Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

15 വർഷം, 380 മോഷണം, 391 മില്യൻ ഡോളർ; ഒടുവിൽ ‘പിങ്ക് പാന്തറിനെ’ രക്തം ഒറ്റി!

Theft പ്രതീകാത്മക ചിത്രം.

ബെൽഗ്രേഡ്∙ 15 വർഷം, 380 രാജ്യാന്തര കവർച്ചകൾ, മോഷണമുതലിന്റെ മൂല്യം 391 മില്യൻ ഡോളർ... ലോകം ഞെട്ടലോടെ കേട്ടിരുന്ന ‘പിങ്ക് പാന്തർ’ മോഷണസംഘം ഒടുവിൽ പിടിയിൽ‌. തെളിവുകൾ അവശേഷിപ്പിക്കാതെ, 15 വർഷമായി സുരക്ഷിതരായി കഴിഞ്ഞ മോഷണ സംഘത്തെ കുടുക്കിയതാകട്ടെ ഒരു തുള്ളി രക്തവും !

പിങ്ക് പാന്തർ– ലോകത്തെ ഏറ്റവും ശക്തരായ മോഷണ സംഘം. 1999 മുതൽ 2015 വരെ വിവിധ രാജ്യങ്ങളിൽനിന്ന് ജുവലറികളും ആഢംബര വാച്ചുകളും മറ്റു വിലകൂടിയ വസ്തുക്കളും മോഷ്ടിക്കുന്നതു പതിവാക്കിയവർ. ഫ്രാൻസിലെ ജ്വല്ലറി കവർച്ച ചെയ്തവർക്കായി 15 വർഷത്തിലേറെയായി വിവിധ ഏജൻസികൾ അന്വേഷണത്തിലായിരുന്നു. പിങ്ക് പാന്തർ ആണ് മോഷണത്തിന് പിന്നിലെന്നു കഴിഞ്ഞദിവസമാണ് സ്ഥിരീകരിച്ചത്.

2003 സെപ്റ്റംബറിലെ ഒരു പ്രഭാതം. സ്വിസ് അതിർത്തിയിൽനിന്ന് 25 കി.മീ അകലെ കിഴക്കൻ ഫ്രാൻസിലെ ബെൽഫോർട്ടിലെ ജ്വല്ലറി തുറന്നിട്ടേയുള്ളൂ. മുഖംമൂടി ധരിച്ച ഒരു സംഘം കടയിലേക്ക് ഇരച്ചെത്തി. ഒരാൾ കൈത്തോക്ക് കാണിച്ച് എല്ലാവരെയും ഭീഷണിപ്പെടുത്തി. മറ്റുള്ളവർ ചില്ലുകൂടുകൾ തകർത്ത് സ്വർണവും വാച്ചുകളും ശേഖരിച്ചു. ഏതാനും മിനിറ്റുകൾ കൊണ്ട് എല്ലാം കഴിഞ്ഞു. മോഷണമുതലുമായി സംഘം കാണാമറയത്തേക്കു രക്ഷപ്പെട്ടു. പൊലീസ് നാടൊട്ടുക്കും അന്വേഷിച്ചു. കൊള്ളക്കാരെ സഹായിച്ച ചില സെർബിയക്കാർ അറസ്റ്റിലായി. അപ്പോഴും മോഷണസംഘം ഇരുട്ടിൽ തുടർന്നു.

2013 വരെ മോഷ്ടാക്കളെപ്പറ്റി യാതൊരു സൂചനയോ തെളിവോ ലഭിച്ചില്ല. അപ്പോഴാണു ഫൊറൻസിക് അന്വേഷണത്തിൽ തുമ്പ് കിട്ടിയത്. ജ്വല്ലറിയിൽ തകർക്കപ്പെട്ട ചില്ലുകൾ, കപ് ബോർഡ്, പെട്ടികൾ എന്നിവയിൽനിന്ന് കൊള്ളക്കാരുടെ രക്തസാംപിളുകൾ ലഭിച്ചു. ഇതു ഡിഎൻഎ പരിശോധന  നടത്തി. നാലംഗ സെർബിയക്കാരാണു മോഷ്ടാക്കളെന്ന് പൊലീസ് നിഗമനത്തിലെത്തി. ഫ്രാൻസിൽ ഇവരെക്കുറിച്ച് വിവരങ്ങളില്ല. ഇതിൽ രണ്ടുപേരെ ഓസ്ട്രിയ വാണ്ടഡ് പട്ടികയിൽ പെടുത്തിയതായി അറിഞ്ഞു.

വാണ്ടഡ് പട്ടികയിലുള്ള 41 വയസ്സുകാരായ ‘സിക’, ‘ബോക’ എന്നിവരുടെ രക്തസാംപിൾ ജ്വല്ലറി മോഷ്ടാക്കളുടേതിനു സാമ്യമാണെന്നു കണ്ടെത്തി. ഇവരുടെ ഫോൺകോളുകൾ നിരീക്ഷിച്ചു. ‘സാസ’ (37), ‘ലൂക്ക’ (48) എന്നിവരാണു മറ്റു കൂട്ടാളികളെന്നു വ്യക്തമായി. ബെൽഗ്രേഡിൽനിന്ന് 150 കി.മീ അകലെ സെർബിയയിലെ വ്യവസായ നഗരമായ ഉസൈസ് സ്വദേശികളാണു നാലുപേരുമെന്നും പൊലീസ് വൈകാതെ മനസ്സിലാക്കി. നാട്ടിലെ ചില കൂട്ടായ്മകളിൽ ഇവരെ ‘ധീരന്മാർ’ എന്നാണ് വിശേഷിപ്പിച്ചിരുന്നതെന്നു ടൗൺ പ്രോസിക്യൂട്ടർ പറഞ്ഞു.

