂൾ വിട്ടതിനു ശേഷം വിൻസി മകളോടൊപ്പം മുരിക്കാശേരി സെന്റ് മേരീസ് ടൗൺ പളളിയിലെ ധ്യാനത്തിനു ശേഷം 10 മണിയോടെയാണ് വീട്ടിലെത്തിയത്.
വീടിന്റെ വാതിൽ തുറന്നു കിടക്കുന്നതു കണ്ട് അയൽവാസികൾക്കൊപ്പം അകത്തു കയറിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വസ്ത്രങ്ങൾ അലമാരയിൽ നിന്നു വലിച്ചു വാരിയിട്ട നിലയിലായിരുന്നു. മുരിക്കാശേരി പൊലീസ് നടത്തിയ പരിശോധനയിൽ 22 പവൻ സ്വർണവും 10000 രൂപയും നഷ്ടപ്പെട്ടതായി കണ്ടെത്തി. വീടിന്റെ പിൻവാതിൽ തുറന്നാണ് മോഷ്ടാവ് അകത്തു കടന്നത്. രാത്രി 7 നും 10 നും ഇടയിലാവും മോഷണമെന്നു സംശയിക്കുന്നു.ഡോഗ് സ്‌ക്വാഡും, വിരലടയാള വിദഗ്ധരും പരിശോധന നടത്തി. തൊടുപുഴ ഡിവൈഎസ്‌പി കെ.ടി.ജോസിന്റെ നേതൃത്വത്തിലാണ് അന്വേഷണം.