വിദേശങ്ങളിൽ പലവിധ ചൂഷണങ്ങൾക്ക് ഇരയാകുന്ന സെർബിയക്കാരുടെ മാനം രക്ഷിക്കുന്നവരായാണ് കൊള്ളസംഘം പ്രകീർത്തിക്കപ്പെട്ടത്. ഇവരെ തിരിച്ചറിഞ്ഞാലും കുറ്റവാളികളെ കൈമാറാൻ ഫ്രാൻസും സെർബിയയും തമ്മിൽ കരാറില്ലായിരുന്നു. ഇതിനിടെ, ബെൽഗ്രേഡിൽ 2009ൽ ഫ്രഞ്ച് ഫുട്ബോൾ ആരാധകൻ കൊല്ലപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട കേസിൽ ഇരുരാജ്യങ്ങളിലെയും ജുഡീഷ്യൽ സംവിധാനം കൂടുതൽ സഹകരണത്തിനു തയാറായി. സെർബിയയിലെ പ്രോസിക്യൂട്ടർക്കു മുമ്പാകെ ഹാജരാകണമെന്ന് പ്രതികളെന്ന് സംശയിക്കുന്ന നാലുപേരോടും ഫ്രഞ്ച് കോടതി നിർദേശിച്ചു.

കഴിഞ്ഞ നവംബറിൽ ഇവർ കോടതിയിൽ ഹാജരായി. കുറ്റം നിഷേധിച്ചു. ജ്വല്ലറി മോഷണം നടന്നെന്നു പറയുന്ന സമയത്ത് മറ്റു പല തിരക്കുകളിലായിരുന്നെന്നു മൊഴി നൽകി. ടെക്നോ മ്യൂസിക് പാർട്ടി, സെക്കൻ‌ഡ് ഹാൻഡ് കാർ വാങ്ങാൻ പോയി എന്നെല്ലാമാണ് ഇവർപറഞ്ഞത്. തൽക്കാലത്തേക്ക് ഇവർ രക്ഷപ്പെട്ടു. വിചാരണ കഴിഞ്ഞു ദിവസങ്ങൾക്കകം കാർ അപകടവുമായി ബന്ധപ്പെട്ട് ബോക ജയിലിലായി. 2014ൽ ഹാംബർഗ് ജ്വല്ലറിയിൽനിന്ന് 9.50 ലക്ഷം യൂറോയുടെ വാച്ചുകൾ മോഷ്ടിച്ച കേസിൽ മറ്റുള്ളവരും അറസ്റ്റ് ചെയ്യപ്പെട്ടു. രണ്ടുപേർക്കും അഞ്ചു വർഷം വീതം ജയിൽശിക്ഷ കിട്ടി.

അത്യാഢംബരത്തോടെയാണു നാൽവർ സംഘം ജീവിച്ചിരുന്നത്. ചെലവേറിയ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ച് അവിടത്തെ ബാറുകളിലും റെസ്റ്ററന്റുകളിലും താമസിച്ചു. മയക്കുമരുന്നിനും ലഹരിക്കും സെക്സിനും പണമെറിഞ്ഞു. ചെറുപ്പക്കാരായ ക്രിമിനലുകളെ സഹായിക്കാനും പലിശയ്ക്കു നൽകാനും സ്വത്തുവകകൾ സമ്പാദിക്കാനും മോഷണപ്പണം ഉപയോഗിച്ചു. അഭയകേന്ദ്രമായ സ്വന്തം രാജ്യത്തു മോഷണം നടത്താതെ ‘തടി രക്ഷിക്കാനും’ ശ്രദ്ധിച്ചു. കയ്യിലെ പണം പെട്ടെന്നു തീരുന്നതിനാൽ അടുത്ത മോഷണത്തിന് പദ്ധതിയിടുന്നതാണു പതിവ്.

ബെൽഫോർട്ട് മോഷണക്കേസ് പ്രതികൾ ഇവരാണെന്നു രക്തപരിശോധനയിലൂടെ ഉറപ്പായി. നയതന്ത്ര തടസ്സങ്ങൾ ഒഴിവാക്കാൻ ഫ്രാൻസും സെർബിയയും തീരുമാനിച്ചു. പ്രതികളെ കൈമാറാനാകില്ലെന്ന നിയമതടസ്സം സെപ്റ്റംബർ 19ന് അവസാനിക്കും. ഉടൻ കേസിലെ വിചാരണ തുടങ്ങും. പക്ഷേ, ഇവർ തന്നെയാണു കുറ്റക്കാരെന്നു കോടതിയിൽ തെളിയേണ്ടതുണ്ട്. കുറ്റം തെളിഞ്ഞാൽ 15 വർഷം ജയിലിൽ കിടക്കണം. കോടിക്കണക്കിന് രൂപയുടെ ആസ്തിയുള്ള മോഷ്ടാക്കൾ വമ്പൻ അഭിഭാഷകരെ നിയോഗിച്ച് നിയമവല പൊളിക്കുമെന്നാണ് ആരാധകരായ നാട്ടുകാർ പറയുന്നത്.

related stories